17 February Sunday

തകർത്തു ഇന്ത്യ... ഏഷ്യാ കപ്പിൽ തായ്‌ലൻഡിനെതിരെ ഉജ്വല വിജയം 4-1 Video

വെബ് ഡെസ്‌ക്‌Updated: Sunday Jan 6, 2019

അബുദാബി > ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം. ഇരട്ടഗോളുമായി മിന്നിയ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതമടിച്ച്‌ അനിരുദ്ധ‌് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാൽപെഖുലയും കളം നിറഞ്ഞപ്പോൾ ഇന്ത്യ അബുദാബിയിലെ അൽ നഹ്യാൻ സ‌്റ്റേഡിയത്തിൽ ഏഷ്യാ കപ്പ്‌ ചരിത്രത്തിലെ വമ്പൻ ജയമാഘോഷിച്ചു. ജയത്തോടെ ഗ്രൂപ്പ‌് എയിൽ ഇന്ത്യ ഒന്നാമതെത്തി. ഗ്രൂപ്പിലെ ആദ്യകളിയിൽ യുഎഇയും ബഹ‌്റൈനും ഓരോ ഗോളടിച്ച‌് പിരിഞ്ഞിരുന്നു.

ടൂർണമെന്റിന‌ുമുമ്പ‌് ഛേത്രി പറഞ്ഞ വാക്കുകൾ കളത്തിൽ തെളിയുകയായിരുന്നു. ‘ഞങ്ങളെ  എളുപ്പത്തിൽ കീഴടക്കാൻ കഴിയുമെന്ന‌് ആരും കരുതേണ്ട’–- എന്നായിരുന്നു ഛേത്രിയുടെ പ്രതികരണം. തായ‌്‌ലൻഡിനെതിരെ കളിയുടെ 27–-ാം മിനിറ്റിൽ ഛേത്രി അത‌് തെളിയിച്ചു. പെനൽറ്റിയിലൂടെ ആദ്യഗോൾ.

India vs Thailand 4-1 Highlights

ആഷിഖ‌് കുരുണിയന്റെ മുന്നേറ്റമായിരുന്നു ഗോളിലേക്ക‌് വഴിതുറന്നത‌്. ആഷിഖിന്റെ ഷോട്ട‌് തായ‌്‌ലൻഡ‌് ഗോൾകീപ്പറുടെ ദേഹത്ത‌് തട്ടി പ്രതിരോധക്കാരൻ തീരതോൺ ബുൻമാതന്റെ കൈയിൽ കൊണ്ടു.  റഫറി പെനൽറ്റി മൂളി. ഛേത്രി കിക്കെടുത്തു, ലക്ഷ്യം കണ്ടു. കളിയിൽ തായ‌്‌ലൻഡിനായിരുന്നു പിന്നീട‌് നിയന്ത്രണം. ഇന്ത്യൻ പ്രതിരോധമേഖലയിൽ അവർ തമ്പടിച്ചു. നല്ല നീക്കങ്ങൾ നടത്തി. അപൂർവമായിമാത്രം ഇന്ത്യൻ മുന്നേറ്റനിരയ‌്ക്ക‌് പന്ത‌് കിട്ടി.

നിരന്തരം നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ തായ‌്‌ലൻഡ‌് നേടി. ഹാളീചരൺ നർസാറി ബോക‌്സിന‌് പുറത്ത‌ുവച്ച‌് സൊങ‌്ക്രാസിനെ ഫൗൾ ചെയ‌്തു. ബുൻമാതൻ ഫ്രീകിക്ക‌് പായിച്ചു. ഇടംകാൽകൊണ്ടുള്ള മനോഹരമായ കിക്ക‌് നേരെ ഗോൾമുഖത്തേക്ക‌് ചാഞ്ഞിറങ്ങി. തലവയ‌്ക്കേണ്ട കാര്യമേ തീറസിൽ ദാങ‌്ഡയ‌്ക്കുണ്ടായിരുന്നുള്ളൂ. ഗോൾ കീപ്പർ ഗുർപ്രീത‌് സിങ‌് സന്ധുവിന‌് ആ നീക്കത്തിന‌ുമുന്നിൽ ഒന്നും ചെയ്യാനായില്ല.



ആ ഗോളിൽ തായ‌്‌ലൻഡ‌് കരുത്താർജിച്ചു. പ്രതിരോധത്തിൽ അനസ‌് എടത്തോടികയും സന്ദേശ‌് ജിങ്കനും  പ്രീതം കോട്ടലും ഉശിരോടെ നിന്നു. ഇതിനിടെ ഛേത്രിക്ക‌് അവസരം കിട്ടി. നീളൻ ക്രോസ‌് ബോക‌്സിനരികെവച്ച‌് ആഷിഖ‌് നെഞ്ചിലേറ്റുവാങ്ങി ഛേത്രിയിലേക്ക‌് നീട്ടി. പ്രതിരോധക്കാർക്കിടയിൽനിന്ന‌് ഛേത്രിക്ക‌് പന്ത‌് കൃത്യമായി നിയന്ത്രിച്ച‌് അടിപായിക്കാൻ കഴിഞ്ഞില്ല. ശ്രമം കോർണർ കിക്കിൽ കലാശിച്ചു. ആദ്യപകുതി അവസാനിച്ചു.

ഇടവേളയ‌്ക്കുശേഷം മറ്റൊരു ഇന്ത്യയെയാണ‌് കണ്ടത‌്. ആദ്യനീക്കംതന്നെ ഗോൾ. വലതുമൂലയിൽനിന്ന‌് ഉദാന്ത ക്രോസ‌് പായിച്ചു. ബോക‌്സിൽ ആഷിഖിലേക്ക‌്. ഷൂട്ട‌് ചെയ്യാതെ പിന്നിലേക്ക‌് തട്ടിക്കൊടുക്കുകയായിരുന്നു ആഷിഖ‌്. കുതിച്ചെത്തിയ ഛേത്രി അത‌് വരുതിയിലാക്കി. പിന്നെ ഒന്നാന്തരം അടിതൊടുത്തു. തായ‌്‌ലൻഡ‌് വലയിലേക്ക‌് പന്ത‌് പറന്നിറങ്ങി.



ലീഡ‌് നേടിയതോടെ ഇന്ത്യയുടെ നീക്കങ്ങൾക്ക‌് തെളിച്ചംവന്നു. ഛേത്രിയെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ മുഴുവനും. വലതുപാർശ്വത്തിൽ ഉദാന്തയും ഇടതുപാർശ്വത്തിൽ ഹാളീചരൺ നർസാറിയും കുതിച്ചു. ആഷിഖ‌് തായ‌്‌ലൻഡ‌് പ്രതിരോധത്തെ ചിതറിച്ചു. ഛേത്രിക്കൊപ്പം ആക്രമണത്തിൽ പങ്കാളിയായി. അവസരങ്ങൾ ഒന്നൊന്നായി പിറന്നു.

കളി ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും ഇന്ത്യ ലീഡുയർത്തി. ഈ ഗോളിലും ഛേത്രിയുടെ കാൽസ‌്പർശമുണ്ടായിരുന്നു. മധ്യഭാഗത്ത‌ുനിന്ന‌് ഛേത്രി പന്ത‌് നീട്ടിനൽകി. ഉദാന്ത പിടിച്ചെടുത്തു. രണ്ട‌ു പ്രതിരോധക്കാരെ വെട്ടിച്ച‌് ബോക‌്സിലേക്ക‌്. ലക്ഷ്യത്തിലേക്ക‌് അടിപായിക്കാതെ വലതുഭാഗത്തുള്ള അനിരുദ്ധിലേക്ക‌് പന്ത‌്  കൈമാറി. ഒന്നു നിയന്ത്രിച്ചശേഷം അനിരുദ്ധ‌് കാൽവച്ചു. ഇടതുമൂലയിലേക്ക‌് അത‌് വളഞ്ഞിറങ്ങി. ആ ഗോളിൽ ഇന്ത്യ ജയമുറപ്പാക്കി. കളിയുടെ അവസാനഘട്ടത്തിൽ ആഷിഖിന‌് പകരമെത്തിയ ജെജെ ഇന്ത്യയുടെ നാലാംഗോളും നേടി. പത്തിന‌് ആതിഥേയരായ യുഎഇയുമായിട്ടാണ‌് ഇന്ത്യയുടെ അടുത്ത മത്സരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top