20 February Wednesday

പറന്നുവന്നു ഹിമ പൊന്നണിയാൻ

എം പ്രശാന്ത്Updated: Saturday Jul 14, 2018ന്യൂഡൽഹി
ഹിമയെന്ന പതിനെട്ടുകാരിയിലൂടെ ഇന്ത്യ ആ ചരിത്രനേട്ടം കുറിച്ചു. ട്രാക്ക് ഇനത്തിൽ ആദ്യമായി ഒരു അന്തർദേശീയ സ്വർണം. മിൽഖാ സിങ്ങിനും പി ടി ഉഷയ്ക്കുമെല്ലാം നേരിയ സമയവ്യത്യാസത്തിൽ കൈവിട്ടുപോയ നേട്ടത്തിലേക്കാണ് അസമിലെ ഒരു ഉൾനാടൻഗ്രാമത്തിൽനിന്നുള്ള ഹിമാദാസ് എന്ന പെൺകുട്ടി ഓടിക്കയറിയത്. വർഷങ്ങളായി അത്ലറ്റിക്സ് പരിശീലനം നടത്തുന്ന യുഎസിലെയും ജമൈക്കയിലെയുമൊക്കെ താരങ്ങളെ ബഹുദൂരം പിന്നിലാക്കിയ ഹിമ 18 മാസം മുമ്പു മാത്രമാണ് ട്രാക്കിലിറങ്ങിയത്.

ഫിൻലൻഡിലെ ടാമ്പിയറിൽ നടന്ന അണ്ടർ 20 ലോകമീറ്റിൽ 400 മീറ്ററിൽ അവിശ്വസനീയ കുതിപ്പ് നടത്തിയാണ് സുവർണനേട്ടം. അവസാന 80 മീറ്ററിൽ  മൂന്ന് എതിരാളികളെയാണ് ഹിമ പിന്തള്ളിയത്. 'ഓടിത്തുടങ്ങിയാൽ പിന്നെ എല്ലാവരുടെയും മുന്നിലെത്തുക മാത്രമാണ് എന്റെ ലക്ഷ്യം. അല്ലാതെ റെക്കോഡ്, സമയം, മെഡൽ തുടങ്ങിയ ചിന്തകളില്ല. എല്ലാവരുടെയും മുന്നിലോടുക. അത്രമാത്രം'. ഹിമയുടെ പ്രതികരണം എന്നും ഇങ്ങനെയാണ്. നീരജ്ചോപ്ര (ജാവലിൻ, സ്വർണം), സീമാ പൂണിയ, നവ്ജിത്കൗർ ധില്ലൺ (ഡിസ്കസ്, വെങ്കലം) എന്നിവരടങ്ങുന്ന എലൈറ്റ് ക്ലബ്ബിൽ ഹിമയും ഇടംപിടിക്കുകയാണ്.

ഇന്ത്യൻ അത്ലറ്റിക്സിന് ആകസ്മികമായി ഈ കായികപ്രതിഭയെ കണ്ടെത്തി നൽകിയതിൽ നന്ദി പറയേണ്ടത് ഷൈമസുൾ എന്ന കായികാധ്യാപകനോടാണ്. ഗ്രാമത്തിലെ പാടത്ത് ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ തട്ടിനടന്ന ഹിമയുടെ അമിതവേഗത്തിലുള്ള ഓട്ടം ശ്രദ്ധയിൽപ്പെട്ട് അത്ലറ്റിക്സിലേക്ക് വഴിതിരിച്ചത് ഷൈമസുളാണ്.

ഗുവാഹത്തിയിൽനിന്ന് 140 കിലോമീറ്റർ മാറി നവ്ഗാവ് ജില്ലയിലെ കന്ദുലിമാരിയെന്ന കുഗ്രാമമാണ് ഹിമയുടെ സ്വദേശം. ചെറുകിട കർഷകകുടുംബം. അച്ഛൻ: രഞ്ജിത് ദാസ്. അമ്മ: ജൊമാലി. അഞ്ചുകുട്ടികളിൽ ഇളയവൾ. നെൽക്കൃഷിയിൽനിന്നുള്ള തുച്ഛമായ വരുമാനംകൊണ്ട് കുടുംബംപുലർത്തിയിരുന്ന രഞ്ജിത്തും ജൊമാലിയും മകളിലെ കായികപ്രതിഭയെ കണ്ടെത്തി പരിശീലനത്തിനും മറ്റും അയക്കാൻ ശേഷിയുള്ളവരായിരുന്നില്ല. ഫുട്ബോളിനോടായിരുന്നു ഹിമയ്ക്ക് പ്രിയം. അത്ലറ്റിക്സിലേക്കു തിരിയാൻ കായികാധ്യാപകൻ ഷൈമസുൾ ഉപദേശിക്കുമ്പോൾ ഹിമ പ്ലസ്വൺ വിദ്യാർഥിനിയാണ്.

2016 സെപ്തംബറിൽ അസമിലെ ശിവസാഗറിൽ അന്തർജില്ലാ അത്ലറ്റിക് മീറ്റിലാണ് ഹിമയുടെ ആദ്യ പ്രകടനം. 100, 200 മീറ്ററുകളിൽ സ്വർണം നേടിയ ഹിമയെ നിപുൺ ദാസെന്ന യുവകോച്ച് ശ്രദ്ധിച്ചു. ട്രാക്കിലിറങ്ങി അധികമായിട്ടില്ലെന്നും വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്നും മനസ്സിലാക്കിയ നിപുൺ ഹിമയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. മകൾ വലിയൊരു അത്ലീറ്റാകുമെന്നും വിദഗ്ധപരിശീലനത്തിനായി തനിക്കൊപ്പം ഗുവാഹത്തിയിലേക്ക് അയക്കണമെന്നുമായിരുന്നു അഭ്യർഥന. അത്ര താൽപ്പര്യത്തോടെയല്ലെങ്കിലും നിപുണിന്റെ നിർബന്ധത്തിന് അവർ വഴങ്ങി. പിന്നീടെല്ലാം സ്വപ്നവേഗത്തിലായിരുന്നു.

2017 മേയിൽ ഡൽഹിയിൽ ഇന്ത്യൻ ഗ്രാൻപ്രിയിൽ 100 മീറ്ററിൽ അഞ്ചാം സ്ഥാനത്തോടെയാണ് ദേശീയതലത്തിൽ തുടക്കം. ചെന്നൈയിൽ അതേ വർഷം സെപ്തംബറിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ 200 മീറ്ററിൽ ഒന്നാമതെത്തി ഹിമ എല്ലാവരെയും അമ്പരപ്പിച്ചു. വൈകാതെ ഇന്ത്യൻ ക്യാമ്പിലെത്തിയ ഹിമയെ ദേശീയ പരിശീലകർ 400 മീറ്ററിലേക്ക് വഴിമാറ്റി. കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ 400 മീറ്റർ ഓടിയ ഹിമ പൂവമ്മ അടക്കമുള്ള പരിചയസമ്പന്നരെ പിന്നിലാക്കി സ്വർണം നേടി. ഒപ്പം ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലേക്കുള്ള ടിക്കറ്റും. ഗോൾഡ്കോസ്റ്റിൽ ആറാമതായി ഫിനിഷ്ചെയ്ത ഹിമ 51.32 എന്ന മികച്ച സമയം നേടി. കഴിഞ്ഞമാസം ഗുഹാഹത്തിയിൽ നടന്ന ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കുറിച്ച 51.13 ആണ് 400 മീറ്ററിലെ ഹിമയുടെ മികച്ച സമയം.

ഹിമയുടെ ഓട്ടം തുടങ്ങിയിട്ടേയുള്ളൂ. ഏതാനും സെക്കൻഡുകളുടെ വെട്ടിക്കുറവുകൂടി സമയത്തിൽ വരുത്തിയാൽ ലോകവേദികളിൽ ഇനിയും ഹിമയുടെ പേര് ഉയർന്നുകേൾക്കും.

പ്രധാന വാർത്തകൾ
 Top