26 March Tuesday
കാ-യി-കമന്ത്രി- ഇടപെട്ടു,- ഇന്ത്യ‐വെസ്‌റ്റ്‌ ഇൻഡീസ്‌ ഏകദിനം

കളി ഗ്രീൻഫീൽഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018


തിരുവനന്തപുരം > ഇന്ത്യ‐വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ മന്ത്രി എ സി മൊയ്തീൻ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിലെ ഓഫീസിൽ കെസിഎ ഭാരവാഹികളെ വിളിച്ചുവരുത്തിയാണ് മന്ത്രി സർക്കാരിന്റെ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

നവംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന വെസ്റ്റ് ഇൻഡീസ് ടീമുമായുള്ള അഞ്ചാമത്തെ ഏകദിനത്തിനാണ് ഗ്രീൻഫീൽഡ് വേദിയാകുന്നത്. കഴിഞ്ഞ നവംബറിൽ നടന്ന ഇന്ത്യ‐ന്യൂസിലൻഡ് ട്വന്റി‐20 മത്സരമാണ് ഗ്രീൻഫീൽഡിൽ ആദ്യമായി നടന്ന അന്താരാഷ്ട്രമത്സരം. അതിനുശേഷം പ്രഖ്യാപിച്ച ഇന്ത്യ‐വെസ്റ്റ് ഇൻഡീസ് മത്സരം കൊച്ചിയിലേക്കു മാറ്റാനായിരുന്നു കെസിഎനീക്കം.

എന്നാൽ ഇതിനുവേണ്ടി ഫിഫ അണ്ടർ‐17 ലോകകപ്പിനുവേണ്ടി സജ്ജീകരിച്ച കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മൈതാനം കുത്തിപ്പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ ഉടമകൂടിയായ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ ഫുട്ബോൾ മതിയെന്നു പ്രഖ്യാപിച്ച് രംഗത്തുവന്നതോടെയാണ് കെസിഎ സമ്മർദത്തിലായത്. സംസ്ഥാന സർക്കാരും മന്ത്രിമാരും കായികലോകത്തിന്റെ ആവശ്യത്തോടൊപ്പമായിരുന്നു.
തുടർന്നാണ് പ്രശ്നപരിഹാരത്തിനുവേണ്ടി കായികമന്ത്രി കെസിഎ ഭാരവാഹികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തു നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.   ഫിഫ അംഗീകാരമുള്ള കൊച്ചിയിലെ സ്റ്റേഡിയം സംരക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം സ്ഥിരമായി ഫുട്ബോൾമത്സരത്തിന് മാത്രം കൊച്ചി സ്റ്റേഡിയം വേദിയാക്കണമെന്ന അഭിപ്രായം സർക്കാരിനില്ലെന്നും മന്ത്രി അറിയിച്ചു. വരുംകാല ക്രിക്കറ്റ് മത്സരങ്ങൾക്ക് കൊച്ചിയിലെ സ്റ്റേഡിയത്തെ സജ്ജമാക്കുന്നതിനോടൊപ്പം ക്രിക്കറ്റിനുമാത്രം കൊച്ചിയിൽ ഒരു സ്റ്റേഡിയം എന്ന ആവശ്യം പരിശോധിക്കാമെന്നും മന്ത്രി കെസിഎ ഭാരവാഹികളെ അറിയിച്ചു.

മന്ത്രിയുടെ നിർദേശം സംബന്ധിച്ച് മറ്റ് കെസിഎ ഭാരവാഹികളുമായി ചർച്ചനടത്തിയതായി കെസിഎ പ്രസിഡന്റ് റോങ്ക്ളിൻ ജോൺ മാധ്യമങ്ങളോടു പറഞ്ഞു. ശനിയാഴ്ച കോട്ടയം കുമരകത്ത് നടക്കുന്ന കെസിഎ വാർഷിക ജനറൽബോഡി യോഗത്തിൽ ചർച്ചചെയ്തശേഷം വേദി സംബന്ധിച്ച അന്തിമ തീരുമാനം ബിസിസിഐയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെസിഎ സെക്രട്ടറി ജയേഷ് ജോർജ്, ട്രഷറർ ശ്രീജിത് വി നായർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.

ദേശീയ ഗെയിംസിന്റെയും സംസ്ഥാന സർക്കാരിന്റെയും പണം വിനിയോഗിച്ച് പൊതു‐സ്വകാര്യ ഉടമസ്ഥതയിൽ നിർമിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 2016 സെപ്തംബറിലാണ് കെസിഎ ഏറ്റെടുത്തത്. 13 വർഷത്തേക്കാണ് പാട്ടക്കരാർ. കരാർ അനുസരിച്ച് വർഷത്തിൽ 180 ദിവസം കെസിഎക്ക് സ്റ്റേഡിയം ഉപയോഗിക്കാം. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെയും (ഫിഫ), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും (ഐസിസി) മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിച്ച ലോകത്തെ അപൂർവം സ്റ്റേഡിയങ്ങളിലൊന്നാണ് ഗ്രീൻഫീൽഡ്. ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയം, മ്യൂണിക്കിലെ അലയൻസ് അരീന, ഇംഗ്ലണ്ടിലെ വെംബ്ലി എന്നീ സ്റ്റേഡിയങ്ങളോടു കിടപിടിക്കുന്നതാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം.

പ്രധാന വാർത്തകൾ
 Top