Deshabhimani

ഒരു മാറ്റവുമില്ല ; ഇന്ത്യ 156 റണ്ണിന്‌ പുറത്ത്‌ , ന്യൂസിലൻഡിന്‌ 301 റൺ 
 ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 11:30 PM | 0 min read

പുണെ
ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പര നേട്ടത്തിനായി ന്യൂസിലൻഡ്‌ ചുവടുവയ്‌ക്കുന്നു. ബാറ്റിങ്നിര വീണ്ടും തകർന്നടിഞ്ഞതിനാൽ തോൽവി ഒഴിവാക്കാൻ ആതിഥേയർക്ക്‌ നല്ലവണ്ണം വിയർപ്പൊഴുക്കേണ്ടിവരും. ബംഗളൂരു ടെസ്‌റ്റിലെ മികവ്‌ പുണെയിലും ആവർത്തിച്ച കിവീസ്‌ രണ്ടാം ടെസ്‌റ്റിലും ആധിപത്യമുറപ്പിച്ചു. മൂന്നുദിനം ശേഷിക്കെ അവർക്ക്‌ 301 റൺ ലീഡുണ്ട്‌. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 198 റണ്ണെന്ന നിലയിലാണ്‌ കിവീസ്‌. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 156 റണ്ണിന്‌ പുറത്തായി. ഏഴ്‌ വിക്കറ്റുമായി ഇടംകൈയൻ സ്‌പിന്നർ മിച്ചെൽ സാന്റ്‌നെറാണ്‌ ബാറ്റിങ്നിരയെ അരിഞ്ഞിട്ടത്‌. ഇന്ത്യ നാട്ടിൽ ഒരു പരമ്പര തോറ്റിട്ട്‌ 12 വർഷമായി.

സ്‌കോർ: ന്യൂസിലൻഡ്‌ 259,  198/5, ഇന്ത്യ 156.

രണ്ടാംദിനം ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 16 റണ്ണിന്‌ ഒന്നാം ഇന്നിങ്‌സ്‌ തുടങ്ങിയ ഇന്ത്യക്ക്‌ നിലയുറപ്പിക്കാനായില്ല. വാഷിങ്‌ടൺ സുന്ദർ അവതരിപ്പിച്ച അതേ സ്‌പിൻമായാജാലം സാന്റ്‌നെറും പുറത്തെടുത്തു. ഈ ഇടംകൈയൻ സ്‌പിന്നർ തുടർച്ചയായി 17.3 ഓവർ പന്തെറിഞ്ഞു. ഒമ്പതാംനമ്പർവരെ ബാറ്റിങ്‌ശേഷിയുള്ള ഇന്ത്യൻനിര പൊരുതാതെ കീഴടങ്ങി. ശുഭ്‌മാൻ ഗില്ലാണ്‌ (30) ആദ്യം വീണത്‌. വിരാട്‌ കോഹ്‌ലിയുടെ പുറത്താകൽ ഞെട്ടിച്ചു. സാന്റ്‌നെറുടെ ഫുൾടോസ്‌ പന്തിൽ സ്‌ക്വയർ ലെഗിലേക്ക്‌ ബാറ്റ്‌ വീശിയ കോഹ്‌ലി (1) ബൗൾഡായി. പിടിച്ചുനിൽക്കാൻ ശ്രമിച്ച യശസ്വി ജയ്‌സ്വാളിനെ (30) ഗ്ലെൻ ഫിലിപ്‌സ്‌ പുറത്താക്കി.  ഋഷഭ്‌ പന്തിനെയും (18) ഈ വലംകൈയൻ ബൗളർ മടക്കി.

അടുത്തത്‌ സർഫറാസ്‌ ഖാനായിരുന്നു (11). ബംഗളൂരുവിൽ സെഞ്ചുറി നേടിയ യുവതാരം സ്‌പിന്നർമാർക്കെതിരെ അച്ചടക്കമുള്ള കളി പുറത്തെടുത്തിരുന്നു. എന്നാൽ, പുണെയിലെ മാന്ത്രികക്കുഴിയിൽ വീണുപോയി. ആക്രമിച്ച്‌ കളിച്ച രവീന്ദ്ര ജഡേജയെയും (46 പന്തിൽ 38) ആർ അശ്വിനെയും (4) വീഴ്‌ത്തി സാന്റ്‌നെർ അഞ്ച്‌ വിക്കറ്റ്‌ പൂർത്തിയാക്കി. 53 റൺ ചേർക്കുന്നതിനിടെ ആറ്‌ വിക്കറ്റുകളാണ്‌ ഇന്ത്യക്ക്‌ നഷ്ടമായത്‌. വാലറ്റത്ത്‌ മറ്റാർക്കും പൊരുതാനായില്ല. 19.3 ഓവറിൽ 53 റൺ വഴങ്ങിയാണ്‌ സാന്റ്‌നെർ ഏഴ്‌ വിക്കറ്റ്‌ നേടിയത്‌.

ഒന്നാം ഇന്നിങ്‌സിൽ 103 റണ്ണിന്റെ ലീഡുമായെത്തിയ കിവികളെ ക്യാപ്‌റ്റൻ ടോം ലാതം (86) നയിച്ചു. ടോം ബ്ലൻഡലും (30) ഫിലിപ്‌സുമാണ്‌ (9) ക്രീസിൽ. വാഷിങ്‌ടൺ ഇന്ത്യക്കായി നാല്‌ വിക്കറ്റ്‌ നേടി. തമിഴ്‌നാട്ടുകാരന്‌ 11 വിക്കറ്റായി.

സ്‌കോർബോർഡ്‌
ന്യൂസിലൻഡ്‌ ഒന്നാം ഇന്നിങ്സ്‌ 259
ഇന്ത്യ ഒന്നാം ഇന്നിങ്സ്‌ 156
(ജയ്‌സ്വാൾ 30, രോഹിത്‌ 0, ഗിൽ 30, കോഹ്‌ലി 1, പന്ത്‌ 18, സർഫറാസ്‌ 11, ജഡേജ 38, അശ്വിൻ 4, വാഷിങ്ടൺ സുന്ദർ 188, ആകാശ്‌ദീപ്‌ 6, ബുമ്ര 0).
ന്യൂസിലൻഡ്‌ ബൗളിങ്: സാന്റ്‌നെർ 19.3–-1–- 53–-7, ഗ്ലെൻ ഫിലിപ്‌സ്‌ 6–-0–-26–-2, ടിം സൗത്തി 6–-1–-18–-1.
രണ്ടാം ഇന്നിങ്സ്‌ 198/5 (ടോം ലാതം 86, ഡെവൻ കോൺവെ 17, വിൽ യങ് 23, രചിൻ രവീന്ദ്ര 9, ഡാരിൽ മിച്ചൽ 18, ടോം ബ്ലൻഡൽ 30*, ഗ്ലെൻ ഫിലിപ്‌സ്‌ 9*).
ഇന്ത്യ ബൗളിങ്: വാഷിങ്ടൺ സുന്ദർ 19–-0–-56–-4, അശ്വിൻ 17–-1–-64–-1.



deshabhimani section

Related News

0 comments
Sort by

Home