21 March Thursday

ഇന്ത്യ ഇനി ഓസ‌്ട്രേലിയയിൽ; പര്യടനം 21ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ന്യൂഡൽഹി > വെസ‌്റ്റിൻഡീസിനെതിരായ സമ്പൂർണ വിജയത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ‌് ടീം ഓസ‌്ട്രേലിയയിലേക്ക‌്. 21നാണ‌് ഓസ‌്ട്രേലിയൻ പര്യടനത്തിലെ ആദ്യമത്സരം. മൂന്ന‌് ട്വന്റി–-20യും നാല‌ു ടെസ‌്റ്റും മൂന്ന‌് ഏകദിനവും ഉൾപ്പെട്ടതാണ‌് പരമ്പര. ഓസ‌്ട്രേലിയൻ പര്യടനത്തിന‌ുമുമ്പ‌് ഇന്ത്യൻ എ ടീം ന്യൂസിലൻഡ‌ിൽ കളിക്കും. ആദ്യ അനൗദ്യോഗിക ടെസ‌്റ്റിന‌് വെള്ളിയാ‌ഴ‌്ച തുടക്കമാകും.

പഴയ പ്രതാപത്തിലല്ല ഓസീസ‌്. അതിനാൽത്തന്നെ ഇന്ത്യക്ക‌് മുൻകാലങ്ങളിലെപ്പോലെ ഭയപ്പെടേണ്ടതില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ‌് ഇന്ത്യൻ ടീം ഓസ‌്ട്രേലിയയിലേക്ക‌് പുറപ്പെടുന്നതെന്ന‌് വെസ‌്റ്റിൻഡീസിനെതിരായ ട്വന്റി–-20 പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത‌് ശർമ പറഞ്ഞു. ബാറ്റ‌്സ‌്മാൻമാരും ബൗളർമാരുമെല്ലാം മികച്ച  ഫോമിലാണെന്ന‌് ക്യാപ‌്റ്റൻ വ്യക്തമാക്കി.

ആദ്യം ട്വന്റി–-20 പരമ്പരയാണ‌്. 21ന‌് ആദ്യകളി. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട‌്. മുൻ ക്യാപ‌്റ്റനും പ്രഥമ ട്വന്റി–-20 ലോകകപ്പ‌് കിരീടനേട്ടത്തിലെ നായകനുമായ മഹേന്ദ്രസിങ‌് ധോണിയുടെ അഭാവമാണ‌് ഇക്കുറി ശ്രദ്ധേയം. ധോണിയുടെ ട്വന്റി–-20 കളിജീവിതം അവസാനിച്ചുവെന്ന സൂചന സെലക്ടർമാർ ഇതിലൂടെ നൽകി. ദിനേശ‌് കാർത്തിക്കാണ‌് പകരക്കാരൻ വിക്കറ്റ‌്കീപ്പർ. ഒപ്പം യുവതാരം ഋഷഭ‌് പന്തുമുണ്ട‌്. ഇരുവരും വിൻഡീസിനെതിരായ ട്വന്റി–-20 പരമ്പരയിൽ മികച്ച കളി പുറത്തെടുക്കുകയുംചെയ‌്തു. ബാറ്റിങ‌് വിഭാഗത്തിൽ രോഹിത‌്, ശിഖർ ധവാൻ, കോ‌ഹ‌്‌ലി എന്നിവരാണ‌് വമ്പൻമാർ. പന്തിനും കാർത്തിക്കിനുമൊപ്പം ശ്രേയസ‌് അയ്യർ, ലോകേഷ‌് രാഹുൽ, മനീഷ‌് പാണ്ഡെ എന്നിവരാണ‌് ബാറ്റിങ‌് പട്ടികയിലെ മറ്റുള്ളവർ. ഓൾറൗണ്ടർ ഗണത്തിൽ  ക്രുണാൾ പാണ്ഡ്യയുണ്ട‌്.

കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ എന്നീ കൈക്കുഴ സ‌്പിന്നർമാർക്കൊപ്പം വാഷിങ‌്ടൺ സുന്ദറും ഇടംനേടി. പേസർമാരായി ഭുവനേശ്വർ കുമാർ, ജസ‌്പ്രീത‌് ബുമ്ര, ഉമേഷ‌് യാദവ‌്, ഖലീൽ അഹമ്മദ‌് എന്നിവരാണ‌്. ഇതിൽ യുവതാരം ഖലീൽ വിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു.

ഓസ‌്ട്രേലിയക്ക‌് ട്വന്റി–-20യിൽ ഒരുപിടി മികച്ച കളിക്കാരുണ്ട‌്. ക്രിസ‌് ലിൻ, ആരോൺ ഫിഞ്ച‌്, ഗ്ലെൻ മാക‌്സ‌്‌വെൽ, അലെക‌്സ‌് കാരി, മാർകസ‌് സ‌്റ്റോയിനസ‌് എന്നിവർ കുട്ടിക്രിക്കറ്റിൽ തിളങ്ങും. ടെസ‌്റ്റ‌ിൽ ഓസീസ‌് ദുർബലമാണ‌്. ക്യാപ‌്റ്റൻ സ‌്റ്റീവൻ സ‌്മിത്തും ഡേവിഡ‌് വാർണറും പന്ത‌ുചുരുണ്ടൽ വിവാദത്തിൽ വിലക്കിലായതോടെ ഓസീസ‌് തളർന്നു. വിക്കറ്റ‌് കീപ്പർ ടിം പെയ‌്നാണ‌് ടെസ‌്റ്റ‌് ടീം ക്യാപ‌്റ്റൻ. പാകിസ്ഥാനെതിരായ ടെസ‌്റ്റ‌് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസ‌് തകർന്നടിഞ്ഞതാണ‌്. ഉസ‌്മാൻ ഖവാജ ഒഴികെയുള്ള ബാറ്റ‌്സ‌്മാൻമാർക്ക‌് പിടിച്ചുനിൽക്കാനാകുന്നില്ല.

ഇന്ത്യ ലോക റാങ്കിങ്‌പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ‌്. പക്ഷേ, വിൻഡീസുമായുള്ള പരമ്പരയ‌്ക്ക‌ുമുമ്പ‌് ഈ ഒന്നാംറാങ്കുകാർ ഇംഗ്ലണ്ടിനോട‌് അവരുടെ മണ്ണിൽ 1–-4നാണ‌് തോറ്റത‌്. വിദേശമണ്ണിലെ മോശം കളിയിൽ മാറ്റമുണ്ടായില്ല. ഓസീസിന്റെ ബൗളിങ‌് മൂർച്ച പൂർണമായും നഷ്ടപ്പെട്ടിട്ടില്ല. മിച്ചെൽ സ‌്റ്റാർക്കും ജോഷ‌് ഹാസെൽവുഡും പീറ്റർ സിഡിലുമെല്ലാം ഇന്ത്യൻ ബാറ്റിങ‌്നിരയെ വിറപ്പിക്കാൻ പോന്നവരാണ‌്.

ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയൊഴികെ മറ്റാർക്കും ഇംഗ്ലണ്ടിൽ സ്ഥിരത പുലർത്താനായിട്ടില്ല. ഉപനായകൻ അജിൻക്യ രഹാനെയ‌്ക്ക‌് ഇത‌് അവസാന അവസരമായിരിക്കും. രഹാനെ ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീമിന്റെ ക്യാപ‌്റ്റനാണ‌്. യുവതാരങ്ങളായ പൃഥ്വി ഷായ‌്ക്കും ഋഷഭ‌് പന്തിനും ഇത‌് പുതിയ പരീക്ഷണമാണ‌്. ഏകദിന സ‌്പെഷ്യലിസ‌്റ്റ‌് രോഹിത‌് ടെസ‌്റ്റ‌് ടീമിലേക്ക‌് മടങ്ങിയെത്തിയിട്ടുണ്ട‌്. ഇംഗ്ലണ്ട‌് പര്യടനത്തിനിടെ പുറത്താക്കപ്പെട്ട ഓപ്പണർ മുരളി വിജയും തിരിച്ചെത്തി. ടെസ‌്റ്റ‌് പരമ്പര ഡിസംബർ ആറിന‌് ആരംഭിക്കും. ഏകദിന പരമ്പരയ‌്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ട്വന്റി–-20 ടീം: വിരാട‌് കോഹ‌്‌ലി, രോഹിത‌് ശർമ, ശിഖർ ധവാൻ, ലോകേഷ‌് രാഹുൽ, ശ്രേയസ‌് അയ്യർ, മനീഷ‌് പാണ്ഡെ, ദിനേശ‌് കാർത്തിക‌്, ഋഷഭ‌് പന്ത‌്, കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ, വാഷിങ‌്ടൺ സുന്ദർ, ക്രുണാൾ പാണ്ഡ്യ, ഭുവനേശ്വർകുമാർ, ജസ‌്പ്രീത‌് ബുമ്ര, ഉമേഷ‌് യാദ‌വ‌്, ഖലീൽ അഹമ്മദ‌്.

ടെസ‌്റ്റ‌് ടീം: വിരാട‌് കോഹ‌്‌ലി, മുരളി വിജയ‌്, ലോകേഷ‌് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, രോഹിത‌് ശർമ, ഋഷഭ‌് പന്ത‌്, പാർഥിവ‌് പട്ടേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ‌് യാദവ‌്, മുഹമ്മദ‌് ഷമി, ഇശാന്ത‌് ശർമ, ഉമേഷ‌് യാദവ‌്, ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർകുമാർ.
 


പ്രധാന വാർത്തകൾ
 Top