നാഗ്‌പുർ
ബൗളർമാർ തെളിയുമെന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി–20യിൽ ഓസ്ട്രേലിയയോട്. നാഗ്പുരിൽ രാത്രി ഏഴിനാണ് മത്സരം. മൊഹാലിയിലെ ആദ്യ കളി ഓസീസ് നാല് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരമാണ് പരമ്പരയിൽ. മൊഹാലിയിൽ 208 റണ്ണടിച്ചിട്ടും പ്രതിരോധിക്കാൻ കഴിയാത്തത് ഇന്ത്യൻ ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ബൗളർമാരിൽ അക്സർ പട്ടേൽ ഒഴികെ മറ്റാർക്കും തെളിയാനായില്ല. ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും നിറംമങ്ങിയപ്പോൾ ടീമിലെ പ്രധാന സ്പിന്നർ യുശ്-വേന്ദ്ര ചഹാലിനെയും ഓസീസ് ബാറ്റർമാർ വെറുതെവിട്ടില്ല. പരിക്കുമാറിയെത്തിയ ജസ്-പ്രീത് ബുമ്രയെ ഇന്ന് കളത്തിൽ ഇറക്കാൻ സാധ്യതയുണ്ട്. ലോകകപ്പിനുമുമ്പ് മികവ് വീണ്ടെടുക്കാനുള്ള അവസരമാണ് ബുമ്രയ്ക്ക്.
ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉമേഷ് യാദവിന് പകരമാകും ബുമ്ര എത്തുക. ഹർഷൽ പട്ടേലിന് പകരം ദീപക് ചഹാറിനെയും പരീക്ഷിച്ചേക്കും. ഓസീസ് ബാറ്റിങ് നിരയിലെ ആദ്യ ആറുപേരും വലംകെെയൻമാരായതിനാൽ ചഹാലിന് ഒരു അവസരംകൂടി കിട്ടിയേക്കും. നാഗ്പുരിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. ബാറ്റർമാരിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്-ലിയുമാണ് ആദ്യ കളിയിൽ മങ്ങിയത്. ലോകേഷ് രാഹുൽ വേഗത്തിൽ റണ്ണടിക്കുന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും മിന്നുന്ന ഫോമിലാണ്. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ പ്രകടനം മികച്ചതല്ല.മൊഹാലിയിൽ ഇന്ത്യയുടെ ഫീൽഡിങ് പ്രകടനവും മോശമായിരുന്നു. മറുവശത്ത്, മിച്ചെൽ മാർഷും ഡേവിഡ് വാർണറും ഇല്ലാതിരുന്നിട്ടും ഓസീസ് ബാറ്റിങ് നിരയ്ക്ക് കുലുക്കമില്ല. ഓപ്പണറായെത്തിയ കാമറൂൺ ഗ്രീൻ മികച്ച കളിയാണ് പുറത്തെടുത്തത്.
ഗ്ലെൻ മാക്സ്-വെൽ മാത്രമാണ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരുന്നത്. മൊഹാലിയിലെ വിജയശിൽപ്പി മാത്യു വെയ്ഡിന് സ്ഥാനക്കയറ്റം നൽകാൻ സാധ്യതയുണ്ട്. മുൻനിരയിൽ ഇടംകെെയൻമാരില്ലാത്തതിനാലാണ് ഈ നീക്കം. ഇന്ത്യ–ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് -കോഹ്-ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ/ദീപക് ചഹാർ, യുശ്-വേന്ദ്ര ചഹാൽ, ജസ്-പ്രീത് ബുമ്ര. ഓസീസ്– ആരോൺ ഫിഞ്ച്, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്-വെൽ, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, നതാൻ എല്ലിസ്, ആദം സാമ്പ, ജോഷ് ഹാസെൽവുഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..