25 August Sunday

കൊളംബിയയെ വീഴ‌്ത്തി ചിലി സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

സാവോപോളോ
വില്യം ടെസിലോയുടെ ഒറ്റ കിക്ക്‌ കോപയിൽ കൊളംബിയയുടെ വിധിയെഴുതി. ഷൂട്ടൗട്ടുവരെ പോയ ക്വാർട്ടർ ഫൈനലിൽ കൊളംബിയയുടെ അഞ്ചാം അവസരം ടെസിലോ പുറത്തേക്കടിച്ചപ്പോൾ ചിലിയുടെ അലക്‌സിസ്‌ സാഞ്ചെസിന്‌ ഉന്നം പിഴച്ചില്ല. കൊളംബിയയെ വീഴ്‌ത്തി നിലവിലെ ചാമ്പ്യൻമാരായ ചിലി കോപ അമേരിക്ക ഫുട്‌ബോൾ സെമിഫൈനലിൽ കടന്നു (5–-4).

ഗ്രൂപ്പ്‌ മത്സരങ്ങൾ മൂന്നും ജയിച്ചായിരുന്നു കൊളംബിയയുടെ വരവ്‌. ചിലിയാകട്ടെ രണ്ടിൽ ജയിച്ചു. ചിലിയുടേത്‌ ചാമ്പ്യൻമാരുടെ കളിയായിരുന്നു. പന്തിന്മേൽ നിയന്ത്രണം അവർക്കായിരുന്നു. കൊളംബിയൻ ഗോൾമുഖത്ത്‌ നിരന്തരം അവർ പന്തെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീസണിൽ തീർത്തും മങ്ങിയ സാഞ്ചെസ്‌ ചിലിക്കായി മികച്ചുനിന്നു.
നിശ്ചിത സമയത്ത്‌ രണ്ടുതവണ കൊളംബിയൻ വലയിൽ പന്തെത്തിച്ചിരുന്നു ചിലി. എന്നാൽ ‘വാർ’ മുടക്കി. കളിയുടെ തുടക്കത്തിൽ ചാൾസ്‌ അരാൻഗ്വിസും ഇടവേള കഴിഞ്ഞ്‌ അർട്യൂറോ വിദാലും വല കുലുക്കി. പക്ഷേ, വീഡിയോ പരിശോധനയിൽ ഗോളല്ലെന്ന‌് വിധി. ചിലി തളർന്നില്ല. കളി നീണ്ട‌് ഷൂട്ടൗട്ടുവരെ എത്തി. ക്വാർട്ടറിലെ രണ്ടാം ഷൂട്ടൗട്ടായിരുന്നു ഇത്‌. ബ്രസീൽ പരാഗ്വേയെ കീഴടക്കിയതും ഷൂട്ടൗട്ടിലൂടെയായിരുന്നു.

ഷൂട്ടൗട്ടിൽ നായകൻ ഹമേഷ്‌ റോഡ്രിഗസ്‌, എഡ്വിൻ കഡോണ, യുവാൻ കേദ്രാദോ, യെറി മിന എന്നിവർ കൊളംബിയക്കായി ലക്ഷ്യംകണ്ടു.ചിലിക്കായി വിദാൽ, എഡ്വാഡോ വാഗാസ്‌, എറിക്‌
പൾഗർ, അരാൻഗ്വിസ്‌, സാഞ്ചെസ്‌ എന്നിവർ വല ചലിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top