09 December Friday

മൊറിയാസു മാജിക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ദോഹ
ലോകകപ്പിൽ ജപ്പാൻ ഒരിക്കലും ക്വാർട്ടർ എത്തിയിട്ടില്ല. ഇക്കുറി ആ സ്വപ്‌നം പൂർത്തിയാക്കുമെന്നാണ്‌ ജപ്പാൻ പരിശീലകൻ ഹാജിമെ മൊറിയാസുവിന്റെ ഉറപ്പ്‌. ഗ്രൂപ്പ്‌ ഇയിലെ ആദ്യകളിയിൽ ജർമനിയെ കീഴടക്കിയത്‌ ജപ്പാൻ ആത്മവിശ്വാസത്തിലാണ്‌. ഈ ജയം പ്രീ ക്വാർട്ടറിലേക്കുള്ള വഴിയാകുമെന്ന്‌ അവർ വിശ്വസിക്കുന്നു.
മൊറിയാസുവിന്റെ തന്ത്രങ്ങളാണ്‌ ജപ്പാന്റെ ജീവൻ. പന്തിന്മേൽ 26 ശതമാനംമാത്രം നിയന്ത്രണംവച്ചായിരുന്നു ജപ്പാൻ ജർമനിയെ കീഴടക്കിയത്‌. രണ്ടു മനോഹരഗോളുകൾ നേടിയത്. രണ്ടാംപകുതിയിൽ മൊറിയാസു നടത്തിയ മാറ്റങ്ങൾ കളിഗതി പാടേ മാറ്റി. ജർമൻ ക്ലബ് ഫ്രെയ്‌ബുർഗിൽ കളിക്കുന്ന റിറ്റ്‌സു ദൊയാനും വിഎഫ്‌എൽ ബൊചുമിന്‌ കളിക്കുന്ന താകുമ അസാനോയും പകരക്കാരായെത്തി കളംപിടിക്കുകയായിരുന്നു.

മൊറിയാസുവിന്റെ ടീമിൽ എട്ടുപേർ ജർമൻ ലീഗിൽ കളിക്കുന്നവരാണ്‌. 90 മിനിറ്റും പൊരുതുക എന്നതായിരുന്നു മൊറിയാസു കളിക്കാർക്ക്‌ നൽകിയ നിർദേശം.
ജപ്പാൻ ടീമിൽ മധ്യനിര താരമായിരുന്ന മൊറിയാസു കഴിഞ്ഞ അഞ്ചുവർഷമായി ടീമിന്റെ പരിശീലകസംഘത്തിലുണ്ട്‌. റഷ്യൻ ലോകകപ്പിൽ സഹപരിശീലകനായിരുന്നു. പ്രീ ക്വാർട്ടറിൽ ബൽജിയത്തോട്‌ പൊരുതിത്തോറ്റായിരുന്നു മടക്കം.

തുടർന്നാണ്‌ മുഖ്യപരിശീലകനായി മൊറിയാസു രംഗത്തെത്തിയത്‌. എഎഫ്‌സി ഏഷ്യൻ കപ്പിൽ ജപ്പാനെ ഫൈനൽവരെ എത്തിച്ചു. ഫൈനലിൽ ഖത്തറിനോട്‌ തോറ്റു. പ്രതിരോധതാരം തകേഹിരോ തൊമിയാസുവിനെപ്പോലുള്ള താരങ്ങളെ ഉയർത്തിക്കൊണ്ടുവന്നു. 2018 ലോകകപ്പിൽ കളിച്ച രണ്ടു കളിക്കാരെമാത്രമാണ്‌ മൊറിയാസു നിലനിർത്തിയത്‌. മയ യോഷിദയും ഹിറോകി സകായിയും. ടോക്യോ ഒളിമ്പിക്‌സിൽ ടീം നാലാംസ്ഥാനത്തായതോടെ ഈ അമ്പത്തിനാലുകാരന്‌ വലിയ വിമർശം നേരിടേണ്ടിവന്നു. എന്നാൽ, മൊറിയാസു രീതി മാറ്റിയില്ല. ജർമനിക്കെതിരായ അത്ഭുതജയംകൊണ്ടാണ്‌ ഈ പരിശീലകൻ മറുപടി നൽകിയത്‌. 27ന്‌ നടക്കുന്ന അടുത്ത മത്സരത്തിൽ കോസ്‌റ്ററിക്കയെ തോൽപ്പിച്ചാൽ ജപ്പാന്‌ പ്രീ ക്വാർട്ടർ സ്വപ്‌നം കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top