05 June Monday

ഇന്റർ മിലാൻ 
ഒരുങ്ങിത്തന്നെ ; തുടർച്ചയായ രണ്ടാംതവണയും ഇറ്റാലിയൻ കപ്പ്‌ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

image credit inter milan twitter


റോം
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ഫൈനലിന്‌ ഉശിരൻ തയ്യാറെടുപ്പുമായി ഇന്റർ മിലാൻ. ഫിയന്റീനയെ 2–-1ന്‌ വീഴ്‌ത്തി ഇറ്റാലിയൻ കപ്പ്‌ ജേതാക്കളായി. തുടർച്ചയായ രണ്ടാംകിരീടം. ഈ സീസണിൽ സൂപ്പർ കപ്പും നേടിയിട്ടുണ്ട്‌. ജൂൺ 10ന്‌ മാഞ്ചസ്റ്റർ സിറ്റിയുമായാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ. ഫിയന്റിനയ്‌ക്കെതിരെ പിന്നിട്ടുനിന്നശേഷം അർജന്റീന മുന്നേറ്റക്കാരൻ ലൗതാരോ മാർട്ടിനെസിന്റെ ഇരട്ടഗോളിലാണ്‌ ഇന്റർ ജയമുറപ്പിച്ചത്‌. നിക്കോളാസ്‌ ഗൊൺസാലസാണ്‌ ഫിയന്റീനയെ മുന്നിലെത്തിച്ചത്‌. ഫിയന്റീന യൂറോപ കോൺഫറൻസ്‌ ലീഗ്‌ ഫൈനലിൽ കടന്ന ടീമാണ്‌. ജൂൺ ഏഴിന്‌ വെസ്റ്റ്‌ഹാം യുണൈറ്റഡാണ്‌ എതിരാളി.

യൂറോപ്പിലെ രണ്ട്‌ പ്രധാന ലീഗ്‌ ഫൈനലിന്‌ യോഗ്യത നേടിയ ടീമുകൾ തമ്മിലുള്ള പോരാട്ടം ത്രസിപ്പിക്കുന്നതായിരുന്നു. റോമിലെ വിഖ്യാത ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ വാശിയോടെ ഇരുടീമുകളും ഏറ്റുമുട്ടി. വീര്യം കൂടുതൽ ഫിയന്റീനയ്‌ക്കായിരുന്നു. ആക്രമത്തിലും പ്രതിരോധത്തിലും തുടക്കമവർ ആധിപത്യം പുലർത്തി. പന്തടക്കത്തിലും പാസിലുമെല്ലാം മുൻതൂക്കം നേടി. മൂന്നാംമിനിറ്റിൽതന്നെ ഗൊൺസാലസിലൂടെ ലക്ഷ്യംകണ്ട്‌ അവർ ഇന്ററിനെ ഞെട്ടിച്ചു. എന്നാൽ, മാഴ്‌സെലോ ബ്രോസോവിച്ച്‌ ഒരുക്കിയ പന്ത്‌ വലയിലെത്തിച്ച്‌ ലൗതാരോ ഇന്ററിന്‌ സമനില നൽകി. ടീമിനായുള്ള ഈ ഇരുപത്തഞ്ചുകാരന്റെ 100–-ാംഗോളാണിത്‌. ആദ്യപകുതിക്കുമുമ്പേ ലൗതാരോ ഇന്ററിന്റെ വിജയഗോൾ കുറിച്ചു. 

ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ മങ്ങിയ പ്രകടനമായിരുന്നു ഇന്ററിന്റേത്‌. നിലവിൽ മൂന്നാംസ്ഥാനത്തുണ്ടെങ്കിലും ചാമ്പ്യൻമാരായ നാപോളിയുമായി 20 പോയിന്റ്‌ വ്യത്യാസമുണ്ട്‌ സിമിയോണി ഇൻസാഗിയുടെ ടീമിന്‌. എന്നാൽ, ചാമ്പ്യൻസ്‌ ലീഗിലും ഇറ്റലിയിലെ രണ്ട്‌ ആഭ്യന്തര ടൂർണമെന്റിലും കുതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top