25 August Sunday

വിൻഡീസ് പര്യടനം: കോഹ‌്‌ലി നയിക്കും; പാണ്ഡ്യക്ക‌് വിശ്രമം, ധവാൻ തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

മുംബൈ > അനിശ്ചിതത്വങ്ങൾക്കൊടുവിൽ വെസ്റ്റിൻഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ പ്രഖ്യാപിച്ചു. വിരാട്‌ കോഹ്‌ലി നയിക്കുന്ന ടീമിൽ ഹാർദിക്‌ പാണ്ഡ്യക്ക്‌ വിശ്രമം നൽകി.  പ്രതീക്ഷിച്ചപോലെ മുൻ നായകൻ മഹേന്ദ്രസിങ്‌ ധോണി ടീമിൽ ഇല്ല. രണ്ടുമാസം സൈനികസേവനം നടത്തുന്നതിനാൽ വിൻഡീസിനെതിരായ പരമ്പരയിൽ ഉണ്ടാകില്ലെന്ന‌് ധോണി സെലക്‌ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്നു. ലോകകപ്പിനിടെ പരിക്കേറ്റ്‌ പുറത്തുപോയ ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി.

മുംബൈയിൽ സെലക‌്ഷൻ കമ്മിറ്റി തലവൻ എം എസ‌് കെ പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ‌് ടീം പ്രഖ്യാപിച്ചത‌്. പേസർ ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക‌് ഏകദിന, ട്വന്റി–-20 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു. സ്‌പിന്നർ രാഹുൽ ചഹാർ (ട്വന്റി–-20) പേസർ നവ‌്ദീപ്‌ സെയ്‌നി (ട്വന്റി–-20, ഏകദിനം) എന്നിവരാണ്‌ പുതുമുഖങ്ങൾ. മൂന്നുവീതം ട്വന്റി–-20, ഏകദിന മത്സരങ്ങളും രണ്ട്‌ ടെസ്റ്റും അടങ്ങിയതാണ്‌ ആഗസ്‌ത്‌ മൂന്നിന്‌ ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ്‌ പര്യടനം.

ഋഷഭ്‌ പന്താണ്‌ ധോണിക്ക്‌ പകരക്കാരൻ. നിശ്ചിത ഓവർ മത്സരങ്ങളിൽ പന്ത്‌ മാത്രമാണ്‌ അംഗീകൃത വിക്കറ്റ്‌ കീപ്പർ. ലോകകപ്പ്‌ ടീമിലിടം പിടിച്ച ദിനേശ്‌ കാർത്തിക്കിന്‌ അവസരം കിട്ടിയില്ല. വിക്കറ്റ്‌ കീപ്പർ വൃദ്ധിമാൻ സാഹ ടെസ്റ്റ്‌ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരിക്കേറ്റ സാഹ ഒരുവർഷമായി കളത്തിനു പുറത്താണ്‌. പന്താണ്‌ ടെസ്റ്റ്‌ ടീമിലെ രണ്ടാം വിക്കറ്റ്‌ കീപ്പർ.  ശാരീരികക്ഷമത വീണ്ടെടുക്കാത്ത വിജയ്‌ ശങ്കറിനെ പരിഗണിച്ചില്ല. ടെസ്റ്റ്‌ ടീം ഓപ്പണർ മുരളി വിജയിക്ക്‌ സ്ഥാനം നിലനിർത്താനായില്ല. പരിക്കേറ്റ മറ്റൊരു ഓപ്പണർ പൃഥ്വി ഷായും ടീമിലില്ല.

ലോകകപ്പിൽ മങ്ങിയ മധ്യനിരയിൽ മാറ്റം വരുത്തി. കാർത്തിക്‌ പുറത്തുപോയപ്പോൾ ശ്രേയസ്‌ അയ്യരും മനീഷ്‌ പാണ്ഡെയും ഇടംനേടി. ഇന്ത്യൻ എ ടീമിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ‌് ഇരുവർക്കും നേട്ടമായത‌്. എന്നാൽ, ഇംഗ്ലണ്ടിൽ മങ്ങിയ കേദാർ ജാദവ‌് അന്തിമ ടീമിൽ സ്ഥാനംപിടിച്ചു. 

ലോകകപ്പ്‌ ടീമിൽ ശങ്കറിന്‌ പകരമെത്തിയ മായങ്ക്‌ അഗർവാളും ഏകദിന ടീമിൽ ഇല്ല. ടെസ്റ്റ്‌ ടീമിൽ കർണാടകക്കാരൻ സ്ഥാനം നിലനിർത്തി.  പ്രതീക്ഷിക്കപ്പെട്ടിരുന്ന ശുഭ‌്മാൻ ഗില്ലിന‌് അവസരം കിട്ടിയില്ല.

ട്വന്റി 20
വിരാട്‌ കോഹ്‌ലി (ക്യാപ‌്റ്റൻ), രോഹിത്‌ ശർമ (വൈസ‌് ക്യാപ‌്റ്റൻ), ശിഖർ ധവാൻ, ലോകേഷ്‌ രാഹുൽ, ശ്രേയസ്‌ അയ്യർ, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌ (വിക്കറ്റ‌് കീപ്പർ), ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, രാഹുൽ ചഹാർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്‌, ദീപക്‌ ചഹാർ, നവ്‌ദീപ്‌ സെയ്‌നി.

ഏകദിനം
വിരാട്‌ കോഹ്‌ലി (ക്യാപ‌്റ്റൻ), രോഹിത്‌ ശർമ (വൈസ‌് ക്യാപ‌്റ്റൻ), ശിഖർ ധവാൻ, ലോകേഷ്‌ രാഹുൽ, ശ്രേയസ്‌ അയ്യർ, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌ (വിക്കറ്റ‌് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, യുശ്‌വേന്ദ്ര ചഹാൽ, കേദാർ ജാദവ്‌, മുഹമ്മദ്‌ ഷമി,  ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്‌, നവ്‌ദീപ്‌ സെയ്‌നി.

ടെസ്റ്റ്‌
വിരാട്‌ കോഹ്‌ലി, അജിൻക്യ രഹാനെ (വൈസ‌് ക്യാപ‌്റ്റൻ), മായങ്ക്‌ അഗർവാൾ, ലോകേഷ്‌ രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രോഹിത്‌ ശർമ,  ഋഷഭ്‌ പന്ത്‌ (വിക്കറ്റ‌് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ‌് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, ഇശാന്ത്‌ ശർമ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുമ്ര, ഉമേഷ്‌ യാദവ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top