09 October Wednesday

ലൂയിസ്‌ ദെ ലാ ഫുയന്റെ ; ഹൃദയം 
മാറ്റിയ 
ഡോക്‌ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

image credit euro cup facebook


ബെർലിൻ
സ്‌പെയ്‌നിന്റെ ഹൃദയം വിജയകരമായി മാറ്റിവച്ച ഡോക്ടറാകുന്നു ലൂയിസ്‌ ദെ ലാ ഫുയന്റെ. ഒരു പതിറ്റാണ്ടായി ‘ടികി ടാക’ കളിശൈലിയിൽ ഒതുങ്ങിനിന്ന സ്‌പെയ്‌നിനെ ഒന്നരവർഷംകൊണ്ട്‌ ഫുയന്റെ പൊളിച്ചെഴുതി. എങ്ങനെ കളിച്ചാലും ടികി ടാകയാകുന്ന സ്‌പെയ്‌നായിരുന്നു. പന്തിൽ ആധിപത്യം പുലർത്തി, അനേകം പാസുകളിലൂടെ മുന്നേറുന്ന ശൈലി. ഈ കളിരീതിയിലൂടെ ലോകകപ്പും രണ്ട്‌ യൂറോയും ഉയർത്തുകയും ചെയ്‌തു. എന്നാൽ, 2014 ലോകകപ്പുമുതൽ തിരിച്ചടി തുടങ്ങി. സ്‌പെയ്‌ൻ ഓർമ മാത്രമായി. കഴിഞ്ഞ ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്തായതിന്‌ പിന്നാലെയാണ്‌ മുൻചാമ്പ്യൻമാർ വലിയ തീരുമാനമെടുത്തത്‌. ലൂയിസ്‌ എൻറിക്വെയെന്ന പ്രസിദ്ധ പരിശീലകനെ പുറത്താക്കുക, പകരം ഫുയന്റെയെ നിയമിക്കുക.

സ്‌പെയ്‌നിന്‌ പുറത്ത്‌ ഫുയന്റെയെ ആർക്കുമറിയില്ല. അന്ന്‌ പ്രായം 61. വമ്പൻ ക്ലബ്ബുകളുടെ ചുമതല വഹിച്ചിട്ടില്ല. സൂപ്പർതാരങ്ങളെ നിയന്ത്രിച്ച്‌ പരിചയമില്ല. സ്‌പെയ്‌ൻ പോലുള്ള ഒരു ടീമിന്‌ ഇയാൾ മതിയാകുമോ എന്ന്‌ പലരും ആശ്ചര്യപ്പെട്ടു. എന്നാൽ, 2013 മുതൽ യൂത്ത്‌ ടീമുകളുടെ ചുമതല വഹിക്കുന്ന ഫുയന്റെയെ സ്‌പാനിഷ്‌ ഫെഡറേഷന്‌ വിശ്വാസമായിരുന്നു. ഒരു അഴിച്ചുപണിയായിരുന്നു അവർ ആവശ്യപ്പെട്ടത്‌. ഒന്നരവർഷംകൊണ്ട്‌ ലക്ഷ്യം സാധിച്ചു. സ്‌പെയ്‌ൻ അണ്ടർ 19, അണ്ടർ 21 ടീമുകളെ യൂറോ ജേതാക്കളാക്കിയിട്ടുണ്ട്‌ ഫുയന്റെ.  റോഡ്രി, പെഡ്രി, ഫാബിയാൻ റൂയിസ്‌, ഡാനി ഒൽമോ തുടങ്ങി ഇന്ന്‌ ടീമിലുള്ള ഒമ്പതുപേരെ അന്ന്‌ പരിശീലിപ്പിച്ചിട്ടുണ്ട്‌. ഈ ബന്ധം ഗുണം ചെയ്‌തു. നാളുകളായി ദേശീയ ടീമിൽ തുടരുന്ന റയൽ മാഡ്രിഡ്‌–-ബാഴ്‌സലോണ പോരും പരിശീലകൻ ഒഴിവാക്കി. 26 അംഗ ടീമിൽനിന്ന്‌ എട്ട്‌ താരങ്ങളെ മാത്രമാണ്‌ റയലിൽനിന്നും ബാഴ്‌സയിൽനിന്നും ഉൾപ്പെടുത്തിയത്‌. അതിൽത്തന്നെ മൂന്നുപേരാണ്‌ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടത്‌. ഫൈനലിൽ രണ്ടുപേരും. സീനിയർ–-ജൂനിയർ എന്ന വ്യത്യാസവും ഇല്ലാതാക്കി.

ഇരുവിങ്ങിലും നിക്കോ വില്യംസിനെയും ലമീൻ യമാലിനെയും അണിനിരത്തിയുള്ള ശൈലിയാണ്‌ ഫുയന്റെ ആവിഷ്‌കരിച്ചത്‌. മധ്യനിരയിൽ കളി ഒതുക്കിയില്ല. ഇരുഭാഗത്തുനിന്നും ആക്രമണം വന്നതോടെ കൂടുതൽ വിടവുകളുണ്ടായി. ബോക്‌സിൽ ഗോളടിക്കാനായി അൽവാരോ മൊറാട്ടയെ പ്രതിഷ്‌ഠിച്ചു. ഇതോടെ പന്തിൽ നിയന്ത്രണമില്ലെങ്കിലും ഗോളടിക്കാൻ തുടങ്ങി.

ഈ യൂറോയിലെ ആദ്യകളിയിൽ ക്രൊയേഷ്യക്കെതിരെ 20 വർഷത്തിനിടയിൽ പന്തിൽ ഏറ്റവും കുറഞ്ഞ നിയന്ത്രണമായിരുന്നു. ആ മത്സരം മൂന്ന്‌ ഗോളിന്‌ ജയിക്കുകയും ചെയ്‌തു. യൂറോയെ കൂടാതെ നേഷൻസ്‌ ലീഗിലും ഫുയന്റെ സ്‌പെയ്‌നിനെ ചാമ്പ്യൻമാരാക്കി. അറുപത്തിമൂന്നുകാരനുമായുള്ള കരാർ 2026 ലോകകപ്പുവരെ പുതുക്കി സ്‌പെയ്‌ൻ സ്വപ്‌നം കാണുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top