25 August Sunday

കോപ അമേരിക്ക: ചിലിക്കു മുന്നിൽ പെറു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ചിലിയുടെ അലക്‌സിസ്‌ സാഞ്ചെസ്‌ പരിശീലനത്തിനിടെ

പോർട്ടോ അലെഗ്ര > കോപ അമേരിക്ക രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ചിലി അയൽക്കാരായ പെറുവിനെ നേരിടും‌. നാളെ പുലർച്ചെ ആറിനാണ‌്‌ മത്സരം. തുടർച്ചയായ മൂന്നാം കോപ കിരീടമാണ‌് ചിലി ലക്ഷ്യമിടുന്നത‌്.

ഗ്രൂപ്പിൽ മികച്ച കളി പുറത്തെടുത്ത‌ ചിലി  ക്വാർട്ടറിൽ കൊള‌ംബിയയെ തോൽപ്പിച്ചാണ‌് എത്തുന്നത‌്. ലോകക‌പ്പിൽ യോഗ്യത നേടാൻ കഴിയാതിരുന്ന ചിലി ഏറെ മാറി. അർട്യൂറോ വിദാൽ, ഗാരി മെദൽ, അലക‌്സിസ‌് സാഞ്ചെസ‌് എന്നീ മുതിർന്ന താരങ്ങൾ നയിക്കുന്ന ടീം ചാമ്പ്യൻമാരുടെ കളിയാണ‌് കാഴ‌്ചവച്ചത‌്. തുടർച്ചയായി രണ്ടു ഫൈനലുകളിൽ ഷൂട്ടൗട്ടിലൂടെ കിരീടമുയർത്തിയ ചിലിയെ വീഴ‌്ത്തുക എളുപ്പമാകില്ല.

ചിലിയുടെ ബദ്ധവൈരികളാണ‌് പെറു. റിക്കാർഡോ ഗരേക പരിശീലിപ്പിക്കുന്ന ടീം ക്വാർട്ടറിൽ ഉറുഗ്വേയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്രസീലിനോട‌് എതിരില്ലാത്ത അഞ്ചു ഗോളിന്റെ പരാജയം മറന്നായിരിക്കും ഇറങ്ങുക. ക്വാർട്ടറിൽ മികച്ച പന്തടക്കവും ശക്തമായ പ്രതിരോധവുമാണ‌് പെറുവിനെ സഹായിച്ചത‌്. ലൂയിസ‌് സുവാരസ‌് എടുത്ത ആദ്യ പെനൽറ്റി കിക്ക‌് തടുത്തിട്ട ഗോളി പെഡ്രോ ഗല്ലെസാണ‌് വിജയം പെറുവിന്റെ പേരിൽ എ‌ഴുതിച്ചേർത്തത‌്. പൗലോ ഗുറൈറൊ നയിക്കുമ്പോൾ റെനാറ്റോ ടാപിയയും യോഷിമർ യോതുനും മധ്യനിരയിലുണ്ട‌്.
പ്രധാന ടൂർണമെന്റുകളിൽ ഇരുപതുവട്ടം ഇരു ടീമുകളും തമ്മിൽ ‌ഏറ്റുമുട്ടിയിട്ടുണ്ട‌്. ചിലിയാണ‌് പതിനാല‌ുതവണ ജയിച്ചത‌്. അഞ്ചു പ്രാവശ്യം ജയം പെറുവിനായിരുന്നു. ഒരു സമനിലയും.


പ്രധാന വാർത്തകൾ
 Top