14 July Tuesday

‘അർജുന’നാകാൻ പ്രണോയിയുടെ അപേക്ഷ

സ്‌പോർട്‌സ്‌ ലേഖകൻUpdated: Saturday Jun 6, 2020



കൊച്ചി
ഇന്ത്യയുടെ മലയാളി ബാഡ്‌മിന്റൺ താരം എച്ച്‌ എസ്‌ പ്രണോയ്‌, അർജുന പുരസ്‌കാരത്തിന്‌ നേരിട്ട്‌ അപേക്ഷ നൽകി. ബാഡ്‌മിന്റൺ അസോസിയേഷൻ ഓഫ്‌ ഇന്ത്യ പരിഗണിക്കാത്തതിനെ തുടർന്നാണ്‌ പുതിയ നീക്കം. കോവിഡിന്റെ സാഹചര്യത്തിൽ കായികസംഘടനകൾ വഴിയല്ലാതെ കളിക്കാർക്ക്‌ സ്വന്തം നിലയ്‌ക്ക്‌ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാമെന്ന്‌ കായികമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

‘ഓൺലൈൻ വഴി അപേക്ഷ അയച്ചു. എന്ത്‌ സംഭവിക്കുമെന്ന്‌ കാത്തിരുന്നുകാണാം. അച്ചടക്കനടപടിയെ ഭയക്കുന്നില്ല. ഈ സംഭവങ്ങളൊന്നും കളിയെ ബാധിക്കില്ല’–- തിരുവനന്തപുരത്തെ വീട്ടിലുള്ള പ്രണോയ്‌ പറഞ്ഞു.

അർജുന പുരസ്‌കാരത്തിനുള്ള ശുപാർശയിൽ തുടർച്ചയായി മൂന്നാംതവണയാണ്‌ പ്രണോയ്‌ തഴയപ്പെട്ടത്‌. അർജുന അവാർഡിന്റെ കഥ പഴയപോലെ തുടരുകയാണെന്ന്‌ പ്രണോയ്‌ ട്വിറ്ററിൽ കുറിച്ചു. ‘കോമൺവെൽത്ത്‌ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിട്ടും ബാഡ്‌മിന്റൺ അസോസിയേഷന്റെ ശുപാർശയില്ല. ഈ പ്രധാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാത്ത താരത്തിനെ അർജുന അവാർഡിന്‌ ശുപാർശ ചെയ്‌തു. ഈ രാജ്യത്തിന്റെ കാര്യം തമാശതന്നെ’.

ബാഡ്‌മിന്റൺ ഡബിൾസ്‌ താരങ്ങളായ സാത്വിക്‌ സായ്‌രാജ്‌ രങ്കി റെഡ്ഡി, ചിരാഗ്‌ റെഡ്ഡി, സിംഗിൾസ്‌ താരം സമീർ വർമ എന്നിവരെയാണ്‌ ബാഡ്‌മിന്റൺ അസോസിയേഷൻ ശുപാർശ ചെയ്‌തത്‌. നാലുവർഷത്തെ പ്രകടനമാണ്‌ പരിഗണിച്ചതെന്നാണ്‌ അസോസിയേഷന്റെ വിശദീകരണം. കഴിഞ്ഞവർഷവും പരിഗണിക്കാത്തതിന്‌ കടുത്ത ഭാഷയിൽ പ്രണോയ്‌ പ്രതികരിച്ചിരുന്നു. പ്രണോയിയുടെ പരസ്യ പ്രതികരണത്തിൽ അസോസിയേഷൻ ഭാരവാഹികൾ കടുത്ത അമർഷത്തിലാണ്‌. ഈ യുവതാരത്തിനെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ്‌ അസോസിയേഷനിലെ ഭൂരിപക്ഷത്തിന്റെയും ആവശ്യം.


പ്രധാന വാർത്തകൾ
 Top