അഹമ്മദാബാദ്
ഒരിക്കൽക്കൂടി ചെന്നൈ സൂപ്പർ കിങ്‌സിന്റെ വീരഗാഥ. ഐപിഎല്ലിൽ മറ്റൊരു കിരീടംകൂടി മഹേന്ദ്രസിങ് ധോണിയുടെ സംഘം സ്വന്തമാക്കി. കൃത്യമായ പദ്ധതികളിലൂടെ, അതിനുപാകമായ കളിക്കാരിലൂടെയായിരുന്നു ചെന്നൈയുടെ ജൈത്രയാത്ര. ഈ സീസണിൽ മറ്റ് ടീമുകളെ വച്ചുനോക്കുമ്പോൾ ചെന്നൈക്ക് വമ്പൻ താരങ്ങൾ കുറവായിരുന്നു. നാൽപ്പത്തൊന്നുകാരനായ ക്യാപ്‌റ്റൻ ധോണി നയിക്കുന്ന ടീമിൽ കൂടുതലും മുപ്പതിനുമുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ, ധോണിയും ടീം മാനേജ്‌മെന്റും കോച്ച് സ്‌റ്റീഫൻ ഫ്ലെമിങ്ങുമെല്ലാം ഒരു കളിക്കാരനിൽ എന്തുകിട്ടുമോ ആ വിഭവം കൃത്യമായി ഊറ്റിയെടുത്തു.
ചെറുപ്പക്കാരുടെ സംഘമായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റേത്. ശുഭ്‌മാൻ ഗിൽ, റഷീദ് ഖാൻ, സായ് സുദർശൻ തുടങ്ങിയ യുവതാരങ്ങളായിരുന്നു ടീമിന്റെ നട്ടെല്ല്. കൂട്ടിന് ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യയും. ബാറ്റർമാരിലും ബൗളർമാരിലും ചെന്നൈയേക്കാൾ വ്യക്തിഗതമികവ് ഗുജറാത്തിനായിരുന്നു. ഗിൽ റൺവേട്ടക്കാരിൽ ഒന്നാമനായപ്പോൾ മുഹമ്മദ് ഷമി വിക്കറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്തി. മഴകാരണം 15 ഓവറിൽ 171 റൺ ലക്ഷ്യം വേണ്ടിയിരിക്കെ കൂട്ടായ ബാറ്റിങ് മികവിലൂടെയാണ് ചെന്നൈ ജയം നേടിയത്. അവസാന രണ്ട് പന്തിൽ 10 റണ്ണടിച്ച് രവീന്ദ്ര ജഡേജ അഹമ്മദാബാദിൽ ചെന്നൈ ടീമിന്റെ രാത്രി അവിസ്‌മരണീയമാക്കി.
ഓരോ സീസണിലും ചെന്നൈക്ക് ഈ കൂട്ടായ്‌മയുണ്ടായിരുന്നു. ഒപ്പം ട്വന്റി 20ക്ക് അനുയോജ്യരല്ലെന്നുകണ്ട് മറ്റ് ടീമുകൾ ഒഴിവാക്കിയ കളിക്കാരെ നിലനിർത്തുകയും അവരിൽ വിശ്വാസമർപ്പിക്കുകയും ചെയ്‌തു. ശാരീരികക്ഷമതയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയ അമ്പാട്ടി റായുഡുവാണ് ആ സീസണിൽ ചെന്നൈക്കായി 16 ഇന്നിങ്‌സിൽ 602 റൺ അടിച്ചുകൂട്ടിയത്. ഐപിഎല്ലിൽനിന്ന് വിരമിച്ച മുപ്പത്തേഴുകാരൻ ഗുജറാത്തിനെതിരായ ഫൈനലിൽ എട്ട് പന്തിൽ 19 റണ്ണടിച്ചാണ് നിർണായക സാന്നിധ്യമായത്. മോഹിത് ശർമയുടെ ഒരോവറിൽ രണ്ട് സിക്‌സറും ഒരു ഫോറും അടിച്ചായിരുന്നു മടക്കം.
2022 ഡിസംബറിലാണ് ധോണിയും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥനും ഫ്ലെമിങ്ങും ചേർന്ന് ഒരു കാര്യം തീരുമാനിക്കുന്നത്. അജിൻക്യ രഹാനെയെ താരലേലത്തിനുമുമ്പായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ആ തീരുമാനം. ധോണിക്ക് രഹാനെയെ ടീമിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അടിസ്ഥാനവിലയായ 50 ലക്ഷത്തിന് രഹാനെ ടീമിലെത്തി. അപ്പോഴും ടീമിന്റെ പദ്ധതികളിൽ രഹാനെ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഫ്ലെമിങ് വെളിപ്പെടുത്തിയത്. ബെൻ സ്‌റ്റോക്‌സിന്റെ പരിക്ക് ഈ വലംകൈയൻ ബാറ്റർക്ക് വഴിതുറന്നു. മുംബൈ ഇന്ത്യൻസിനെതിരെ 27 പന്തിൽ 61 റണ്ണടിച്ചതോടെ ചെന്നൈക്ക് അപ്രതീക്ഷിതമായി ഒരു വെടിക്കെട്ട് ബാറ്ററെ കിട്ടി. ഫൈനലിൽ 13 പന്തിൽ 27 റണ്ണാണ് രഹാനെ നേടിയത്.
ഫൈനലിൽ മിന്നുംജയമൊരുക്കിയ ജഡേജയായിരുന്നു മറ്റൊരു നിർണായക ശക്തി. മികച്ചരീതിയിൽ പന്തെറിഞ്ഞ ജഡേജ ആവശ്യഘട്ടങ്ങളിൽ ബാറ്റിലും തിളങ്ങി. ഫെെനലിൽ 6 പന്തിൽ പുറത്താകാതെ 15 റണ്ണാണ് നേടിയത്. ഓപ്പണർ ഡെവൺ കോൺവെ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, യുവതാരം ശിവം ദുബെ എന്നിവരും ഈ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..