20 May Monday
ക്രൊയേഷ്യ ഫ്രാൻസ്‌ ഫൈനൽ

ഇതാ... ക്രൊയേഷ്യ ; ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

മോസ്‌കോ
ചരിത്രം കുറിച്ച് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിൽ. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് ക്രൊയേഷ്യയുടെ കുതിപ്പ്. അഞ്ചാം മിനിറ്റിൽ പിന്നിലായശേഷം ക്രൊയേഷ്യ ഉശിരോടെ പന്ത് തട്ടി, തിരിച്ചടിച്ചു. അധിക സമയത്ത് മരിയോ മാൻഡ്സുകിച്ചിന്റെ ഗോളിലായിരുന്നു ജയം. ഇംഗ്ലണ്ടിനുവേണ്ടി കീറൺ ട്രിപ്പിയറാണ് ഗോൾ നേടിയത്. ഇവാൻ പെരിസിച്ച് ക്രൊയേഷ്യയുടെ ആദ്യഗോളടിച്ചു. ക്രൊയേഷ്യയുടെ ആദ്യ ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന െെഫനലിൽ ഫ്രാൻസിനെ നേരിടും. 

ക്രൊയേഷ്യ ആദ്യ നിമിഷങ്ങളിൽ പന്തിൽ നിയന്ത്രണംനേടി. ആക്രമണമായിരുന്നു േകാച്ച്‌ ഡാലിച്ചിന്റെ ലക്ഷ്യം. എന്നാൽ ഒത്തിണക്കമുണ്ടായില്ല ക്രൊയേഷ്യക്ക്. ഇംഗ്ലണ്ട് ആദ്യമൊന്ന് ചെറുതായി പിൻവലിഞ്ഞു. പിന്നെ കൃത്യമായി ആക്രമണം നടത്തി. ഡെലെ ആല്ലിയുടെ നീക്കത്തെ ബോക്സിനരികെവച്ച് ലൂക്കാ മോഡ്രിച്ച് വീഴ്ത്തി. ഇംഗ്ലണ്ടിന് ഫ്രീകിക്ക്.  പന്ത് തട്ടിത്തുടങ്ങി അഞ്ച് മിനിറ്റ് അപ്പോൾ. പന്തിനരികെ ട്രിപ്പിയറും ആഷ്ലി യങ്ങുംനിന്നു. ഒടുവിൽ ട്രിപ്പിയർ ഫ്രീകിക്ക് തൊടുക്കാനാഞ്ഞു.ഇംഗ്ലണ്ടിന്റെ സെറ്റ് പീസുകളിലെ വൈഭവം ക്രൊയേഷ്യയെ ഭയപ്പെടുത്തി.

അതുപോലെതന്നെ സംഭവിച്ചു. ട്രിപ്പിയറുടെ അതിമനോഹരമായ ഫ്രീകിക്ക് ക്രൊയേഷ്യൻ വലയിലേക്ക് അസ്ത്രവേഗത്തിൽ പാഞ്ഞു. ഡാനിയേൽ സുബാസിച്ചിന് സംഭവിച്ചത് മനസിലായില്ല. വലതുവശത്തേക്ക് ചാടിയെങ്കിലും തന്റെ തലയ്ക്കുമുകളിലൂടെ പന്ത് വലയിൽ കുരുങ്ങുന്നത് ഭീതിയോടെ സുബാസിച്ച് മനസിലാക്കി.ട്രിപ്പിയറുടെ ഗോളിൽ ക്രൊയേഷ്യ പതറി. പാസുകൾ പൂർത്തിയാക്കാനാകാതെ ഇംഗ്ലണ്ട് ഗോൾമുഖത്ത് ക്രൊയേഷ്യൻ കളിക്കാർ പരസ്പരം നോക്കിനിന്നു. മോഡ്രിച്ചിനുപോലും ആശയങ്ങളറ്റു. ഇവാൻ റാകിടിച്ചിന്റെ നീക്കങ്ങൾ രണ്ട് തവണ കൂട്ടുകാരിലേക്കെത്താതെ മടങ്ങി.

ഇംഗ്ലണ്ട് ബുദ്ധിപരമായി പന്ത് തട്ടി. ക്രൊയേഷ്യയുടെ കാലിൽ പന്ത് കിട്ടിയെങ്കിലും ഇംഗ്ലണ്ടിന്റെ സുസംഘിടതമായ പ്രതിരോധത്തിന് മുന്നിൽ നിലനിൽപ്പുണ്ടായില്ല. ജോൺ സ്റ്റോൺസും ഹാരി മഗ്വെയറും കെയ്ൽ വാൾക്കറും പ്രതിരോധത്തിൽ ഉറച്ചു. ഇംഗ്ലണ്ടിന്റെ തിരിച്ചുള്ള ആക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു. നേരിയ വ്യത്യാസത്തിന് രണ്ടാംഗോൾ അകന്നു. ഒരു തവണ വലയ്ക്ക് മുന്നിൽവച്ച് ക്യാപ്റ്റൻ ഹാരി കെയ്നിനെ ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡാനിയേൽ സുബാസിച്ച് സാഹസികമായി തടഞ്ഞു. ഇംഗ്ലണ്ടിന് കിട്ടിയ സുവർണാവസരമായിരുന്നു. തുടർന്നുള്ള കെയ്നിന്റെ നീക്കവും സുബാസിച്ച് നിർവീര്യമാക്കി. പിന്നാലെ ജെസി ലിങ്ഗാർഡിന് അവസരംകിട്ടി. പക്ഷേ, പുറത്തേക്ക് അടിച്ചു. പ്രതിരോധത്തിലാണ് ക്രൊയേഷ്യ കൂടുതൽ പരുങ്ങിയത്. ആദ്യപകുതിയിൽ ഒത്തിണക്കം കാട്ടാൻ ക്രൊയേഷ്യൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഇംഗ്ലണ്ട് മുന്നേറ്റത്തിന് എളുപ്പത്തിൽ ബോക്സിനുള്ളിൽ കടക്കാൻ അവർ അവസരംനൽകി. സുബാസിച്ചിന്റെ ഇടപെടലുകൾ അപകടമൊഴിവാക്കി.

മറുവശത്ത് റെബിച്ച് ചില മിന്നലാട്ടങ്ങൾ കാണിച്ചെങ്കിലും പൂർണതയുണ്ടായില്ല. ഒരു മികച്ച ശ്രമം ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്േഫാർഡ് തട്ടിയിട്ടു. ബോക്സിൽകടന്ന റാകിടിച്ചിനെ വാൾക്കർ കൈകാര്യം ചെയ്തു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രൊയേഷ്യക്ക് ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രൊയേഷ്യ മിന്നി. കളിയിൽ ആദ്യമായി അവർ ആധിപത്യത്തോടെ പന്തുതട്ടി. റെബിച്ചും റാകിടിച്ചും വേഗത്തിൽ മുന്നേറി. ഇംഗ്ലണ്ട് പ്രതിരോധം ശ്രദ്ധിച്ചു. ഇടയ്ക്കുമാത്രം ആക്രമണം നെയ്തു. കളിക്ക് ചൂടുപിടിച്ചു. ഇവാൻ പെരിസിച്ചിന്റെ കനത്ത അടി  ബോക്സിനുള്ളിൽ തട്ടിത്തെറിച്ചു. ഇംഗ്ലണ്ട് പ്രതിരോധം ആദ്യമായി പതറാൻ തുടങ്ങി. ക്രൊയേഷ്യ തൊടുത്തു. വലതുപാർശ്വത്തിൽനിന്ന് വ്രസാൽക്കോയുടെ ഗംഭീര ക്രോസ്. വാൾക്കറുടെ തലയ്ക്കുമുകളിലൂടെ കാൽവച്ച് പെരിസിച്ച് വലകണ്ടു. പിക്ഫോർഡിന് തടുക്കാനായില്ല. ക്രൊയേഷ്യ ഉണർന്നു, കളി ഉണർന്നു. ക്രൊയേഷ്യ വീണ്ടും കുതിച്ചു. ഇക്കുറി പെരിസിച്ചിന്റെ അടി പോസ്റ്റിൽത്തട്ടിത്തെറിച്ചു. തിരിച്ച് റെബിച്ചിന്റെ കാലിലേക്ക്. ആ ഷോട്ട് പിക്ഫോർഡ് പിടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ കാലുകൾ മരവിച്ചു. ക്രൊയേഷ്യ വീണ്ടും ആക്രമിച്ചു. ഇക്കുറി മരിയോ മാൻഡ്കുച്ചിന്റെ അടി നേരെ പിക്ഫോർഡിന്റെ കൈകളിലേക്ക്. കളി അധിക സമയത്തേക്കുനീങ്ങി.

അധികസമയത്ത് ഇംഗ്ലണ്ട് അപകടകരമായ നീക്കം നടത്തി. ട്രിപ്പിയർ എടുത്ത കോർണർ കിക്കിൽ സ്റ്റോൺസിന്റെ മിന്നുന്ന ഹെഡർ. ഗോൾവലയ്ക്ക്മുന്നിൽ വ്രസാൽക്കോ. തലകൊണ്ട് കുത്തി വ്രസാൽക്കോ വലിയൊരു അപകടമൊഴിവാക്കി. ക്രൊയേഷ്യയും ഉശിരൻനീക്കം നടത്തി. മാൻഡ്സുകിച്ചിന്റെ മിന്നൽക്കുതിപ്പിനെ അതിസാഹസികമായി പിക്ഫോർഡ് തടഞ്ഞു.

ക്രൊയേഷ്യ അടങ്ങിയില്ല. ഓരോ നിമിഷവും അവർ ജ്വലിച്ചുകൊണ്ടിരുന്നു. അധികസമയം തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യ ആളിക്കത്തി. ഇംഗ്ലണ്ട് അതിൽ ചാരമായി. ഇംഗ്ലണ്ട് പ്രതിരോധക്കാരൻ വാൾക്കറുടെ  പന്ത് തലകൊണ്ട് കുത്തിഒഴിവാക്കാനുള്ള ശ്രമം പാളി. പന്ത് പെരിസിച്ചിന്റെ തലയിൽതട്ടി ഇംഗ്ലണ്ട് ഗോൾമുഖത്തേക്ക്. പ്രതിരോധത്തെ സമർഥമായി മറികടന്ന് മാൻഡ്സുകിച്ചിന്റെ മിന്നൽപ്രഹരം. പിക്ഫോർഡിന് ഒന്നും ചെയ്യാനായില്ല അതിനുമുന്നിൽ. തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെല്ലാം പൂർണമാകാത്ത പാസുകളിൽ അവസാനിച്ചു.

പ്രധാന വാർത്തകൾ
 Top