അണ്ടർ 19 ഏഷ്യാകപ്പ്: ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം
ദുബായ്> അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം. 59 റൺസിനാണ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യൻ കൗമാരപ്പെട 139 റൺസിന് പുറത്താവുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് 198 (49.1), ഇന്ത്യ 139 (35.2).
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. റിസാൻ ഹുസൈൻ (47) മുഹമ്മദ് ശിഹാബ് ജെയിംസ് (40), ഫരീദ് ഹസൻ (39) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ചേതൻ ശർമ, യുധജിത് ഗുഹ, ഹാർദിക് രാജ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. കിരൺ ചോർമലെ, കെ പി കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ആയുഷ് മാത്രെയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ 13കാരൻ വൈഭവ് സൂര്യവൻഷിയും (9) മടങ്ങി. പിന്നാലെ ആന്ദ്രേ സിദ്ധാർത്ഥ് (20) അൽപനേരം പിടിച്ചുനിന്നു. ഒരറ്റത്തു പൊരുതിനിന്ന ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് (26) ഇന്ത്യയുടെ ടോപ് സ്കോറർ.
0 comments