23 January Wednesday

ഇനി ഏകദിനത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ക്യാപ്‌റ്റൻമാരായ ആരോൺ ഫിഞ്ചും വിരാട്‌ കോഹ്‌‌ലിയും പിച്ച്‌ പരിശോധിക്കാനെത്തിയപ്പോൾസിഡ‌്നി
ഓസ‌്ട്രേലിയൻ മണ്ണിൽ ചരിത്രത്തിലാദ്യമായി ടെസ‌്റ്റ‌് പരമ്പര നേടിയ വീറുമായി ഇന്ത്യ ഇന്ന‌് ഓസീസ‌ിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. സിഡ‌്നിയിൽ രാവിലെ 7.50നാണ‌് കളി. മൂന്ന‌ു മത്സരങ്ങളാണ‌് പരമ്പരയിൽ. ലോകകപ്പിന‌ുമുമ്പ‌് വിദേശത്ത‌് കളിക്കുന്ന അവസാന ഏകദിന പരമ്പര അവിസ‌്മരണീയമാക്കുകയാണ‌് വിരാട‌് കോഹ‌്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ലോകകപ്പിന‌ുമുമ്പ‌ുള്ള അവസാന വിദേശ പര്യടനമായതിനാൽ എല്ലാ കണ്ണുകളും മുൻ നായകൻ മഹേന്ദ്രസിങ‌് ധോണിയിലേക്ക‌ാണ‌്. ഓസീസിലെ  പ്രകടനം ധോണിയുടെ ലോകകപ്പ‌് സാധ്യതകളെ സ്വാധീനിക്കും. അവസാന ഇരുപതു ഇന്നിങ‌്സുകളിൽ  275 മാത്രമാണ‌് ഈ മുപ്പത്തഴുകാരന്റെ സമ്പാദ്യം. ബാറ്റിങ‌് ശരാശരി 25ഉം. ഒരു അരസെഞ്ചുറിപോലും ഈ മത്സരങ്ങളിൽനിന്ന‌് നേടാൻ ധോണിക്ക‌് ആയിട്ടില്ല.

സ‌്ത്രീവിരുദ്ധപരാമർശത്തിന്റെ പേരിൽ വിലക്ക‌് നേരിട്ട ഹാർദിക‌് പാണ്ഡ്യയുടെയും ലോകേഷ‌് രാഹുലിന്റെയും അഭാവത്തിൽ ടീംഘടനയിൽ ​പരീക്ഷണങ്ങൾക്ക്​ കോഹ്​ലി മുതിർന്നേക്കും. പാണ്ഡ്യയുടെ അഭാവം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക‌് തിരിച്ചടിയാണ‌്. പാണ്ഡ്യയുടെ സാന്നിധ്യം പേസർമാരുടെ ജോലികുറയ‌്ക്കും.

പാണ്ഡ്യയുടെ അഭാവം രവീന്ദ്ര ജഡേജ നികത്തുമെന്ന‌് കോഹ‌്‌ലി പറഞ്ഞു. പാണ്ഡ്യയുടെ വിലക്ക്​ ടീമിന്​ സമ്മർദമുണ്ടാക്കില്ല. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ്​ ടീം സന്തുലിതമാണെന്നും നായകൻ കൂട്ടിച്ചേർത്തു. രോഹിത‌് ശർമയും ശിഖർ ധവാനുംതന്നെ സിഡ‌്നിയിലും ഇന്ത്യൻ ഇന്നിങ‌്സിന‌് തുടക്കമിടും. വെസ‌്റ്റീൻഡീസിനെതിരെയും ഏഷ്യാകപ്പിലും മിന്നുംപ്രകടനമാണ‌് രോഹിത‌് പുറത്തെടുത്ത‌ത‌്. ഏഷ്യാകപ്പിലെ ഏറ്റവും വലിയ റൺവേട്ടക്കാനായിരുന്നു ധവാൻ. മൂന്നാമനായി കോഹ‌്‌ലിയും നാലാമനായി അമ്പാട്ടി റായുഡുവും കളത്തിലെത്തും. ഏഷ്യാകപ്പിലെ കളിതന്നെയാണ‌് റായുഡുവിന‌് ഇന്ത്യൻ മധ്യനിരയിലെ സ്ഥാനം ഉറപ്പിച്ചത‌്. പിന്നാലെ കേദാർ ജാദവ‌ും ധോണിയും ജഡേജയും യഥാക്രമം ക്രീസിലെത്തും. സ‌്പിന്നർമാരായ കുൽദീപ‌് യാദ‌വ‌്, യുശ‌്‌വേന്ദ്ര ചഹാൽ എന്നിവരെ കളിപ്പിക്കാനാണ‌് സാധ്യത. പേസർ ജസ‌്പ്രീത‌് ബുമ്രയ‌്ക്ക‌് വിശ്രമം അനുവദിച്ചതിനാൽ ഭുവനേശ്വർ കുമാറിനും മുഹമ്മദ‌് ഷമിക്കുമായിരിക്കും പുതിയ പന്തെറിയാനുള്ള ചുമതല. 

മുൻകാല പ്രതാപത്തിലല്ലെങ്കിലും വലിയ മാറ്റങ്ങളൊടെയാണ‌് ഓസ‌്ട്രേലിയ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത‌്. സ്ഥിരമായി ഒരു പ്ലേയിങ്‌ ഇലവൻ പോലും ഇല്ലാത്ത സ്ഥിതിയിലാണ‌് ഓസ‌ീസ‌്.  ആരോൺ ഫിഞ്ച‌്,  ഉസ‌്മാൻ ഖവാജ, അലക‌്സ‌് കാരി എന്നിവരാണ‌് ഓസ‌ീസ‌് ബാറ്റിങ്ങിന്റെ നട്ടെല്ല‌്. രണ്ടുവർഷത്തിനുശേഷമാണ‌് ഓപ്പണർ ഖവാജ ഏകദിനം കളിക്കാനൊരുങ്ങുന്നത‌്.

പേസർമാരായ മിച്ചെൽ സ‌്റ്റാർക‌്, പാറ്റ‌് കമ്മിൻസ‌്, ജോഷ‌് ഹാസെൽവുഡ‌് എന്നിവർക്ക‌് വിശ്രമം അനുവദിച്ച ഓസ‌ീസ‌് എട്ടുവർഷത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ പീറ്റർ സിഡിലിനും ജാസൺ ബെഹ്രൻഡോർഫിനും ജിയെ റിച്ചർഡ‌്സണുമാണ‌്  ഇന്ത്യൻ ബാറ്റ‌്സ‌്മാൻമരെ മെരുക്കാനുള്ള ചുമതല. സ‌്പിൻ കരുത്തുമായി നതാൻ ല്യോണുമുണ്ട‌്. ശാരീരിക അസ്വസ്ഥതകൾ കാരണം ഓൾറൗണ്ടർ മിച്ചെൽ മാർഷ‌് കളിക്കില്ല.
അവസാനം കളിച്ച 24 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽമാത്രമാണ‌് ഓസ‌്ട്രേലിയ ജയിച്ചത‌്. അവസാനം കളിച്ച അഞ്ചുമത്സരങ്ങളിൽ ഇന്ത്യ ഒരു തോൽവിമാത്രം വഴങ്ങിയപ്പോൾ ഓസീസ‌് നാലിലും തോറ്റു.

ഇതിനുമുമ്പ‌് പതിനാറുതവണയാണ‌് ഇന്ത്യയും ഓസ‌ീസ‌ും സിഡ‌്നിയിൽ ഏറ്റുമുട്ടിയത‌്. 13 തവണയും ജയം ആതിഥേയർക്കായിരുന്നു. രണ്ടു മത്സരത്തിൽ ഇന്ത്യയും ജയിച്ചു. ഒന്ന‌് ഫലമില്ലാതായി.ഓസ‌്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച‌് (ക്യാപ‌്റ്റൻ), അലക‌്സ‌് കാരി, ഉസ‌്മാൻ ഖവാജ, ഷോൺ മാർഷ‌്, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, മാർകസ‌് സ‌്റ്റോയിനിസ‌്, ഗ്ലെൻ മാക‌്സ‌്‌വെൽ, നതാൻ ല്യോൺ, പീറ്റർ സിഡിൽ, ജിയെ റിച്ചാർഡ‌്സൺ, ജാസൺ ബെഹ്രൻഡോർഫ‌്.

ഇന്ത്യൻ ടീം (ഇവരിൽനിന്ന‌്): വിരാട‌് കോഹ‌്‌ലി, രോഹിത്ത‌് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, കാർത്തിക‌്, കേദാർ ജാദവ‌്, ധോണി, ജഡേജ,  കുൽദീപ‌് യാദവ‌്, ചഹാൽ, ഭുവനേശ്വർ, മുഹമ്മദ‌് ഷമി, ഖലീൽ അഹമ്മദ‌്, മുഹമ്മദ‌് സിറാജ‌്.


പ്രധാന വാർത്തകൾ
 Top