17 January Friday
ഇന്ത്യ–-വെസ്‌റ്റിൻഡീസ്‌ രണ്ടാം ട്വന്റി–-20 ഇന്ന്‌ തിരുവനന്തപുരത്ത്‌

കാര്യവട്ടത്ത്‌ കളി രാത്രി ഏഴിന്‌; സഞ്‌ജുവിനെ കാത്ത്‌ കേരളം

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Sunday Dec 8, 2019

തിരുവനന്തപുരം > കളി കിരീടത്തിനാണെങ്കിലും കണ്ണ്‌ സഞ്ജു സാംസണിലാണ്‌. ഇന്ത്യ–-വെസ്റ്റിൻഡീസ്‌ രണ്ടാം ട്വന്റി–-20 തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ നടക്കാനിരിക്കേ സഞ്ജുവാണ്‌ ശ്രദ്ധാകേന്ദ്രം.  രാത്രി ഏഴിനാണ്‌ മത്സരം. ആദ്യമത്സരത്തിൽ പുറത്തിരുന്ന സഞ്ജുവിന്‌  സ്വന്തംതട്ടകത്തിൽ ടീം മാനേജ്‌മെന്റ്‌ അവസരം നൽകുമോയെന്ന ആകാംക്ഷ നിലനിൽക്കുകയാണ്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ ഉശിരൻ ബാറ്റിങ്ങിൽ ഹൈദരാബാദിൽ വിൻഡീസിനെ ആറ്‌ വിക്കറ്റിന്‌ തകർത്ത ഇന്ത്യ പരമ്പര തേടിയാണ്‌ ഗ്രീൻഫീൽഡിൽ ഇറങ്ങുന്നത്‌. ജയിച്ചാൽ മൂന്ന്‌ മത്സര പരമ്പര സ്വന്തമാക്കാം.

സമീപകാലത്തെ മിന്നും പ്രകടനങ്ങളിലാണ്‌ സഞ്‌ജുവിന്റെ പ്രതീക്ഷ.  ഗ്രീൻഫീൽഡിൽ മികച്ച റെക്കൊഡാണ്‌ ഈ ഇരുപത്തഞ്ചുകാരന്‌.  ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തിൽനിന്ന്‌ 91 റൺ നേടിയതും ഈ മണ്ണിൽനിന്ന്‌. വിജയ്‌ ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി, മുഷ്‌താഖ്‌ അലി ടൂർണമെന്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളും ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി–-20 ടീമിലേക്കുള്ള വഴി തുറന്നെങ്കിലും കളിക്കാനായില്ല.  പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന്റെ പകരക്കാരനായി ഏറ്റവും ഒടുവിലാണ്‌ വിൻഡീസിനെതിരായ ടീമിൽ ഇടം കിട്ടിയത്‌. ഹൈദരാബാദിലാകട്ടെ ആദ്യ പതിനൊന്നിൽ ഇടവും കിട്ടിയില്ല. ഗ്രീൻഫീൽഡിൽ വിജയടീമിൽ മാറ്റം വരുത്താൻ കോഹ്‌ലി തയ്യാറാകുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്‌. സ്വന്തം തട്ടകമെന്നത്‌ മാത്രമാണ്‌ സഞ്ജുവിനുള്ള ഏക മുൻത്തൂക്കം

ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കുടുംബസമ്മേതം  തിരുവനന്തപുരം വിമവനത്താവളത്തിൽനിന്ന്‌  പുറത്തേക്ക്‌ ഇറങ്ങുന്നു

ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കുടുംബസമ്മേതം തിരുവനന്തപുരം വിമവനത്താവളത്തിൽനിന്ന്‌ പുറത്തേക്ക്‌ ഇറങ്ങുന്നു


 

ആദ്യ കളിയിൽ വിൻഡീസ്‌ ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടന്ന്‌ ജയംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ടീം ഇന്ത്യ. 208 എന്ന വിജയലക്ഷ്യം ക്യാപ്‌റ്റൻ കോഹ്‌ലിയുടെ (50 പന്തിൽ 94*) മികവിൽ എട്ട്‌ പന്തുകൾ ബാക്കിനിൽക്കേയാണ്‌ ഇന്ത്യ മറികടന്നത്‌. ട്വന്റി–-20യിലെ ഇന്ത്യൻ ക്യാപ്‌റ്റന്റെ മികച്ച പ്രകടനവുമാണ്‌ ഹൈദരാബാദിൽ പിറന്നത്‌. മാറ്റങ്ങൾക്ക്‌ സാധ്യതയില്ല ടീമിൽ. ഓപ്പണറായി ലോകേഷ്‌ രാഹുൽ വീണ്ടും തെളിഞ്ഞിരിക്കുന്നു. 62 റണ്ണാണ്‌ ഒന്നാം മത്സരത്തിൽ കർണാടകക്കാരൻ നേടിയത്‌. ഇതോടെ രാഹുലിന്‌ പകരക്കാരനായി സഞ്‌ജുവിനെ ഇന്നിങ്‌സ്‌ തുറക്കാൻ ഇറക്കുമെന്ന പ്രതീക്ഷ  മങ്ങി. ഋഷഭ്‌ പന്തിന്‌ അവസരം നൽകുമെന്ന്‌ കോഹ്‌ലി വ്യക്തമാക്കി കഴിഞ്ഞതാണ്‌. ഓൾറൗണ്ടർ എന്ന ആനുകൂല്യം ശിവം ദുബെയ്‌ക്കുണ്ട്‌.  സഞ്ജുവിനൊപ്പം മനീഷ്‌ പാണ്ഡെയും അവസരം കാത്തിരിപ്പുണ്ട്‌.ബൗളിങ്‌ വിഭാഗത്തിൽ സ്‌പിന്നർ വാഷിങ്‌ടൺ സുന്ദറിനെ പിൻവലിച്ച്‌ കുൽദീപ്‌ യാദവിനെ ഇറക്കിയേക്കും

തിരിച്ചുവരാൻ വിൻഡീസ്‌
വെസ്‌റ്റിൻഡീസ്‌ ഗ്രീൻഫീൽഡിൽ ഇറങ്ങുക പരമ്പരയിലേക്ക്‌ തിരിച്ചെത്താനുറച്ച്‌. ജയത്തിൽ കുറഞ്ഞതൊന്നും  തൃപ്‌തരാക്കില്ല. ഷിംറോൺ ഹെറ്റ്‌മെയർ, എവിൻ ലൂയിസ്‌, നായകൻ കീറൺ പൊള്ളാർഡ്‌, ബ്രണ്ടൻ കിങ്ങ്‌, ജാസൺ ഹോൾഡർ  എന്നിവർ ഫോമിലാണ്‌. സസ്‌പെൻഷനുശേഷം നിക്കോളാസ്‌ പുരനും ടീമിൽ ചേരുന്നതോടെ ബാറ്റിങ്‌ നിര കൂടുതൽ ശക്തമാകും. ദിനേശ്‌ രാംദിൻ പുറത്തിരിക്കും. ബൗളിങ്‌ നിരയുടെ മോശം പ്രകടനമാണ്‌ ടീമിനെ അല്ലട്ടുന്ന പ്രശ്‌നം.

റണ്ണൊഴുകും പിച്ച്‌
ഹൈദരാബാദിലെ ആദ്യ ട്വന്റി–-20യിൽ താൽക്കാലികമായി അവസാനിപ്പിച്ച ‘അടി’ ഗ്രീൻഫീൽഡിൽ വിരാട്‌ കോഹ്‌ലിക്ക്‌ തുടരാം. രണ്ടാം ട്വന്റി–-20 ക്കായി ഗ്രീൻഫീൽഡിൽ തയ്യാറാക്കിയിരിക്കുന്നത്‌ റണ്ണൊഴുകും പിച്ച്‌.പുല്ലിന്റെ ഒരുതരി പോലും ഇല്ല. തിരുവനന്തപുരത്ത കളിമണ്ണ്‌ കൊണ്ട്‌ ഉറപ്പിച്ചതാണ്‌ പ്രതലം. ബൗളർമാർ പ്രയാസപ്പെടും. ആദ്യം ബാറ്റ്‌ ചെയ്യുന്നവർക്ക്‌ അനുകൂലമാണ്‌.

മഴ വില്ലനാകുമോ
ഞായറാഴ്‌ച ജില്ലയിൽ നേരിയ തോതിൽ മഴപെയ്യുമെന്നാണ്‌ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ന്യസിലൻഡിന്‌ എതിരെയുള്ള ആദ്യ ട്വന്റി–-20യിലും മഴ രസംകൊല്ലിയായി എത്തിയിരുന്നു. ശനിയാഴ്‌ച വൈകിട്ട്‌ തലസ്ഥാനത്ത്‌ കനത്ത മഴ പെയ്‌തു.


പ്രധാന വാർത്തകൾ
 Top