06 December Friday

ഈ യൂറോ കടുക്കും; ആറ്‌ ഗ്രൂപ്പുകൾ, 24 ടീമുകൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ബുച്ചാറെസ്റ്റ്‌ > അടുത്തവർഷം അരങ്ങേറുന്ന യൂറോ കപ്പ്‌ ഫുട്‌ബോളിലെ ഗ്രൂപ്പുകളായി. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും ലോക ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ജർമനിയും ഉൾപ്പെടുന്ന എഫ്‌ ഗ്രൂപ്പാണ്‌ ഏറ്റവും കടുത്തത്‌. ആറ്‌ ഗ്രൂപ്പുകളിലായി നാല്‌ ടീമുകൾ വീതം അണിനിരക്കും.

20 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. നാല്‌ ടീമുകൾ പ്ലേ ‌ഓഫ്‌ കടമ്പ കടന്നെത്തും. ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 നഗരങ്ങളിലായാണ്‌ ചാമ്പ്യൻഷിപ്‌ നടത്തുന്നത്‌. യൂറോ കപ്പിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായാണ്‌ പ്രേത്യേക വേദിയില്ലാതെ മത്സരങ്ങൾ നടത്തുന്നത്‌. ഉദ്‌ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും. റോമാണ്‌ വേദി. കിരീടസാധ്യതകളിൽ മുന്നിലുള്ള ടീമുകളാണ്‌ ഫ്രാൻസും ജർമനിയും പോർച്ചുഗലും.

പ്ലേ ഓഫ്‌ കളിച്ചെത്തുന്ന ഒരു ടീം കൂടി ഗ്രൂപ്പിൽ ഉൾപ്പെടും. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാരും നാല്‌ മികച്ച മൂന്നാംസ്ഥാനക്കാരുമാണ്‌ പ്രീ ക്വാർട്ടറിന്‌ യോഗ്യത നേടുക. ഗ്രൂപ്പ്‌ എയിൽ ഇറ്റലിക്ക്‌ വലിയ വെല്ലുവിളികളില്ല. ടൂർണമെന്റിന്‌ ഏറ്റവും ആദ്യം ടിക്കറ്റെടുത്ത ബൽജിയം ബി ഗ്രൂപ്പിലാണ്‌. ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒരേ ഗ്രൂപ്പിലാണ്‌. സ്‌പെയ്‌നിന്‌ പോളണ്ടും സ്വീഡനുമാണ്‌ വെല്ലുവിളി.

നെതർലൻഡ്‌സിന്‌ കാര്യങ്ങൾ എളുപ്പമാകും. ഉക്രയ്‌ൻ, ഓസ്‌ട്രിയ എന്നിവരാണ്‌ ഡച്ചുകാരുടെ പ്രാഥമിക ഘട്ടത്തിലെ എതിരാളികൾ. പ്ലേ ‌ഓ‌ഫ്‌ കളിച്ച്‌ ഒരു ടീമും എത്തും.
മാർച്ചിൽ നടക്കുന്ന പ്ലേ‌ ഓ‌ഫ്‌ മത്സരങ്ങളിൽ 16 ടീമുകളാണ്‌ നാല്‌ സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത്‌. 2016ൽ ഫ്രാൻസിൽ നടന്ന യൂറോയിൽഫ്രഞ്ചുകാരെ കീഴടക്കിയാണ്‌ പോർച്ചുഗൽ കന്നിക്കിരീടം ചൂടിയത്‌.


പ്രധാന വാർത്തകൾ
 Top