16 January Saturday

മഞ്ചലൊരുങ്ങി മൈതാനം ഉറങ്ങി

പ്രദീപ്‌ ഗോപാൽUpdated: Friday Nov 27, 2020

ദ്യേഗോ മാറഡോണയുടെ മൃതദേഹം ആശുപത്രിയിൽനിന്ന്‌ പുറത്തെത്തിച്ചപ്പോൾ. പത്താം നമ്പർ ജഴ്‌സികൾ പുതപ്പിച്ചിരിക്കുന്നു


‘അവരിൽ അഗ്‌നി കൊളുത്തൂ,
അപമാനത്തിന്റെ ആ ദേശത്തെ ചുട്ടെരിക്കൂ’

1984ൽ നേപ്പിൾസിൽ കാലുകുത്തുമ്പോൾ ദ്യേഗോ മാറഡോണയുടെ ചെവിയിൽ ആദ്യം വീണ വാക്കുകൾ അതായിരുന്നു. സാൻപോളോയിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിൽ ശാപവാക്കുകൾ ഓരോന്നായി പടർന്നുകയറി. അതൊരു സംഘശബ്‌ദമായി മുഴങ്ങി. ഇറ്റലിയിലെ തെക്കുഭാഗത്തെ തുറമുഖ നഗരം യുവന്റസുകാർക്കും മിലാൻകാർക്കും ദാരിദ്ര്യത്തിന്റെ രൂപമായിരുന്നു. നേപ്പിൾസുകാരിൽ അവർ വെറുപ്പ്‌ തുപ്പി. ബാഴ്‌സലോണയിലെ രാജകിരീടം വച്ചൊഴിഞ്ഞ്‌ നേപ്പിൾസിനെ തൊട്ടപ്പോൾ മാറഡോണ പറഞ്ഞു.

‘ബാഴ്‌സയിൽ എനിക്കൊന്നും നേടാനായില്ല, എന്റെ കൈയിൽ ചില്ലിക്കാശുപോലുമില്ല. ഞാൻ ഇപ്പോൾ നേപ്പിൾസിനെ സ്‌നേഹിക്കുന്നു’

മാറഡോണ വന്നിറങ്ങിയത്‌ നേപ്പിൾസുകാരുടെ ഹൃദയത്തിലേക്കായിരുന്നു. ലോക ഫുട്‌ബോളിന്റെ പെരുമയുടെ പേരുകളിലൊന്നിലും പെടാത്തതായിരുന്നു നാപോളി. കടംമൂടി തകർന്നുപോയവർ. യുവന്റസും മിലാൻ ടീമുകളുമൊക്കെ വിരാജിച്ചുനിന്ന ഇറ്റാലിയൻ ലീഗിൽ കടുത്ത ദാരിദ്ര്യം പുതച്ചുറങ്ങുന്ന സംഘമായിരുന്നു നാപോളി. ആ ദാരിദ്ര്യ കൂടാരത്തിലേക്കായിരുന്നു കൈയുംവീശി മാറഡോണ നടന്നെത്തിയത്‌. അയാൾ അവർക്ക്‌ ജീവിതം നൽകി. തെരുവുകളിൽ ആഘോഷം നൽകി. 1987ലും 1990ലും നാപോളിയെ ഇറ്റാലിയൻ ചാമ്പ്യൻമാരാക്കി. യൂറോപ്യൻ ഫുട്‌ബോൾ കിരീടം നൽകി. പക്ഷേ, മാറഡോണ നേപ്പിൾസിൽനിന്ന്‌ തിരിച്ചുവാങ്ങിയത്‌ ലഹരി മാത്രമായിരുന്നു. ആ ലഹരിയിൽ അയാൾ കെട്ടടങ്ങി. പൂർണതയ്‌ക്കും ഇപ്പുറം എവിടെയോ സ്വയം അവസാനിപ്പിച്ചു. ജീവിതവും ലഹരിയും അവിടെയായിരുന്നു. സാൻപോളോയിലെ പുൽത്തലപ്പുകളെ തഴുകിയ പാദങ്ങൾ, പിന്നെ ലഹരിയുടെ ഉൻമാദത്തിൽ നിലയുറപ്പിക്കാനാകാതെ ഉലഞ്ഞുനീങ്ങി.  

വില്ല ഫിയോറിട്ടോയിലെ ചേറുപുരണ്ട വഴികളിൽ പന്തു തട്ടി നടന്ന ബാല്യം. പതിനൊന്നാം വയസ്സിൽ പന്തുമായി കളത്തിലേക്കിറങ്ങി. അച്ഛനും അമ്മയ്‌ക്കും നാല്‌ ചേച്ചിമാർക്കുംകൂടി ഒരു വീട്‌. അടച്ചുറപ്പുള്ള, ഭംഗിയുള്ള ഒരു കൂടാരം. അതായിരുന്നു സ്വപ്‌നം. പതിനഞ്ചാം വയസ്സിൽ ആദ്യമായി പ്രൊഫഷണൽ മത്സരത്തിന്‌ ഇറങ്ങി. ഫിയോറിട്ടോയിലെ ആ തുകൽപ്പന്ത്‌ മാറഡോണയെക്കൊണ്ട്‌ കാലങ്ങൾ സഞ്ചരിപ്പിച്ചു. ദേശങ്ങൾ കാണിച്ചു. പിന്നെ മാറഡോണയ്‌ക്ക്‌ ഒറ്റ ലോകമേ ഉണ്ടായിരുന്നുള്ളു–- ഫുട്‌ബോൾ. പിന്നീട്‌ ജീവിതത്തിൽ ഒരിക്കൽപ്പോലും മാറഡോണ ഫിയോറിട്ടോയിലേക്ക്‌ തിരിച്ചുപോയില്ല.

‘എന്റെ മുക്തിയാണ്‌ ഫുട്‌ബോൾ. കളത്തിലിറങ്ങുമ്പോൾ ഞാൻ ജീവിതം കാണാറില്ല, വേദനകൾ അറിയാറില്ല. ഒഴുകിയൊഴുകി നീങ്ങും’–- മാറഡോണ പറഞ്ഞു.

ചില ദേശങ്ങളിൽ അയാൾ കലാപകാരിയായി. ചിലർക്ക്‌ ചതിയനായി. നിഷേധിയും നായകനും വീരനുമായി.
കളത്തിൽ എതിരാളികളുടെ ഫൗളുകളിൽ വീണ്‌ തിരിച്ചെത്തി ഗോൾ തൊടുക്കുമ്പോഴും ജീവിതത്തിൽ സ്വയം സൃഷ്ടിച്ച പിഴവുകളിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. ഉൻമാദം നിറഞ്ഞപ്പോൾ കളത്തിൽ തന്റെ ചലനങ്ങൾ തെറ്റിയതുപോലും അറിഞ്ഞില്ല. വിലക്കും അറസ്‌റ്റും പുറത്താക്കലുമൊക്കെയായി ആ ഫുട്‌ബോൾ ജീവിതം അപൂർണമായി അവസാനിച്ചു. അപ്പോഴേക്കും ഏത്‌ കാലത്തേക്കുമുള്ള സുന്ദര നീക്കങ്ങളും നിമിഷങ്ങളും എഴുതിച്ചേർത്തിരുന്നു. ആ നിമിഷങ്ങളിലെ അമരത്വത്തിൽ മാറഡോണ തെളിഞ്ഞുനിൽക്കുന്നു.

എറണാകുളം കറുകപ്പള്ളി കുഡോസ് ക്ലബിന്റെ നേതൃത്വത്തിൽ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ

എറണാകുളം കറുകപ്പള്ളി കുഡോസ് ക്ലബിന്റെ നേതൃത്വത്തിൽ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ
പൂത്തുലഞ്ഞു നിൽക്കുന്ന സമയത്തും നിഷേധിയുടെ മനസ്സ്‌ വിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി രാഷ്‌ട്രീയം തെളിഞ്ഞു. അത് പോരാളികൾക്കൊപ്പമായിരുന്നു. ബൊക്ക ജൂനിയേഴ്‌സും ബാഴ്‌സലോണയും നാപ്പോളിയുമൊക്കെ തെരഞ്ഞെടുപ്പുകളിൽ വന്നത്‌ അങ്ങനെയാണ്‌.

1985 നവംബർ മൂന്നിന്‌ സാൻപോളോയിൽ യുവന്റസുമായുള്ള കളി. സ്‌റ്റേഡിയത്തിൽ ബാനറുകളിൽ നാപോളിയെ വംശീയമായി അധിക്ഷേപിക്കുന്ന ബാനറുകൾ തെളിഞ്ഞു. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ. മാറഡോണയ്‌ക്കു നേരെ പരിഹാസങ്ങളെറിഞ്ഞു. അയാളുടെ ഉള്ളിലെ കലാപകാരിയിൽ കനലാളി. പന്തിൽ തൊട്ടപ്പോൾ അത്‌ ആഞ്ഞു കത്താൻ തുടങ്ങി. ഒടുവിൽ വളഞ്ഞിറങ്ങിയ ഫ്രീകിക്കിൽ യുവന്റസ്‌ വല ചിതറി. മത്സരം കഴിഞ്ഞപ്പോൾ നേപ്പിൾസ്‌ ഇളകി.
പുറത്ത്‌ കാത്തുനിന്ന പത്രക്കാർ മാറഡോണയെ പൊതിഞ്ഞു.

‘ ആ ഗോളിന്റെ നിറമെന്തായിരുന്നു’
മാറഡോണ ചിരിച്ചു–- നീല, നേപ്പിൾസിന്റെ നിറം. ഈ ജനതയുടെ നിറം’
അന്ന്‌ കളി കണ്ട ചിലർ മോഹാല്യസപ്പെട്ട്‌ വീണു.
തെരുവുകളിൽ നീലനിറം പടർന്നു. അവർ ജീവിതം തിരിച്ചുപിടിച്ചു.


1986ലെ മെക്‌സികോ ലോകകപ്പ്‌ സമയം. ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനലിന്‌ തലേദിവസം. മാറഡോണ പുറത്തേക്കിറങ്ങി. ഫാക്‌ലാൻഡ്‌സ്‌ യുദ്ധം കഴിഞ്ഞ്‌ നാല്‌ വർഷം. ബ്രിട്ടീഷുകാരോടുള്ള പ്രതികാരമായിരുന്നു മാറഡോണയുടെ മനസ്സു നിറയെ.
‘അവർ ഞങ്ങളെ അന്ന്‌ തോൽപ്പിച്ചത്‌ 20–-0നാണ്‌. ആ മുറിവ്‌ ഉണങ്ങുന്നില്ല. ഇവിടെ മറ്റൊരു യുദ്ധമാണ്‌. ഞങ്ങൾ ജയിക്കും’–- മാറഡോണ പറഞ്ഞു.

അസ്‌റ്റെകയിലെ പുൽപ്പരപ്പിൽ മാറഡോണ വിരിഞ്ഞു. കളിയുടെ 51–-ാം മിനിറ്റിൽ മാറഡോണയുടെ തലയ്‌ക്ക്‌ മുകളിൽ കൈയും ഉയർന്നു. ഇംഗ്ലണ്ട്‌ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ വാദിച്ചുകൊണ്ടിരിക്കെ റഫറി ഗോൾ അനുവദിച്ചു. മാറഡോണ അതിനെ ദൈവത്തിന്റെ ഗോൾ എന്ന്‌ വിളിച്ചു.

‘എന്റെ കൈ തട്ടിയതാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതെന്റെ ഉദ്ദേശ്യമായിരുന്നില്ല. പക്ഷേ, സംഭവിച്ചുപോയി.
നാല്‌ മിനിറ്റിനിടെ മറ്റൊരു അത്ഭുതം സംഭവിച്ചു.

ഇംഗ്ലീഷ്‌ കളിക്കാരെ മുഴുവൻ കീഴടക്കി 60 മീറ്റർ ഓടി മാറഡോണ വല തകർത്തു.ഫൈനലിൽ പശ്‌ചിമ ജർമനിയെയും കീഴടക്കി അർജന്റീന ലോക ചാമ്പ്യൻമാരായി.

photo credit twitter

photo credit twitter

1990ൽ മാറഡോണയുടെ കാലിൽ അർജന്റീന ഫൈനൽവരെ മുന്നേറി. സെമിയിൽ ഇറ്റലിയായിരുന്നു എതിരാളികൾ. സാൻപോളോയിലായിരുന്നു അർജന്റീന–-ഇറ്റലി മത്സരം. സാൻപോളോയിൽ തനിക്കുവേണ്ടി ആർത്തലച്ച കാണികൾ ഇപ്പോൾ രക്തത്തിനായി ആക്രോശിക്കുന്നത്‌ മാറഡോണ കണ്ടു. ഷൂട്ടൗട്ടിൽ നിർണായകമായ പെനൽറ്റി കിക്ക്‌ മാറഡോണ വലയിലേക്കെത്തിക്കുമ്പോൾ ഇറ്റാലിയൻ ജനത അയാൾക്കായി മരക്കുരിശ്‌ പണിയുകയായിരുന്നു. ഇറ്റലിയുമായുള്ള ബന്ധം അതോടെ അവസാനിച്ചു. നികുതി വെട്ടിപ്പും മയക്കുമരുന്നു കേസുമൊക്കെ പിന്നാലെ. ഇതിനിടെ നേപ്പിൾസിൽ കാമുകിയിൽ ജനിച്ച കുഞ്ഞിനെ മാറഡോണ തള്ളിപ്പറഞ്ഞു. മയക്കുമരുന്നു കേസിൽ ഒരു വർഷത്തേക്ക്‌ വിലക്കപ്പെട്ടു. വിതുമ്പലോടെ മാറഡോണ നേപ്പിൾസിൽനിന്ന്‌ പടിയിറങ്ങി. ‘ഞാൻ ഇവിടെ ഇറങ്ങുമ്പോൾ 85,000 പേരായിരുന്നു ദ്യേഗോ വിളിയുമായി വരവേറ്റത്‌. തിരിച്ചിറങ്ങുമ്പോൾ എനിക്കാരുമില്ല’

1994 ലോകകപ്പിൽ മരുന്നടിക്ക്‌ പിടിയിലായി മടങ്ങിയതോടെ മാറഡോണ എന്ന ചിത്രം എന്നേക്കുമായി മങ്ങി. അവശേഷിപ്പിച്ചുപോയ സുന്ദര നിമിഷങ്ങളുടെ തണലിൽ അൽപ്പകാലംകൂടി നീങ്ങി. ഒരുകാലത്ത്‌ മൈതാനങ്ങളെ ആവേശിപ്പിച്ച കാലുകളും ശരീരവും അനാരോഗ്യത്തിൽ തളർന്നുനീങ്ങി. അപ്പോഴും അന്ന് സൃഷ്‌ടിച്ച മുഹൂർത്തങ്ങളിൽ മാറഡോണ അമരത്വം നേടിയിരുന്നു.


‘കുറ്റകരമായ അനാസ്ഥ’
മാറഡോണയ്‌ക്ക്‌ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന്‌ അഭിഭാഷകൻ മത്യാസ്‌ മോർല വ്യക്തമാക്കി. മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം. ഹൃദയാഘാതം ഉണ്ടായി 12 മണിക്കൂറിനുശേഷമാണ്‌ വൈദ്യസഹായം കിട്ടിയത്‌. അപ്പോഴേക്കും വൈകി. ആംബുലൻസ്‌ എത്തിയത്‌  അരമണിക്കൂർ കഴിഞ്ഞാണ്‌. ഇവയെല്ലാം സംശയാസ്‌പദമാണെന്ന്‌ മോർല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top