13 October Sunday
മഴ കാരണം കളി പൂർണമായും നടന്നത് അവസാന രണ്ട് ദിനം

കാൺപുരിൽ ഇന്ദ്രജാലം ; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

image credit bcci facebook

കാൺപുർ
ജയത്തിനായി തുനിഞ്ഞിറങ്ങിയാൽ തടയാനാർക്കുമാകില്ലെന്ന്‌ കാൺപുരിലെ രണ്ട്‌ പകലുകൾകൊണ്ട്‌ ടീം ഇന്ത്യ തെളിയിച്ചു. എതിരാളികളായ ബംഗ്ലാദേശിനോ കാലാവസ്ഥയ്‌ക്കോ സമയത്തിനോ ആ വിജയദാഹം കെടുത്താനായില്ല. രണ്ട്‌ ദിനംകൊണ്ട്‌ ബംഗ്ലാദേശിനെ തകർത്തുകളഞ്ഞു. ഏഴ്‌ വിക്കറ്റ്‌ ജയവുമായി പരമ്പര 2–-0ന്‌ തൂത്തുവാരി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിനുകീഴിൽ ഒന്നാന്തരമായി ഇന്ത്യ തുടങ്ങി. അഞ്ചാംദിനം ബംഗ്ലാദേശിനെ 146ൽ എറിഞ്ഞൊതുക്കിയ ഇന്ത്യക്ക്‌ 95 റണ്ണായിരുന്നു ലക്ഷ്യം. 17.2 ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയംകുറിച്ചു. രണ്ട്‌ ഇന്നിങ്‌സിലും അർധസെഞ്ചുറി സ്വന്തമാക്കിയ യശസ്വി ജയ്‌സ്വാളാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. ഓഫ്‌ സ്‌പിന്നർ ആർ അശ്വിനാണ്‌ മാൻ ഓഫ്‌ ദി സിരീസ്‌.

സ്‌കോർ: ബംഗ്ലാദേശ്‌ 233, 146; ഇന്ത്യ 285/9ഡി., 98/3.

കാൺപുരിൽ മഴ കളിക്കുമെന്നായിരുന്നു മുന്നറിയിപ്പ്‌. ആദ്യദിനം വെറും 35 ഓവറിൽ കളി അവസാനിച്ചപ്പോൾ മുന്നറിയിപ്പ്‌ കൃത്യമായി. തുടർന്നുള്ള രണ്ട്‌ ദിനവും ഒറ്റപ്പന്തുപോലും എറിയാനായില്ല. നാലാംദിനം മാനംതെളിഞ്ഞു. സമനിലയിൽ അവസാനിക്കുമെന്ന്‌ ഉറപ്പായ ഒരു കളിയിൽ അവിശ്വസനീയമായ ഭാവമാറ്റം ഉണ്ടാകുന്നത്‌ ആ ദിവസമായിരുന്നു. ഇന്ത്യൻ ബാറ്റർമാർ ട്വന്റി20 ശൈലിയെയും വെല്ലുന്നരീതിയിൽ ബാറ്റ്‌ വീശിയപ്പോൾ ബംഗ്ലാദേശ്‌ വിരണ്ടുപോയി. ജയം മാത്രമായിരുന്നു കോച്ച്‌ ഗംഭീറിന്റെയും ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെയും ലക്ഷ്യം. നാലാംദിനം ഒന്നാം ഇന്നിങ്‌ഡ്‌ ഡിക്ലയർ ചെയ്യുമ്പോൾ ഉദ്ദേശ്യം വ്യക്തമായിരുന്നു. രണ്ട്‌ ഇന്നിങ്‌സുകളിലുമായി 312 പന്ത്‌ മാത്രമാണ്‌ ഇന്ത്യൻ ബാറ്റർ നേരിട്ടത്‌. 45 പന്തിൽ 51 റണ്ണുമായി രണ്ടാം ഇന്നിങ്‌സിലും ജയ്‌സ്വാൾ തകർത്തടിച്ചു.

പിച്ചിൽ പേസിനെയോ സ്‌പിന്നിനെയോ അമിതമായി തുണയ്‌ക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാംദിനം രണ്ടിന്‌ 26 റണ്ണെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ്‌ തുടങ്ങിയ ബംഗ്ലാദേശിന്‌ അവസാനഘട്ടത്തിൽ 55 റണ്ണെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റാണ്‌ നഷ്ടമായത്‌. ജസ്‌പ്രീത്‌ ബുമ്ര, ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നുവീതം വിക്കറ്റ്‌ നേടി. ഒരെണ്ണം ആകാശ്‌ ദീപിനായിരുന്നു.

അഞ്ചാംദിനം മൊമിനുൾ ഹഖിനെ (2) മടക്കി അശ്വിൻ തുടക്കത്തിൽത്തന്നെ പ്രതീക്ഷ നൽകി. എന്നാൽ, ഷദ്‌മാൻ ഇസ്ലമും ക്യാപ്‌റ്റൻ നജ്‌മുൾ ഹുസെയ്‌ൻ ഷാന്റോയും മികച്ച ബാറ്റിങ്‌ പ്രകടനം പുറത്തെടുത്തു. ഇരുവരും 14 ഓവർ പിടിച്ചുനിന്നു. 55 റണ്ണും കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിലാണ്‌ രോഹിത്‌ ഒരറ്റത്ത്‌ ആകാശ്‌ ദീപിനെയും പിന്നാലെ ജഡേജയെയും കൊണ്ടുവരുന്നത്‌. രണ്ടാംപന്തിൽത്തന്നെ ജഡേജ കളി പിടിച്ചു. റിവേഴ്‌സ്‌ സ്വീപ്പിന്‌ ശ്രമിച്ച ഷാന്റോയുടെ (19) കുറ്റിവീണു. അടുത്ത ഓവറിൽ ഷദ്‌മാനെ (50) ആകാശ്‌, ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു.

തുടർന്നുള്ള ഓവറുകളിൽ ജഡേജ ആഞ്ഞടിച്ചു. ലിട്ടൺ ദാസും (1) ഷാക്കിബ്‌ അൽ ഹസനും (0) വീണു. മൂന്നിന്‌ 91 എന്ന നിലയിൽനിന്ന്‌ ഏഴിന്‌ 94ലേക്കുള്ള വൻ തകർച്ച. വാലറ്റത്തെ കൂട്ടുപിടിച്ച്‌ മുഷ്‌ഫിക്കർ റഹീം ഇന്ത്യയെ പരീക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, ഉച്ചഭക്ഷണത്തിന്‌ പിരിയുന്നതിനുമുമ്പുള്ള അവസാന പന്തിൽ ബുമ്ര ആ ചെറുത്തുനിൽപ്പും അവസാനിപ്പിച്ചു. 37 റണ്ണെടുത്ത മുഷ്‌ഫിക്കറിന്റെ കുറ്റി പിഴുതെടുക്കുകയായിരുന്നു.

ചെറിയ ലക്ഷ്യത്തിലേക്ക്‌ കൂറ്റനടികളോടെ ഇന്ത്യ തുടങ്ങി. രോഹിതും (8) ശുഭ്‌മാൻ ഗില്ലും (6) വേഗം മടങ്ങിയെങ്കിലും ജയ്‌സ്വാൾ വിട്ടുകൊടുത്തില്ല. വിരാട്‌ കോഹ്‌ലിയുമായി ചേർന്ന്‌ കുതിച്ചു. ജയത്തിന്‌ മൂന്ന്‌ റണ്ണകലെവച്ചാണ്‌ ഇടംകൈയൻ പുറത്തായത്‌. ഒരു സിക്‌സറും എട്ട്‌ ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. കോഹ്‌ലി 37 പന്തിൽ 29 റണ്ണുമായി പുറത്താകാതെനിന്നു. ഫോർ പറത്തി ഋഷഭ്‌ പന്താണ്‌ ജയമൊരുക്കിയത്‌.മൂന്നു മത്സര ട്വന്റി20 പരമ്പരയ്‌ക്ക്‌ ആറിന്‌ തുടക്കമാകും.

അശ്വിൻ 
റെക്കോഡിനൊപ്പം
ടെസ്റ്റ്‌ ക്രിക്കറ്റിൽ മാൻ ഓഫ്‌ ദ സീരീസ്‌ പുരസ്‌കാരങ്ങളുടെ എണ്ണത്തിൽ ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പം ആർ അശ്വിൻ. 11 തവണയാണ്‌ ഇരുവരും പുരസ്‌കാരം നേടിയത്‌. മുരളീധരന്‌ 61 ടെസ്റ്റിലാണ്‌ നേട്ടം. അശ്വിന്റെ 43–-ാം ടെസ്റ്റായിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 114 റണ്ണും 11 വിക്കറ്റുമാണ്‌ മുപ്പത്തെട്ടുകാരൻ സ്വന്തമാക്കിയത്‌. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ 53 വിക്കറ്റുമായി ഒന്നാമതുണ്ട്‌. പത്തു കളിയിൽനിന്നാണ്‌ നേട്ടം.

തോൽക്കാതെ 18
തുടർച്ചയായ 18–-ാംടെസ്‌റ്റ്‌ പരമ്പരയാണ്‌ ഇന്ത്യ സ്വന്തം തട്ടകത്തിൽ നേടിയത്‌. 2013ൽ ഓസ്‌ട്രേലിയക്കെതിരെ പരമ്പര തൂത്തുവാരിയശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. 2012ൽ ഇംഗ്ലണ്ടിനോടായിരുന്നു അവസാന പരമ്പര നഷ്ടം.  2021–-22ന്‌ ശേഷം സ്വന്തം തട്ടകത്തിലോ എതിർത്തട്ടകത്തിലോ പരമ്പര കൈവിട്ടിട്ടില്ല. ആറ്‌ എണ്ണം ജയിച്ചു.
ബംഗ്ലാദേശിനെതിരെ 15 ടെസ്‌റ്റിൽ ഒന്നിൽപ്പോലും തോറ്റിട്ടില്ല. 13 ജയം. രണ്ട്‌ സമനില.  കാൺപുരിൽ രണ്ട്‌ ഇന്നിങ്‌സിലുമായി 7.36 നിരക്കിലായിരുന്നു റണ്ണടിച്ചത്‌. ഇതും റെക്കോഡാണ്‌. ജയത്തോടെ ഇന്ത്യൻ ടീം ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top