ക്രൈസ്റ്റ്‌ചർച്ച്/ അഹമ്മദാബാദ്
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യ–-ഓസ്‌ട്രേലിയ പോരാട്ടത്തിന് ശ്രീലങ്കയും ന്യൂസിലൻഡും ഗംഭീരമായി അരങ്ങൊരുക്കി. കളി അഹമ്മദാബാദിലായിരുന്നുവെങ്കിലും അതിന്റെ വിധിയെഴുതിയത് ക്രൈസ്‌റ്റ് ചർച്ചിലായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിന്റെ മനോഹരനിമിഷങ്ങൾ പിറന്ന കളിയിൽ ന്യൂസിലൻഡ് രണ്ട് വിക്കറ്റിന് ലങ്കയെ പരാജയപ്പെടുത്തിയപ്പോൾ ഇവിടെ അഹമ്മാബാദിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും ഇന്ത്യ ഫൈനൽ ഉറപ്പാക്കി.
ജൂൺ ഏഴിന് ഓവലിൽ നടക്കുന്ന ഫൈനലിന് ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റ് ജയത്തോടെ യോഗ്യത ഉറപ്പാക്കിയിരുന്നു. ശേഷിച്ച സ്ഥാനത്തിനായി ഇന്ത്യയും ലങ്കയും തമ്മിലായിരുന്നു പോരാട്ടം. പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതും ലങ്ക മൂന്നാമതും. ഓസീസിനെതിരായ മൂന്നാം ടെസ്‌റ്റിലെ ഇന്ത്യയുടെ തോൽവി ലങ്കയ്‌ക്ക് കൂടുതൽ പ്രതീക്ഷ നൽകി. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്‌റ്റിലും ജയിച്ചാൽ യോഗ്യത നേടാമെന്ന അവസ്ഥ. അതേസമയം, ഇന്ത്യ നാലാം ടെസ്‌റ്റിൽ ഓസീസിനോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്‌താൽ മതിയായിരുന്നു ലങ്കയ്‌ക്ക്.
ക്രൈസ്‌റ്റ് ചർച്ചിൽ അവസാനനിമിഷംവരെ അവർ പ്രതീക്ഷിച്ചു. എന്നാൽ, കെയ്‌ൻ വില്യംസന്റെ പോരാട്ടം ലങ്കയെ തളർത്തി. അവസാന പന്തിൽ ഒരു റണ്ണെടുത്ത് ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരം ന്യൂസിലൻഡ് നേടിയപ്പോൾ ലങ്ക നിരാശയോടെ മടങ്ങി. ക്രൈസ്‌റ്റ്‌ചർച്ചിലെ കിവികളുടെ വാർത്ത അഹമ്മദാബാദിലെ മത്സരം വിരസമാക്കി. ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുമുമ്പുള്ള പരിശീലനമായി ഇന്ത്യയും ഓസീസും ഈ കളിയെ കണ്ടു. ഓവറുകൾ പൂർത്തിയാകുംമുമ്പെ ഇരു ക്യാപ്‌റ്റൻമാരും കൈകൊടുത്ത് പിരിഞ്ഞു.
ആവേശം അവസാന പന്തിൽ
ടെസ്‌റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ അധ്യായം ക്രൈസ്‌റ്റ് ചർച്ചിൽ പിറന്നു. ട്വന്റി 20യെക്കാളും ആവേശം ജനിപ്പിച്ച ടെസ്‌റ്റിൽ ന്യൂസിലൻഡ് അവസാന പന്തിൽ ശ്രീലങ്കയെ തോൽപ്പിച്ചു. ആ അവസാന പന്തിൽപ്പോലും നാടകീയ നിമിഷങ്ങളുണ്ടായി. രണ്ട് വിക്കറ്റിനാണ് കിവീസിന്റെ ജയം. 257 റൺ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് അവസാന പന്തിൽ ജയംപിടിച്ചു. ന്യൂസിലൻഡ് 373, 8–-258; ശ്രീലങ്ക 355, 302. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ അരസെഞ്ചുറിയും നേടിയ കിവീസ് ഓൾ റൗണ്ടർ ഡാരിൽ മിച്ചെലാണ് മാൻ ഓഫ് ദി മാച്ച്. വില്യംസൺ 121 റണ്ണുമായി പുറത്താകാതെനിന്നു.
ആദ്യ ടെസ്‌റ്റിന്റെ അഞ്ചാംദിനം. ആദ്യഘട്ടം മുഴുവൻ മഴ കൊണ്ടുപോയി. കളി തുടങ്ങിയപ്പോൾ കിവീസിന്റെ ലക്ഷ്യം 52 ഓവറിൽ 257 റൺ. ഒമ്പത് വിക്കറ്റ് ബാക്കി. ആ ഒമ്പതെണ്ണത്തിലായിരുന്നു ലങ്കയുടെ ലക്ഷ്യം. മഴയിൽ ഈർപ്പംപിടിച്ച പിച്ചിൽ അവർ ജയം കണക്കുകൂട്ടി.
തുടർന്നുള്ള മൂന്നരമണിക്കൂർ ആവേശം നിറയ്‌ക്കുന്നതായിരുന്നു. ഒരുഘട്ടത്തിൽ 3–-90 എന്നതായിരുന്നു സ്‌കോർ. റൺ നിരക്കും കുറവ്. കിവികൾ സമനില കണക്കുകൂട്ടി. എന്നാൽ, മിച്ചെൽ ഇറങ്ങിയതോടെ കഥമാറി. 86 പന്തിൽ 81 റണ്ണടിച്ച മിച്ചെൽ ഗതി മാറ്റി. പതുങ്ങിക്കളിച്ച കെയ്‌ൻ വില്യംസണും കെട്ടുപൊട്ടിച്ചതോടെ കളി കിവികളുടെ കൈകളിലായി. മിച്ചെൽ പുറത്താകുമ്പോഴും ജയത്തിന് അടുത്തെത്തിയിരുന്നു കിവീസ്. തുടർവിക്കറ്റുകളുമായി ലങ്ക തിരിച്ചെത്തി.
ഒടുവിൽ ഒരോവറിൽ ജയിക്കാൻ എട്ട് റൺ. മൂന്ന് വിക്കറ്റ് ബാക്കി. ഇതിനിടെ മാറ്റ് ഹെൻറി റണ്ണൗട്ടായി. ലക്ഷ്യം മൂന്ന് പന്തിൽ അഞ്ചായി. അഷിത ഫെർണാണ്ടോയുടെ നാലാംപന്ത് ഫോർ പായിച്ച് വില്യംസൺ അത് രണ്ട് പന്തിൽ ഒന്നാക്കി ചുരുക്കി. അഷിത വിട്ടുകൊടുത്തില്ല. അഞ്ചാംപന്ത് വില്യംസന്റെ തലയ്‌ക്ക് മുകളിലൂടെ പറന്നു. ഒരു പന്തിൽ ഒരു റൺ. അവസാന പന്തിൽ വില്യംസണ് തൊടാനായില്ലെങ്കിലും മറുവശത്തേക്ക് ഓടി. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ലയ്‌ക്ക് ലക്ഷ്യം കാണാനായില്ല. പന്ത് അഷിതയുടെ കൈയിൽ. ഏറിൽ സ്‌റ്റമ്പ് ഇളകി. ലങ്ക ആഘോഷിച്ചു. എന്നാൽ, പരിശോധനയിൽ വില്യംസന്റെ ബാറ്റ് വര കടന്നതായി തെളിഞ്ഞു. മറുവശത്തുണ്ടായിരുന്ന നീൽ വാഗ്‌നർ വില്യംസണെ പുണർന്നു.
ബാറ്റിങ് പരിശീലനം
സ്‌പിന്നർമാരുടെ വിളവുകാലം കഴിഞ്ഞ് അഹമ്മദാബാദിലെത്തിയപ്പോൾ ബാറ്റർമാരുടെ പറുദീസ. വിരസ സമനിലയുമായി ഇന്ത്യ–-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര അവസാനിച്ചു. 2–-1ന് പരമ്പര നേടിയ ഇന്ത്യ തുടർച്ചയായ നാലാംതവണയും ബോർഡർ–-ഗാവസ്‌കർ ട്രോഫി സ്വന്തമാക്കി. തുടർച്ചയായ രണ്ടാംതവണയും ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഉറപ്പിക്കുകയും ചെയ്‌തു.
ആദ്യ മൂന്ന് ടെസ്‌റ്റിലും മൂന്ന് ദിനംകൊണ്ട് കളി തീർന്നപ്പോൾ അവസാനകളിയിൽ അഞ്ച് ദിവസം കിട്ടിയിട്ടും വീണത് 21 വിക്കറ്റാണ്. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്‌സ് 2–-175ന് ഡിക്ലയർ ചെയ്‌തു. 15 ഓവർ ഇന്ത്യക്ക് കളിക്കാൻ നൽകിയെങ്കിലും ക്യാപ്‌റ്റൻ രോഹിത് ശർമ സമനിലയ്‌ക്കായി സ്‌റ്റീവൻ സ്‌മിത്തിന് കൈകൊടുത്തു. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിൽ 186 റണ്ണടിച്ച വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്. ആർ അശ്വിനും (25 വിക്കറ്റ്, 86 റൺ), രവീന്ദ്ര ജഡേജയും (22 വിക്കറ്റ് 135 റൺ) മാൻ ഓഫ് ദി സിരീസ് പുരസ്‌കാരം പങ്കിട്ടു.
എൺപത്തെട്ട് റൺ കടവുമായി അഞ്ചാംദിനം തുടങ്ങിയ ഓസീസ് സമനില ഉറപ്പിച്ചാണ് ബാറ്റ് വീശിയത്. രാത്രികാവൽക്കാരനായെത്തിയ മാത്യു കുനെമെനെ (6) അശ്വിൻ വേഗത്തിൽ പുറത്താക്കിയെങ്കിലും ട്രവിസ് ഹെഡും (90) മാർണസ് ലബുഷെയ്‌നും (63) ഇന്ത്യക്ക് അവസരങ്ങൾ നൽകിയില്ല. 10 റണ്ണുമായി ക്യാപ്‌റ്റൻ സ്‌മിത്തായിരുന്നു ലബുഷെയ്‌ന് കൂട്ട്. അഞ്ചാംദിനവും നിർജീവമായ പിച്ചിൽ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. അശ്വിനും അക്‌സർ പട്ടേലും ഓരോ വിക്കറ്റെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..