28 September Monday

മഴയ്‌ക്കും തടയാനായില്ല; മാനം നിറയെ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മാഞ്ചസ‌്റ്റർ > മാഞ്ചസ‌്റ്ററിലെ മഴയ‌്ക്കും ‌ഇന്ത്യയെ തടയാനായില്ല. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ തകർത്തു. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. രോഹിതാണ്‌ കളിയിലെ താരം. ഡക‌്‌വർത‌് ലൂയിസ‌് നിയമപ്രകാരം 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്.

ഓൾഡ‌് ട്രാഫോഡിൽ മഴയുടെ ആശങ്കയായിരുന്നു. എന്നാൽ അവിടെ രോഹിതും കൂട്ടരും റൺ വിരുന്നൊരുക്കി.  പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌് ഇന്ത്യൻ ബാറ്റിങ‌് നിര മൈതാനം വിട്ടത‌്. അഞ്ചിന‌് 336 റൺ. മറുപടിയിൽ പാകിസ്ഥാൻ തകർന്നു. 35 ഓവറിൽ മഴ കളി മുടക്കിയപ്പോൾ 6–-166 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാൻ. തുടർന്ന‌് ലക്ഷ്യം 40 ഓവറിൽ 302 റണ്ണാക്കി. ആറിന‌് 212ന‌് അവർ അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ രോഹിത‌് (113 പന്തിൽ 140) മനോഹര സെഞ്ചുറി കുറിച്ചു. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി (65 പന്തിൽ 77), ലോകേഷ‌് രാഹുൽ (78 പന്തിൽ 57) എന്നിവരും തിളങ്ങി.

വലിയ ലക്ഷ്യത്തിലേക്ക‌് നല്ല തുടക്കമായിരുന്നില്ല പാകിസ്ഥാന‌്. റണ്ണെടുക്കാൻ ബുദ്ധിമുട്ടി ഫഖർ സമാനും ഇമാം ഉൾ ഹഖും. ഇതിനിടെ ഭുവനേശ്വർ കുമാർ പരിക്കേറ്റ‌് മടങ്ങിയത‌് ഇന്ത്യക്ക‌് തിരിച്ചടിയായി. എന്നാൽ ആ തിരിച്ചടി വിജയ‌് ശങ്കറിലൂടെ ഇന്ത്യ മറികടന്നു. ഭുവനേശ്വറിന്റെ ഓവർ പൂർത്തിയാക്കാനെത്തിയ ശങ്കർ ആദ്യ പന്തിൽതന്നെ ചരിത്രം കുറിച്ചു. ലോകകപ്പിൽ എറിഞ്ഞ ആദ്യ പന്തിൽതന്നെ വിക്കറ്റ‌്. ഇമാമിനെ (18 പന്തിൽ 7) വിക്കറ്റിന‌് മുന്നിൽ കുരുക്കി.

സമാനും ബാബർ അസമും പാക‌് നിരയെ പതു‌ക്കെ കരകയറ്റി. 104 റൺ രണ്ടാം വിക്കറ്റിൽ പിറന്നു.  കുൽദീപ‌് യാദവിന്റെ മാന്ത്രിക പന്തിൽ ബാബർ (57 പന്തിൽ 48) മടങ്ങിയതോടെ പാകിസ്ഥാന്റെ അടിവേരിളകി.  കുൽദീപ‌്  അടുത്ത ഓവറിൽ സമാനെയും (75 പന്തിൽ 62) മടക്കി. പിന്നീട‌് ഹാർദിക‌് പാണ്ഡ്യയും ശങ്കറും ചേർന്ന‌് ഇന്ത്യയെ വിജയത്തിലേക്ക‌് നയിച്ചു. പാണ്ഡ്യ ഒരോവറിൽ രണ്ട‌് വിക്കറ്റ‌് വീഴ‌്ത്തി. ഷോയിബ‌് മാലിക്കിനെ റണ്ണെടുക്കുംമുമ്പ‌് ബൗൾഡാക്കി. പിന്നെ പാകിസ്ഥാൻ തിരിച്ചുവന്നില്ല.

കാർമേഘം മൂടിയ അന്തരീക്ഷത്തിൽ മുഹമ്മദ‌് അമീറിന്റെ പന്തുകൾ വിക്കറ്റിന‌ു മുകളിലൂടെയും ബാറ്റിന‌രികിലൂടെയും മൂളിപ്പറക്കുന്നത‌് കണ്ടാണ‌് ഇന്ത്യ തുടങ്ങിത‌്. അമീറിന്റെ ആദ്യ ഓവർ ലോകേഷ‌് രാഹുൽ അതിജീവിക്കുകയായിരുന്നു.

മറുവശത്ത‌്, രോഹിതിനെ ഒന്നും ബാധിച്ചില്ല. ഹസൻ അലിയെ ബൗണ്ടറിയടിച്ചാണ‌് പാകിസ്ഥാന‌് രോഹിത‌് സൂചന നൽകിയത‌്. ശിഖർ ധവാന‌് പകരക്കാരനായി ഇന്നിങ‌്സ‌് ഓപ്പൺ ചെയ്യാനെത്തിയ രാഹുൽ തുടക്കത്തിലെ പതർച്ചയ‌്ക്കുശേഷം കളംപിടിച്ചു. ഇതിനിടെ രോഹിതിനെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരം പാക‌് ഫീൽഡർ ഫഖർ സമാൻ പാഴാക്കി. അതിനുള്ള ശിക്ഷ വലുതായിരുന്നു. ഒന്നാം വിക്കറ്റിൽ 136 റണ്ണാണ‌് പിറന്നത‌്. ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ട‌്. വഹാബ‌് റിയാസാണ‌് കൂട്ടുകെട്ട‌് പൊളിച്ചത‌്. രാഹുലിനെ മടക്കി.

പിന്നീട‌് രോഹിത‌്–-വിരാട‌് കോഹ‌്‌ലി സഖ്യം രണ്ടാം വിക്കറ്റിൽ 98 റണ്ണെടുത്തു. രോഹിത‌് കളിജീവിതത്തിലെ 24–-ാം സെഞ്ചുറി പൂർത്തിയാക്കി. 85 പന്തിൽനിന്നാണ‌് മൂന്നക്കം കണ്ടത‌്. മൂന്ന‌് സിക‌്സറും 14 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഇന്നിങ‌്സ‌്.

അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റൺ പിറന്നില്ല. സ്ഥാനക്കയറ്റം കിട്ടിയ ഹാർദിക‌് പാണ്ഡ്യ 19 പന്തിൽ 26 റണ്ണുമായി മടങ്ങി. പാക‌് ബൗളർമാരിൽ അമീർ തിളങ്ങി. മഹേന്ദ്രസിങ‌് ധോണിയെ (2 പന്തിൽ 1) അമീർ പുറത്താക്കി. 46.4 ഓവറിൽ മഴയെത്തി. ഒരു മണിക്കൂറിന‌് ശേഷമാണ‌് കളി വീണ്ടും തുടങ്ങിയത‌്. കോഹ‌്‌ലിയെ മടക്കി അമീർ ഇന്ത്യയുടെ 350ൽ എത്താനുള്ള പ്രതീക്ഷയെ തകർത്തു. അമീറിന്റെ പന്ത‌് ബാറ്റ‌ിൽ കൊണ്ടെന്ന ധാരണയിലാണ‌് കോഹ‌്‌ലി കളംവിട്ടത‌്. എന്നാൽ റീപ്ലേയിൽ പന്ത‌് ബാറ്റിൽ തട്ടിയി‌ല്ലെന്ന‌ു തെളിഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top