ബൊട്ടഫോഗോയ്‌ക്ക് കന്നിക്കിരീടം
ബ്യൂണസ് ഐറിസ് > ലാറ്റിനമേരിക്കൻ ക്ലബ് ഫുട്‌ബോളിലെ വമ്പൻ ചാമ്പ്യൻഷിപ്പായ കോപ ലിബെർട്ടഡോറസ് കിരീടം ബ്രസീൽ ക്ലബ് ബൊട്ടഫോഗോയ്‌ക്ക്. ബ്രസീൽ ക്ലബ്ബുകളുടെ പോരായ ഫൈനലിൽ അത്‌ലറ്റികോ മിനെയ്‌റോയെ 3–-1ന് തോൽപ്പിച്ചു. കളി തുടങ്ങി രണ്ടാംമിനിറ്റിൽ പത്തുപേരായി ചുരുങ്ങിയിട്ടും ബൊട്ടഫോഗോ വിട്ടുകൊടുത്തില്ല. ക്ലബ്ബിന്റെ 123 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം. അർജന്റീനയിലായിരുന്നു കളി. ബ്യൂണസ് ഐറിസിലെ മൊണുമെന്റൽ ഡി ന്യൂനെസ് സ്‌റ്റേഡിയം വേദിയായി.
കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിയായിരുന്നു. അത്‌ലറ്റികോ മിനെയ്‌റോ താരം ഫൗസ്‌റ്റോ വെറയെ ഫൗൾ ചെയ്‌തതിന് ടീമിലെ മികച്ച താരമായ ഗ്രിഗോറിയെ ബൊട്ടഫോഗോയ്‌ക്ക് നഷ്ടമായി. കളിയുടെ 35–-ാം മിനിറ്റിൽ പക്ഷേ, അവർ ലീഡ് എടുത്തു. വിങ്ങർ ലൂയിസ് ഹെൻറിക്കാണ് ഗോളടിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുൻ മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരം അലെക്‌സ് ടെല്ലെസ് പെനൽറ്റിയിലൂടെ ലീഡ് വർധിപ്പിച്ചു.
ഇടവേളയ്‌ക്കുശേഷമുള്ള രണ്ടാംമിനിറ്റിൽ അത്‌ലറ്റികോ ഒരെണ്ണം മടക്കി. എഡ്വാർഡോ വർഗാസിന്റെ ഹെഡർ. കളിയുടെ പരിക്കുസമയത്ത് ജൂനിയർ സാന്റോസ് ബൊട്ടഫോഗോയുടെ ജയം പൂർത്തിയാക്കി. പത്ത് ഗോളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററാണ് ജൂനിയർ.
തുടർച്ചയായ ആറാംതവണയാണ് ബ്രസീൽ ക്ലബ്ബുകൾ ചാമ്പ്യൻമാരാകുന്നത്. ആകെ 24. അർജന്റീന ക്ലബ്ബുകൾക്ക് 25 കിരീടമാണ്.
ബ്രസീൽ ഇതിഹാസതാരങ്ങളായ ഗാരിഞ്ച, മരിയോ സഗല്ലോ, ദിദി എന്നിവർ 1959ൽ ബൊട്ടഫോഗോയ്‌ക്കായി കളിച്ചിട്ടുണ്ട്. 1995ലായിരുന്നു ബ്രസീൽ ലീഗിൽ അവസാനമായി ജേതാക്കളായത്. മൂന്നുതവണ തരംതാഴ്‌ത്തപ്പെട്ടു. 2021ൽ അമേരിക്കൻ ബിസിനസുകാരൻ ജോൺ ടെക്‌സ്‌റ്റർ ക്ലബ്ബിനെ ഏറ്റെടുക്കുകയായിരുന്നു.
0 comments