07 July Tuesday

ചാമ്പ്യനെ തുരത്തി പൂനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

സിഡ്‌നി
കിരീടം സ്വപ്‌നം കണ്ടുള്ള യാത്രയ്‌ക്ക്‌ ഒന്നാന്തരം തുടക്കം. ചാമ്പ്യൻമാരെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ ആദ്യ കളിയിൽ ഉശിരുകാട്ടി. ട്വന്റി–-20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ 17 റണ്ണിനാണ്‌ ഇന്ത്യ നാലുതവണ ജേതാക്കളായ ഓസ്‌ട്രേലിയയെ കീഴടക്കിയത്‌. പൂനം യാദവിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകൾക്ക്‌ മുന്നിലായിരുന്നു ഓസീസിന്റെ പതനം. നാലോവറിൽ 19 റൺമാത്രം വഴങ്ങി നാല്‌ വിക്കറ്റ്‌ പിഴുത പൂനം ചാമ്പ്യൻമാരുടെ വഴി മുട്ടിച്ചു.
സ്‌കോർ: ഇന്ത്യ 4–-132; ഓസ്‌ട്രേലിയ 115 (19.5).

എല്ലാം അനുകൂലമായിരുന്നു ഓസീസിന്‌. ടോസ്‌ നേടിയ ഒന്നാം റാങ്കുകാർ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയച്ചു. സിഡ്‌നി സ്‌നോഗ്രൗണ്ടിലെ 14,432 കാണികൾക്കുമുന്നിൽ ഓസീസ്‌ ബൗളർമാർ നിറഞ്ഞാടി. ഇന്ത്യക്ക്‌ നേടാനായത്‌ 132 റൺ മാത്രം. മറുപടി ബാറ്റിങ്ങിൽ അലീസ ഹീലിയുടെ (35 പന്തിൽ 51) അരസെഞ്ചുറിയുടെ കരുത്തിൽ അവർ ആഞ്ഞുകുതിച്ചു. പക്ഷേ, വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ സ്‌പിന്നർമാരെ വരിവരിയായി രംഗത്തിറക്കിയതോടെ കളിയുടെ ഗതി മാറി. റൺനിരക്ക്‌ കുറഞ്ഞു. പിന്നാലെ വിക്കറ്റുകൾ വീണു. ഹീലിയെ സ്വന്തം പന്തിൽ പിടിച്ചെടുത്ത്‌
തുടങ്ങിയ പൂനം ഓസീസിന്റെ അടിവാരം തോണ്ടിയാണ്‌ അവസാനിപ്പിച്ചത്‌.

ഒരുഘട്ടത്തിൽ ഹാട്രിക്‌ അരികെയെത്തി ഈ കൈക്കുഴ സ്‌പിന്നർ. റേച്ചൽ ഹെയ്‌ൻസിനെയും (8 പന്തിൽ 6) എല്ലിസ പെറിയെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ പൂനം ഹാട്രിക്കിലേക്ക്‌ ലക്ഷ്യംവച്ചു. പന്ത്‌ ജെസ്‌ ജൊനാസെന്റെ ബാറ്റിൽ തട്ടിത്തെറിക്കുകയും ചെയ്‌തു. പക്ഷേ, വിക്കറ്റ്‌കീപ്പർ താനിയ ഭാട്ടിയക്ക്‌ പിടിയിലൊതുക്കാനായില്ല. ആ ക്യാച്ച്‌ വിട്ടെങ്കിലും താനിയ വിക്കറ്റിന്‌ പിന്നിൽ നിറഞ്ഞു. രണ്ട്‌ ക്യാച്ചും രണ്ട്‌ സ്‌റ്റമ്പിങ്ങും നടത്തി.

അവസാന ഓവറുകളിൽ ഓസീസ്‌ വനിതകൾക്ക്‌ നിയന്ത്രണം നഷ്ടമായി. 36 പന്തിൽ 34 റണ്ണെടുത്ത ആഷ്‌ലി ഗാർഡ്‌നെർ മാത്രമാണ്‌ പൊരുതിയത്‌. ഗാർഡ്‌നറെ സ്വന്തം ബൗളിങ്ങിൽ ശിഖ പാണ്ഡെ പിടിച്ച്‌ തിരിച്ചയച്ചതോടെ ഓസീസ്‌  തോൽവി സമ്മതിച്ചു. ശിഖ 3.5 ഓവറിൽ 14 റൺമാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ഓസീസ്‌ നിരയിൽ ഒമ്പതുപേർ ഒറ്റ അക്കത്തിൽ ഒതുങ്ങി.

ഇന്ത്യയുടെ തുടക്കം സ്‌ഫോടനാത്മകമായിരുന്നു. പതിനാറുകാരി ഷഫാലി വർമ ബൗണ്ടറികളുമായി കളം പിടിച്ചു. പക്ഷേ, മറുവശത്ത്‌ സ്‌മൃതി മന്ദാന (11 പന്തിൽ 10) മടങ്ങിയതോടെ തകർച്ച തുടങ്ങി. ഷഫാലി (15 പന്തിൽ 29) പുറത്തായത്‌ റൺ നിരക്കും ഇടിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത്‌ (2) പിടിച്ചുനിന്നില്ല. വമ്പൻമാർ മടങ്ങിയപ്പോൾ ഇന്ത്യ രീതി മാറ്റി. ജെമീമ റോഡ്രിഗസും (33 പന്തിൽ 26) ദീപ്‌തി ശർമയും (46 പന്തിൽ 49‌‌‌*) സിംഗിളുകളിലൂടെ കളി കൊണ്ടുപോയി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാനാകാത്തത്‌ സ്‌കോറിൽ പ്രതിഫലിച്ചു. ബൗളർമാരുടെ മിടുക്കിൽ ആ പോരായ്‌മ മറികടന്നു.
24ന്‌ ബംഗ്ലാദേശുമായിട്ടാണ്‌ ഗ്രൂപ്പ്‌ എയിൽ ഇന്ത്യയുടെ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top