19 September Thursday

അവൾ പൂമ്പാറ്റയെപ്പോലെ ഒഴുകി, തേനീച്ചയെപ്പോലെ നോവിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പാരിസ്‌
ഇടിക്കൂട്ടിൽ അവൾ പൂമ്പാറ്റയെപ്പോലെ ഒഴുകി, തേനീച്ചയെപ്പോലെ നോവിച്ചു. എല്ലാ കുഴപ്പങ്ങളിൽനിന്നുമുള്ള മോചനമായിരുന്നു സിൻഡി എൻഗാംബയ്‌ക്ക്‌ ബോക്‌സിങ്‌. ഇരുപത്തഞ്ച്‌ വയസ്സിനിടെ അവൾ കടന്നുപോയ വഴികൾ കഠിനമായിരുന്നു. പാരിസിലെ റിങ്ങിൽ ഫ്രഞ്ചുകാരി ദാവീന മിച്ചേലിനെ ഇടിച്ചിട്ട്‌ മെഡൽ ഉറപ്പിച്ചപ്പോൾ അവളിലൂടെ ചരിത്രം കുറിക്കപ്പെട്ടു. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ അഭയാർഥി താരം. |

2016 മുതൽ അഭയാർഥി അത്‌ലീറ്റുകൾ ഒളിമ്പിക്‌സിലുണ്ട്‌. റിയോയിലും ടോക്യോയിലും മെഡലുണ്ടായിരുന്നില്ല. ഇത്തവണ എൻഗാംബ പുതിയ അധ്യായം കുറിച്ചു. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ സെമിയിലെത്തിയാണ്‌ നേട്ടം. വെള്ളിയാഴ്‌ച നടക്കുന്ന സെമിയിൽ പാനമയുടെ അതെയ്‌ന ബൈലോണാണ്‌ എതിരാളി. ജയിച്ചാൽ സ്വർണമോ  വെള്ളിയോ ഉറപ്പിക്കാം. തോറ്റാൽ വെങ്കലവുമായി മടക്കം. രണ്ടായാലും തല ഉയർത്തിയാണ്‌ എൻഗാംബ മടങ്ങുക.

കാമറൂണിൽനിന്ന്‌ 11–-ാംവയസ്സിൽ ഇംഗ്ലണ്ടിലേക്ക്‌ കുടിയേറിയതാണ്‌ എൻഗാംബയും കുടുംബവും. അവിടെ പൗരത്വം കിട്ടിയില്ല. 18–-ാംവയസ്സിൽ സ്വവർഗാനുരാഗിയാണെന്ന്‌ പ്രഖ്യാപിച്ചു. അതോടെ ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്ക്‌ നിലച്ചു. കാമറൂണിൽ സ്വവർഗാനുരാഗം കുറ്റമാണ്‌. അഞ്ചു വർഷംവരെ തടവിൽ കഴിയണം. ഇംഗ്ലണ്ടിൽ പൗരത്വത്തിനായി ശ്രമിക്കവെ എൻഗാംബയെയും സഹോദരനെയും പൊലീസ്‌ പിടികൂടി. രണ്ട്‌ ദിവസം ഇരുട്ടറയിൽ കഴിയേണ്ടിവന്നു. ഇതിനിടെ പഠനത്തിനൊപ്പം ബോക്‌സിങ്ങിലും കേന്ദ്രീകരിച്ചു.

അതിവേഗത്തിലായിരുന്നു വളർച്ച. ബ്രിട്ടീഷ്‌ ടീമിനൊപ്പം പരിശീലനം നടത്തി. പാസ്‌പോർട്ട്‌ ഇല്ലാത്തതിനാൽ അവർക്കൊപ്പം മത്സരിക്കാനാകില്ലായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ വിഭാഗങ്ങളിൽ ചാമ്പ്യനായി. രാജ്യാന്തര ഒളിമ്പിക്‌ സമിതിയുടെ അഭയാർഥി സ്‌കോളർഷിപ്‌ ലഭിച്ചതോടെ ടീമംഗമായി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. പിന്നാലെ ഒളിമ്പിക്‌സിലും. അഭയാർഥി ടീമിന്റെ പതാകവാഹകരിൽ ഒരാളായി.

പത്ത്‌ കോടിയിലധികമുള്ള അഭയാർഥികൾക്കാണ്‌ എൻഗാംബ മെഡൽ സമർപ്പിച്ചത്‌. ‘സ്വപ്നം കാണൂ...നിങ്ങളെ ആർക്കും തടയാനാകില്ല. നമ്മളും മനുഷ്യരാണ്‌’–-ഇരുപത്തഞ്ചുകാരി പറഞ്ഞു. പാരിസിൽ 36 അഭയാർഥി അത്‌ലീറ്റുകളാണ്‌ മത്സരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top