24 August Saturday

വരവറിയിച്ച‌് ഉറുഗ്വേ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

സാൽവദോർ
ഇക്വഡോറിനെ നാലു ഗോളിന്‌ തരിപ്പണമാക്കി കോപ ഫുട‌്ബോളിലെ  അരങ്ങേറ്റം ഉറുഗ്വേ ഗംഭീരമാക്കി. ലുയീസ‌് സുവാരസും എഡിൻസൺ കവാനിയും മുൻ ചാമ്പ്യൻമാർക്കായി  ഗോളുകൾ നേടി. ശക്തരായ പരാഗ്വേയെ സമനിലയിൽ പിടിച്ച്‌ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറും കളത്തിൽ മിന്നി (2–-2). പതിനഞ്ചുവട്ടം കോപയിൽ മുത്തമിട്ട ഉറുഗ്വേ ഇക്വഡോറിനെ നിലയ്‌ക്കുനിർത്തി. കളിയുടെ കടിഞ്ഞാൺ ആരംഭത്തിലേ കൈക്കലാക്കിയ ദ്യേഗോ ഗോഡിനും സംഘവും എതിരാളിയെ തുരത്തി. മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധക്കാരൻ ജോസ്‌ ക്വിന്റെറോ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയതോടെ പത്തുപേരായി ചുരുങ്ങിയ ഇക്വഡോറുകാർ കീഴടങ്ങിയ മട്ടായിരുന്നു.

എതിർ വലയിലേക്ക്‌ മികവുള്ള ഒരു പന്തുപോലും പായിക്കാനവർക്കായില്ല. പ്രതിരോധത്തിൽ നായകനും മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരവുമായ അന്റോണിയോ വലെൻസിയ നിറംമങ്ങിയതും ഇക്വഡോറിന്റെ കളിയെ ബാധിച്ചു. വിങ്ങുകളിൽനിന്ന്‌ പന്ത്‌ കിട്ടാതെ പോയതോടെ മുന്നേറ്റക്കാരായ എന്നർ വലെൻസിയയും റൊമാരിയോ ഇബാറയും വലഞ്ഞു.
   
വിസിൽ മുഴങ്ങി ആറ്‌ മിനിറ്റായപ്പോഴേക്കും ഉറുഗ്വേ ഗോൾവേട്ട ആരംഭിച്ചു. സുവാരസ്‌ ഒരുക്കിയ പന്ത്‌ നിക്കോളാസ്‌ ലെദെയ്‌റോ വലയ്‌ക്കകത്താക്കി. മുന്നേറ്റത്തിൽ സുവാരസ്‌–-കവാനി സഖ്യം താളം കണ്ടെത്തിയതോടെ ഇക്വഡോർ പിൻനിരയ്‌ക്ക്‌ പണി കൂടി. ദ്യേഗോ ലക്സൽറ്റിനെ അപകടകരമായി വീഴ്‌ത്തിയതിനാണ്‌ ക്വിന്റെറോ പുറത്തുപോയത്‌. ‘വാർ’ പരിശോധനയ്‌ക്കു ശേഷമാണ്‌ റഫറി ഇക്വഡോർ പ്രതിരോധക്കാരനുനേരെ ചുവപ്പ്‌ കാർഡ്‌ വീശിയത്‌. പത്തു പേരുമായി പന്ത്‌ തട്ടാൻ തുടങ്ങിയ ഇക്വഡോറിന്‌ കവാനി അമ്പരപ്പിക്കുന്ന ഗോളിലൂടെ അടുത്ത അടി നൽകി. ബോക്‌സിൽനിന്ന്‌ ഗോഡിൻ തലവച്ചു നൽകിയ പന്ത്‌ ബൈസിക്കിൾ കിക്കിലൂടെ കവാനി ബോക്‌സിലേക്ക്‌ തിരിച്ചുവിട്ടു. ഇടവേളയ‌്ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ സുവാരസ്‌ ഉറുഗ്വേയുടെ മൂന്നാം ഗോളും നേടി കളി ഉറപ്പിച്ചു. ദേശീയ കുപ്പായത്തിൽ ബാഴ്‌സലോണക്കാരന്റെ 57–-ാം ഗോളാണിത്‌. രണ്ടാം പകുതിയിൽ അർട്യൂറോ മിനയുടെ ദാനഗോളോടെ പട്ടിക തികച്ച ഉറുഗ്വേ മികച്ച ജയവുമായി തുടക്കം ഗംഭീരമാക്കി.

  പരാഗ്വേയ്‌ക്കെതിരെ രണ്ടു ഗോളിന്‌ പിന്നിൽനിന്ന ശേഷമാണ്‌ അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ സമനില നേടിയത്‌. ഓസ്‌കാർ കാർഡോസയും ഡെറിൽസ്‌ ഗൊൺസാലോയും പരാഗ്വേയുടെ ഗോളുകൾ നേടിയപ്പോൾ അൽമോയിസ്‌ അലിയുടെ വകയായിരുന്നു ഖത്തറിന്റെ മടക്കഗോൾ. ഒരെണ്ണം എതിർതാരം റോഡ്രിഗോ റോജാസിന്റെ ദാനഗോളായിരുന്നു. നാളെ പുലർച്ചെ മൂന്നിന‌് ബൊളീവിയ പെറുവിനെ നേരിടും. ആറിന്‌ ആതിഥേയരായ ബ്രസീൽ വെനസ്വേലയുമായി ഏറ്റുമുട്ടും. ആദ്യ കളിയിൽ ബൊളീവിയയെ മൂന്നു ഗോളിന്‌ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ്‌ ബ്രസീൽ ഇറങ്ങുന്നത്‌.


പ്രധാന വാർത്തകൾ
 Top