Deshabhimani

റണ്ണടിയിൽ കണ്ണീർ ; ബ്രിസ്‌ബെയ്‌നിൽ വനിതകൾ 122 റണ്ണിന്‌ കീഴടങ്ങി

വെബ് ഡെസ്ക്

Published on Dec 08, 2024, 10:47 PM | 0 min read


ബ്രിസ്‌ബെയ്‌ൻ
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യക്ക്‌ ദയനീയ തോൽവി. രണ്ടാംമത്സരം 122 റണ്ണിന്‌ ജയിച്ച്‌ ഓസീസ്‌ പരമ്പര നേടി. സെഞ്ചുറി നേടിയ എല്ലിസെ പെറിയാണ്‌ (75 പന്തിൽ 105) കളിയിലെ താരം. മലയാളിതാരം മിന്നുമണി ഓൾറൗണ്ട്‌ മികവുമായി തിളങ്ങിയെങ്കിലും  ഫലമുണ്ടായില്ല.

സ്‌കോർ: ഓസ്‌ട്രേലിയ 371/8 (50), ഇന്ത്യ 249 (44.5).

ആദ്യം ബാറ്റ്‌ ചെയ്‌ത്‌ കഴിഞ്ഞപ്പോഴേക്കും ഓസീസ്‌ മാനസികമായി കളി ജയിച്ചിരുന്നു. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനത്തിൽ  ഇന്ത്യക്കെതിരെ  ഏറ്റവും ഉയർന്ന സ്‌കോറാണ് അടിച്ചെടുത്തത്‌. ഓപ്പണർ ജോർജിയ വോളും (87 പന്തിൽ 101) സെഞ്ചുറി നേടി. ജോർജിയക്കൊപ്പം ഫോബി ലിച്‌ഫീൽഡും (60) ചേർന്ന്‌ ഓപ്പണിങ് വിക്കറ്റിൽ 130 റണ്ണെടുത്തു. ബെത്ത്‌ മൂണിക്ക്‌ 56 റണ്ണുണ്ട്‌. ഇന്ത്യൻ ബൗളർമാർക്ക്‌ നല്ലവണ്ണം തല്ലുകിട്ടി. മൂന്ന്‌ വിക്കറ്റെടുത്ത സെയ്‌മ താക്കർ 10 ഓവറിൽ വഴങ്ങിയത്‌ 62 റണ്ണാണ്‌. മിന്നുമണി ഒമ്പത്‌ ഓവറിൽ 71 റൺ വിട്ടുകൊടുത്ത്‌ രണ്ട്‌  വിക്കറ്റ്‌ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഇന്ത്യൻനിരയിൽ ആരും വിജയത്തിനാവശ്യമായ വലിയ ഇന്നിങ്സ്‌ കെട്ടിപ്പടുത്തില്ല. ഓപ്പണർ റിച്ചാഘോഷ്‌ (54),  ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ (38), ജെമീമ റോഡ്രിഗസ്‌ (43) എന്നിവർ പൊരുതിവീണു. സ്‌മൃതി മന്ദാന (9), ഹർലീൻ ഡിയോൾ (12), ദീപ്‌തി ശർമ (10) എന്നിവർ മങ്ങി. ഏഴാമതായി ഇറങ്ങിയ വയനാട്ടുകാരി മിന്നുമണി 45 പന്തിൽ 46 റണ്ണുമായി പുറത്താകാതെ ചെറുത്തുനിന്നു. അതിനിടെ നാല്‌ ഫോറടിച്ചു. ഓസീസിനായി അന്നബെൽ സതർലാൻഡ്‌ നാല്‌ വിക്കറ്റെടുത്തു. ആദ്യകളി ഓസീസ്‌ അഞ്ച്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു. അവസാനമത്സരം ബുധനാഴ്‌ച നടക്കും.



deshabhimani section

Related News

0 comments
Sort by

Home