Deshabhimani

ഐ ലീഗ് ഫുട്ബോൾ ; തട്ടകത്തിൽ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 10:57 PM | 0 min read


കോഴിക്കോട്‌
സ്വന്തം തട്ടകത്തിലെ ആദ്യകളിയിൽ ഗോകുലത്തിന്‌ സമനിലക്കുരുക്ക്‌. ഐലീഗ്‌ ഫുട്‌ബോളിൽ ഐസ്വാൾ എഫ്‌സിയാണ്‌ 1–-1ന്‌ തളച്ചത്‌.  കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ഗോകുലം കേരള എഫ്‌സിക്കായി മലയാളി മധ്യനിരക്കാരൻ പി പി റിഷാദും ഐസ്വാളിനായി മുന്നേറ്റക്കാരൻ ലാൽ ഹൃയത്പുയയും ഗോൾ നേടി.

തുടക്കംമുതൽ ആക്രമിച്ചുകളിച്ച ഗോകുലത്തിന്‌ ലക്ഷ്യം പിഴയ്‌ക്കുന്നതാണ്‌ കണ്ടത്‌. 13–-ാംമിനിറ്റിൽ ഹൃയത്പുയയിലൂടെ ഐസ്വാളാണ്‌ ആദ്യം വലകുലുക്കിയത്‌. ബിയാകാത്ത എടുത്ത കോർണർ കിക്ക്‌ ഹൃയത് കൃത്യമായി വലയിലേക്ക്‌ കുത്തിയിട്ടു. തൊട്ടുപിന്നാലെ ഗോളി ഹ്രിയാത്‌പുയ പരിക്കുപറ്റി കളംവിട്ടത്‌ ഐസ്വാളിന്‌ തിരിച്ചടിയായി.

പിന്നിലായതോടെ തുടരെയുള്ള മുന്നേറ്റങ്ങളിലൂടെ ഗോകുലം എതിർ ഗോൾമുഖം വിറപ്പിച്ചു. ആദ്യപകുതിക്ക്‌ പിരിയുന്നതിന്‌ നിമിഷങ്ങൾക്കുമുമ്പ്‌ റിഷാദ്‌ ഗോകുലത്തെ ഒപ്പമെത്തിച്ചു. പരിക്കുസമയത്ത്‌ മൈതാനമധ്യത്തുനിന്ന്‌ സ്‌പാനിഷ്‌ താരമായ ക്യാപ്‌റ്റൻ സെർജിയോ ലാമാസ്‌ നീട്ടി നൽകിയ പാസ്‌ റിഷാദ്‌ കാലിലാക്കി. ബോക്‌സിന്‌ പുറത്തുനിന്ന്‌ തൊടുത്ത പന്ത്‌ ഐസ്വാൾ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി ഗോൾവലയുടെ ഇടതുമൂലയിൽ മുകളിലായി വിശ്രമിച്ചു. അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ മുന്നിൽനിന്ന ഗോകുലത്തിന്‌ ഫിനിഷിങ് പിഴയ്‌ക്കുന്നതാണ്‌ രണ്ടാംപകുതിയിൽ കണ്ടത്‌. പകരക്കാരനായി ഇറങ്ങിയ ഗോളി ജോയൽ പലകുറി മിസോറാം ടീമിന്റെ രക്ഷകനായി. മഴ ഭീഷണിയിൽ പ്രതീക്ഷച്ചത്ര കാണികൾ എത്തിയില്ല. 6243 പേർ ഗ്യാലറിയിലെത്തി.

മൂന്നു കളിയിൽ രണ്ട്‌ സമനിലയും ഓരു ജയവുമായി അഞ്ച്‌ പോയിന്റാണ്‌ ഇരു ടീമിനും. ഗോൾ വ്യത്യാസത്തിൽ ഐസ്വാൾ പട്ടികയിൽ മൂന്നാമതും ഗോകുലം നാലാമതുമാണ്‌. നാംധാരി ക്ലബ്ബിനെ ഒരു ഗോളിന്‌ കീഴടക്കി ഏഴ്‌ പോയിന്റുമായി ഡെമ്പോ ഗോവ ഒന്നാമതെത്തി. ആറ്‌ പോയിന്റുള്ള ഇന്റർകാശിയാണ്‌ രണ്ടാമത്‌. ഏഴിന്‌ കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ചർച്ചിൽ ബ്രദേഴ്‌സുമായാണ്‌ ഗോകുലത്തിന്റെ അടുത്ത കളി.



deshabhimani section

Related News

0 comments
Sort by

Home