02 June Friday

പുതിയ 
തുടക്കം ; ഇന്ത്യ–ഓസീസ് ആദ്യ ഏകദിനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

images credit bcci twitter


മുംബൈ
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിക്കുന്നു. കഴിഞ്ഞവർഷം നവംബറിനുശേഷം ആദ്യമായി ഏകദിനം കളിക്കുന്ന ഓസ്‌ട്രേലിയക്കും ഇത്‌ പുതിയ തുടക്കമാണ്‌. ഇരുഭാഗത്തും ക്യാപ്‌റ്റൻമാർ ഇന്നിറങ്ങുന്നില്ല. കുടുംബപരമായ ആവശ്യങ്ങളാൽ മാറിനിൽക്കുന്ന രോഹിത്‌ ശർമയ്‌ക്കുപകരം ഹാർദിക്‌ പാണ്ഡ്യയാണ്‌  ഇന്ത്യൻ ടീമിനെ നയിക്കുന്നത്‌. മറുവശത്ത്‌ പാറ്റ്‌ കമ്മിൻസിനുപകരം സ്‌റ്റീവൻ സ്‌മിത്ത്‌ ഓസീസ്‌ ക്യാപ്‌റ്റനായി.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ പകൽ ഒന്നരയ്‌ക്കാണ്‌ മത്സരം. മൂന്ന്‌ മത്സരമാണ്‌ പരമ്പരയിൽ. ഒക്‌ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പാണ്‌ ലക്ഷ്യം. ഇന്ത്യ ലോകകപ്പിനുള്ള 20 അംഗ സാധ്യതാടീമിനെ കണ്ടെത്തി. അതിൽനിന്നുള്ള മികച്ച നിരയെ വാർത്തെടുക്കുകയാണ്‌ ഇനിയുള്ള ജോലി. ഈ പരമ്പരയ്‌ക്കുശേഷം ഐപിഎല്ലാണ്‌. അതുകഴിഞ്ഞ്‌ ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലും. രോഹിതിനുപുറമെ ശ്രേയസ്‌ അയ്യരും  ഇന്ത്യൻ ടീമിലില്ല. പുറംവേദന കാരണം ശ്രേയസിന്‌ തുടർച്ചയായ രണ്ടാംപരമ്പരയാണ്‌ നഷ്ടമാകുന്നത്‌. രോഹിത്‌ രണ്ടാം ഏകദിനത്തിൽ തിരിച്ചെത്തും. ഏറെക്കാലമായി പുറത്തുള്ള പേസർ ജസ്‌പ്രീത്‌ ബുമ്ര ലോകകപ്പിനുമുമ്പ്‌ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ്‌ സിറാജായിരിക്കും ഒരിക്കൽക്കൂടി പേസ്‌ നിരയെ നയിക്കുക. ലോക ഒന്നാംനമ്പർ ബൗളറാണ്‌ സിറാജ്‌. ശാർദൂൽ ഠാക്കൂറും ഇടംപിടിക്കും. സ്‌പിൻ വിഭാഗത്തിൽ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ്‌ യാദവ്‌, യുശവേന്ദ്ര ചഹാൽ എന്നിവരുണ്ട്‌.

രോഹിതിന്‌ ഇഷാൻ കിഷനായിരിക്കും ഓപ്പണിങ്‌ വിഭാഗത്തിൽ ശുഭ്‌മാൻ ഗില്ലിന്‌ കൂട്ടായെത്തുക. ഇരുവരും ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയവരാണ്‌. സെഞ്ചുറിയുമായി മികവ്‌ കണ്ടെത്തിയ വിരാട്‌ കോഹ്‌ലിയാണ്‌ മറ്റൊരു പ്രതീക്ഷ. മധ്യനിരയിൽ സൂര്യകുമാർ യാദവിനോ രജത്‌ പടിദാറിനോ ആയിരിക്കും സാധ്യത.

ഓസീസ്‌ നിരയിൽ ഓപ്പണർ ഡേവിഡ്‌ വാർണർ തിരികെയെത്തും. ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ്‌ സ്‌റ്റോയിനിസ്‌, മിച്ചെൽ മാർഷ്‌, കാമറൂൺ ഗ്രീൻ എന്നിവരുടെ സാന്നിധ്യമാണ്‌ ഓസീസിന്‌ കരുത്തുനൽകുന്നത്‌.ടീം–- ഇന്ത്യ: ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട്‌ കോഹ്‌ലി, സൂര്യകുമാർ യാദവ്‌/രജത്‌ പാടിദാർ, ലോകേഷ്‌ രാഹുൽ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ/ വാഷിങ്‌ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ്‌ സിറാജ്‌, മുഹമ്മദ്‌ ഷമി/ ഉമ്രാൻ മാലിക്‌.ഓസീസ്‌: ഡേവിഡ്‌ വാർണർ, ട്രവിസ്‌ ഹെഡ്, സ്‌റ്റീവൻ സ്‌മിത്ത്‌, മാർണസ്‌ ലബുഷെയ്‌ൻ, മിച്ചെൽ മാർഷ്‌/ മാർകസ്‌ സ്‌റ്റോയിനിസ്‌, ഗ്ലെൻ മാക്‌സ്‌വെൽ, അലെക്‌സ്‌ കാരി, കാമറൂൺ ഗ്രീൻ, മിച്ചെൽ സ്‌റ്റാർക്‌, ആദം സാമ്പ, നതാൻ എല്ലിസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top