Deshabhimani

പിങ്കിൽ 
ചങ്കിടിപ്പ്‌ ; ഇന്ത്യ x ഓസീസ്‌ രണ്ടാം ടെസ്‌റ്റ്‌ നാളെമുതൽ

വെബ് ഡെസ്ക്

Published on Dec 04, 2024, 11:00 PM | 0 min read

അഡ്‌ലെയ്‌ഡ്‌
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ അഡ്‌ലെയ്‌ഡ്‌ ഓവലിൽ തുടങ്ങും. ബോർഡർ ഗാവസ്‌കർ ട്രോഫിക്കായുള്ള അഞ്ച്‌ മത്സരപരമ്പരയിലെ രണ്ടാം ടെസ്‌റ്റാണ്‌. പകൽ–-രാത്രി മത്സരത്തിൽ പിങ്ക്‌ പന്താണ്‌ ഉപയോഗിക്കുക. പെർത്തിൽ നടന്ന ആദ്യ ടെസ്‌റ്റ്‌  ഇന്ത്യ 295 റണ്ണിന്‌ ജയിച്ചിരുന്നു. പിങ്ക്‌ പന്തിൽ  23–-ാം ടെസ്‌റ്റ്‌ മത്സരമാണ്‌. ഇന്ത്യയുടെ അഞ്ചാമത്തേത്‌. വിദേശത്ത്‌ രണ്ടാമത്തെ പിങ്ക്‌ ടെസ്‌റ്റാണ്‌ ഇന്ത്യക്ക്‌. ആദ്യത്തേത്‌ നടുക്കുന്ന ഓർമയാണ്‌. 2020ൽ ഇതേ വേദിയിലായിരുന്നു മത്സരം. ഓസ്‌ട്രേലിയക്കെതിരെ 36 റണ്ണിന്‌ പുറത്തായ ദയനീയ ചിത്രം ഇപ്പോഴും  വേട്ടയാടുന്നു. വിരാട്‌ കോഹ്‌ലി ക്യാപ്‌റ്റനായ ടീം എട്ട്‌ വിക്കറ്റിനാണ്‌ തോറ്റത്‌. വീണ്ടും അഡ്‌ലെയ്‌ഡിൽ പിങ്ക്‌ പന്തുമായി ഓസ്‌ട്രേലിയ എത്തുമ്പോൾ ഇന്ത്യൻ ബാറ്റർമാർക്ക്‌ ചങ്കിടിപ്പേറും. ഇന്ത്യ കളിച്ച ബാക്കി മൂന്ന്‌ പിങ്ക്‌ ടെസ്‌റ്റുകളും നാട്ടിലാണ്‌. മൂന്നിലും അനായാസജയമായിരുന്നു.

2019 നവംബർ ബംഗ്ലാദേശ്‌
പിങ്ക്‌ പന്തിൽ ഇന്ത്യ ആദ്യമായി കളിക്കുന്നത്‌ 2019 നവംബറിലാണ്‌. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്ണിനും തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ചെയ്‌ത ബംഗ്ലാദേശ്‌ 106 റണ്ണിന്‌ പുറത്തായി. പേസർമാരായ ഇഷാന്ത്‌ ശർമ അഞ്ചും ഉമേഷ്‌ യാദവ്‌ മൂന്നും വിക്കറ്റെടുത്തു.  ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി സെഞ്ചുറിയുമായി (136) തിളങ്ങിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സ്‌ 347/9ന്‌ ഡിക്ലയർ ചെയ്‌തു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ്‌ 195 റണ്ണിന്‌ അവസാനിച്ചു. ഉമേഷ്‌ അഞ്ച്‌ വിക്കറ്റെടുത്തപ്പോൾ ഇഷാന്തിന്‌ നാലെണ്ണം കിട്ടി.

2020 ഡിസംബർ ഓസ്‌ട്രേലിയ
ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ടെസ്‌റ്റാണിത്‌. അഡ്‌ലെയ്‌ഡിൽ ആദ്യം ബാറ്റെടുത്ത ഇന്ത്യ 244 റണ്ണിന്‌ പുറത്തായി. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി 74 റണ്ണടിച്ചു. ഓസീസിനെ 191 റണ്ണിന്‌ മടക്കി ഇന്ത്യ തിരിച്ചുവന്നു. ആർ അശ്വിൻ നാല്‌ വിക്കറ്റെടുത്തു. ഉമേഷ്‌ യാദവിന്‌ മൂന്നും ജസ്‌പ്രീത്‌  ബുമ്രയ്‌ക്ക്‌ രണ്ടും വിക്കറ്റുണ്ടായിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റണ്ണിന്‌ തകർന്നടിഞ്ഞു. ഒറ്റ ബാറ്റർക്കും ഇരട്ടസംഖ്യയിലെത്താനായില്ല. ജോഷ്‌ ഹാസിൽവുഡ്‌ അഞ്ചും പാറ്റ്‌ കമ്മിൻസ്‌ നാലും വിക്കറ്റെടുത്ത്‌ ഇന്ത്യയെ കശാപ്പ്‌ ചെയ്‌തു.

2021 ഫെബ്രുവരി ഇംഗ്ലണ്ട്‌
അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ സ്‌പിന്നർമാർ ഇന്ത്യക്ക്‌ 10 വിക്കറ്റ്‌ ജയമൊരുക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 112 റണ്ണിന്‌ പുറത്തായി. അക്‌സർ പട്ടേലിന്‌ ആറും അശ്വിന്‌ മൂന്നും വിക്കറ്റുണ്ട്‌. ഇന്ത്യയുടെ മറുപടി 145 റണ്ണായിരുന്നു. ജോ റൂട്ട്‌ അഞ്ച്‌ വിക്കറ്റുമായി തിളങ്ങി. ജാക്ക്‌ ലീഷ്‌ നാല്‌ വിക്കറ്റുമായി പിന്തുണച്ചു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ്‌ 81 റണ്ണിന്‌ അവസാനിച്ചു. അക്‌സർ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കി. അശ്വിന്‌ നാലെണ്ണം കിട്ടി. ജയിക്കാനാവശ്യമായ 49 റൺ ഇന്ത്യ വിക്കറ്റ്‌ നഷ്‌ടപ്പെടാതെ നേടി.

2022 മാർച്ച്‌ ശ്രീലങ്ക
ബംഗളൂരു ചിന്നസ്വാമി  സ്‌റ്റേഡിയത്തിൽ 238 റണ്ണിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ്‌ സ്‌കോറായ 252 റണ്ണിനെതിരെ ലങ്ക 109ന്‌ പുറത്തായി. ബുമ്ര അഞ്ച്‌ വിക്കറ്റുമായി തിളങ്ങി. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ  303/9ന്‌ ഡിക്ലയർ ചെയ്‌തു. ജയിക്കാൻ 447 റൺ വേണ്ടിയിരുന്ന ദ്വീപുകാർ 208ന്‌ തീർന്നു.



deshabhimani section

Related News

0 comments
Sort by

Home