റായ്‌പുർ
ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ രണ്ടാംഘട്ടവും ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരനേട്ടത്തിനുപിന്നാലെ ന്യൂസിലൻഡിനെയും ഇന്ത്യ കീഴടക്കി. മൂന്നുമത്സര പരമ്പരയിലെ ആദ്യ രണ്ട് കളിയും ജയിച്ചാണ് നേട്ടം. റായ്‌പുരിൽ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമായിരുന്നു.
ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയായ റായ്‌പുരിൽ കിവി ബാറ്റർമാർ 34.3 ഓവറിൽ 108 റണ്ണിന് ചിറകറ്റ് വീണു. ഇന്ത്യ 20.1 ഓവറിൽ ജയംനേടി. മൂന്ന് വിക്കറ്റെടുത്ത പേസർ മുഹമ്മദ് ഷമിയാണ് മാൻ ഓഫ് ദി മാച്ച്.ഹൈദരാബാദിലെ റൺ പറുദീസയിൽനിന്ന് റായ്‌പുരിലെത്തുമ്പോൾ പന്തേറുകാരാണ് സന്തോഷിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ പിച്ച് നോക്കി ബൗളിങ് തെരഞ്ഞെടുത്തു.
റണ്ണടിച്ചുകൂട്ടാനെത്തിയ കിവികൾ ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും മൂളിപ്പറന്ന പന്തുകളിൽ ബാറ്റ് താഴ്‌ത്തി മടങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. കൂട്ടിന് ഹാർദിക് പാണ്ഡ്യയും ശാർദൂൽ ഠാക്കൂറും. പേസർമാരുടെ ഊഴം കഴിഞ്ഞെത്തിയ സ്‌പിന്നർമാരും മോശമാക്കിയില്ല. ശേഷിച്ച വിക്കറ്റുകൾ വാഷിങ്‌ടൺ സുന്ദറും കുൽദീപ് യാദവും വീഴ്‌ത്തി.
ആദ്യ 10 ഓവറിൽ 4–-15 റണ്ണെന്ന നിലയിലായിരുന്നു കിവികൾ. 2008നുശേഷമുള്ള ഇന്ത്യൻ ബൗളർമാരുടെ ഏറ്റവും മികച്ച പവർപ്ലേ പ്രകടനം. പതിനൊന്നാമത്തെ ഓവറിൽ 5–-15 എന്നനിലയിൽ കൂപ്പുകുത്തിയ കിവികളെ ഗ്ലെൻ ഫിലിപ്‌സ് (52 പന്തിൽ 36), മിച്ചയേൽ ബ്രേസ്‌വെൽ (30 പന്തിൽ 22), മിച്ചെൽ സാന്റ്‌നെർ (39 പന്തിൽ 27) എന്നിവർ ചേർന്നാണ് 100 കടത്തിയത്.
ആറോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 18 റൺമാത്രം വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റെടുത്തത്. റണ്ണെടുക്കുംമുമ്പ് ഫിൻ അല്ലെന്റെ വിക്കറ്റ് പിഴുതായിരുന്നു തുടക്കം. ഡാരിൽ മിച്ചെലിനെ (1) സ്വന്തം ബൗളിങ്ങിൽ പിടിച്ചു. ആദ്യ ഏകദിനത്തിലെ സെഞ്ചുറി വീരൻ ബ്രേസ്‌വെല്ലിനെയും മടക്കി.
ആറോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 10 റൺമാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സിറാജും തിളങ്ങി. ഹാർദിക് രണ്ട് വിക്കറ്റ് നേടി. ആറോവറിൽ രണ്ട് മെയ്‌ഡൻ ഉൾപ്പെടെ 16 റൺമാത്രമാണ് ഹാർദിക് വഴങ്ങിയത്. സുന്ദർ രണ്ട് വിക്കറ്റെടുത്തപ്പോൾ കുൽദീപും ശാർദൂലും ഓരോ വിക്കറ്റ് നേടി.
മറുപടിക്കെത്തിയ ഇന്ത്യക്കായി ക്യാപ്‌റ്റൻ രോഹിത് തകർത്തുകളിച്ചു. 50 പന്തിൽ 51 റണ്ണെടുത്താണ് മടങ്ങിയത്. രണ്ട് സിക്‌സറും ഏഴ് ഫോറും പായിച്ചു. ശുഭ്‌മാൻ ഗിൽ 53 പന്തിൽ 40 റണ്ണുമായി പുറത്താകാതെനിന്നു. വിരാട് കോഹ്‌ലി (9 പന്തിൽ 11) തുടർച്ചയായ രണ്ടാംകളിയിലും ചെറിയ റണ്ണിൽ പുറത്തായി. ഇഷാൻ കിഷൻ എട്ട് റണ്ണുമായി പുറത്താകാതെനിന്നു. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്‌ച ഇൻഡോറിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..