അഹമ്മദാബാദ്
മൊട്ടേരയിലെ പിച്ച് ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റണ്ണിന് പുറത്തായി. ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റണ്ണെടുത്തിട്ടുണ്ട്. 181 റൺ പിറകിൽ.
ആകെ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ സ്പിന്നർമാരാണ് ഇംഗ്ലണ്ടിനെ തളച്ചത്. കഴിഞ്ഞ കളിയിലെ ഹീറോ അക്സർ പട്ടേൽ നാലും ആർ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരെണ്ണം നേടി. ബെൻ സ്റ്റോക്സിനും (55) ഡാൻ ലോറെൻസിനും (46) മാത്രമേ ഇംഗ്ലീഷുകാരിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. മറുപടിയിൽ റണ്ണൊന്നുമെടുക്കാത്ത ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശർമ (8), ചേതേശ്വർ പൂജാര (15) എന്നിവരാണ് ക്രീസിൽ.
സ്കോർ: ഇംഗ്ലണ്ട് 205, ഇന്ത്യ 1–-24.
മൊട്ടേരയിലെ കഴിഞ്ഞ കളയിൽനിന്ന് പാഠം പഠിച്ചാണ് ഇംഗ്ലണ്ട് എത്തിയത്. പ്രധാന ബൗളർമാരായി മൂന്നുപേർ. അതിൽ ജയിംസ് ആൻഡേഴ്സൺ മാത്രം പേസർ. ജാക്ക് ലീച്ചിനൊപ്പം ഡോം ബെസ്സ് എത്തി. ബാറ്റിങ്നിരയെ ശക്തിപ്പെടുത്താൻ ലോറെൻസും ഉൾപ്പെട്ടു. സ്റ്റുവർട്ട് ബ്രോഡും ജോഫ്ര ആർച്ചെറും പുറത്തിരുന്നു. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് വന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പക്ഷേ പാളി. ആറാം ഓവർ എറിയാനെത്തിയ അക്സറിനുമുമ്പിൽ ഒരിക്കൽക്കൂടി ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് മുട്ടിടിച്ചു. ഓപ്പണർമാരായ സാക് ക്രൗളിയെയും (9) ഡോം സിബ്ളിയെയും (2) അക്സർ പറഞ്ഞയച്ചു. അടുത്തത് സിറാജിന്റെ പ്രഹരമായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടും (5) പിടിച്ചുനിൽക്കാൻ ശ്രമിച്ച ജോണി ബെയർസ്റ്റോയും (28) ഹൈദരാബാദുകാരനുമുന്നിൽ വീണു.
ഒല്ലി പോപിനെ (29) അശ്വിനാണ് പുറത്താക്കിയത്. നന്നായി ബാറ്റ് വീശിയ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദർ വിക്കറ്റിനുമുമ്പിൽ കുരുക്കി. ബെസ്സ് ഉൾപ്പെടെ ഒമ്പത് അംഗീകൃത ബാറ്റ്സ്മാൻമാരാണ് ഇംഗ്ലണ്ടിനുണ്ടായത്. എന്നാൽ, ഒരാൾക്കും ഇന്ത്യൻ ബൗളർമാരെ അതിജീവിക്കാനായില്ല.
അവസാന സെഷനിൽ വൈകി ഇറങ്ങിയ ഇന്ത്യയും തുടക്കം വിറച്ചു. ഇന്നിങ്സിന്റെ മൂന്നാംപന്തിൽ ആൻഡേഴ്സൺ ഗില്ലിനെ മടക്കി. എന്നാൽ അധികം പരിക്കുകളില്ലാതെ രോഹിതും പൂജാരയും ആദ്യദിനം കളി അവസാനിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..