27 January Monday

ഇനി ആഘോഷ കോപ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

റിയോ ഡി ജനീറോ > ഇനി ബ്രസീൽ–-അർജന്റീന പോര‌്. ബെലൊ ഹൊറിസോന്റെയിൽ ബുധനാഴ‌്ചയാണ‌് കോപ അമേരിക്കയിലെ ആവേശപ്പോരാട്ടം. രാവിലെ ആറിന‌് ലാറ്റിനമേരിക്കയിലെ വമ്പൻമാർ കൊമ്പുകോർക്കും. 2007ലെ ഫൈനലിനുശേഷം ആദ്യമായാണ‌് കോപയിൽ ആരാധകർ കാത്തിരിക്കുന്ന മുഖാമുഖം. അന്ന‌് ബ്രസീൽ മൂന്ന‌് ഗോളിന‌് അർജന്റീനയെ തകർത്തു.

ക്വാർട്ടറിൽ വെനസ്വേലയുടെ വെല്ലുവിളിയെ രണ്ട‌് ഗോളിന‌് മറികടന്നായിരുന്നു അർജന്റീനയുടെ സെമിയിലേക്കുള്ള കുതിപ്പ‌്. തുടർച്ചയായ മൂന്നാം സെമി. കഴിഞ്ഞ രണ്ട‌് തവണയും ഫൈനലിൽ ഇടറിവീണു. ഇക്കുറി ലയണൽ മെസിയും സംഘവും ആശങ്കയോടെയാണ‌് തുടങ്ങിയത‌്. ഗ്രൂപ്പ‌് ഘട്ടത്തിൽ പതറി. വെനസ്വേലയ‌്ക്കെതിരെ പ്രകടനം മെച്ചപ്പെട്ടു. ബ്രസീൽ ഗ്രൂപ്പ‌് ഘട്ടത്തിൽ തിളങ്ങി. ക്വാർട്ടറിൽ പരാഗ്വേയെ മറികടക്കാൻ ഷൂട്ടൗട്ട‌് വേണ്ടിവന്നു. സെമിയിലെത്തുമ്പോൾ കളിമുറുകും.

ലൗതോരോ മാർട്ടിനസും ജിയോവാനി ലൊ സെൽസോയും ചേർന്നാണ‌് വെനസ്വേലയ‌്ക്കെതിരെ അർജന്റീനയ‌്ക്ക‌് ജയമൊരുക്കിയത‌്. മെസി മങ്ങിയപ്പോൾ സെർജിയോ അഗ്വേറോ അർജന്റീന ആക്രമണങ്ങളുടെ ചുക്കാൻപിടിച്ചു. രണ്ട‌് ഗോളിന‌ുപിന്നിലും അഗ്വേറോയുടെ കാൽസ‌്പർശമുണ്ടായിരുന്നു.
മെസിയെ കേന്ദ്രീകരിച്ചായിരുന്നില്ല അർജന്റീനയുടെ കളി. മാർട്ടിനെസ‌് കിട്ടിയ അവസരങ്ങളിലെല്ലാം വെനസ്വേല പ്രതിരോധത്തിലേക്ക‌് ഇടിച്ചുകയറി. അഗ്വേറോയുടെ വേഗമുള്ള നീക്കങ്ങളും കളിയുടെ ഒഴുക്കുകൂട്ടി. മധ്യനിരയിൽ റോഡ്രിഗോ ഡിപോളും ലിയാൻഡ്രോ പരദെസും ഒത്തിണക്കം കാട്ടി. ഡിപോൾ ഇടയ‌്ക്ക‌് പ്രതിരോധിക്കാനുമിറങ്ങി. ആദ്യ നിമിഷങ്ങളിൽ മികച്ച ആക്രമണക്കളി ലയണൽ സ‌്കലോനിയുടെ സംഘം പുറത്തെടുത്തു.

മാരക്കാനയിൽ ആദ്യ പത്ത‌് മിനിറ്റിനുള്ളിൽ അർജന്റീന കളിപിടിച്ചു. മാർട്ടിനെസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോൾ. മെസി  ഉയർത്തി നൽകിയ കോർണർ കിക്ക‌് അഗ്വേറോയിലേക്ക‌്. ഈ മാഞ്ചസ‌്റ്റർ സിറ്റിതാരം വല ലക്ഷ്യമാക്കി നിലംപറ്റി അടിതൊടുത്തു. മാർട്ടിനെസിനാണ‌് കിട്ടിയത‌്. ശരവേഗത്തിൽ പിൻകാൽകൊണ്ട‌് മാർട്ടിനസ‌് അത‌് വലയ‌്ക്കുള്ളിലാക്കി. ഈ ഇന്റർ മിലാൻതാരത്തിന്റെ കോപയിലെ രണ്ടാമത്തെ ഗോൾ.

ഗോൾ വീണതോടെ വെനസ്വേല പ്രതിരോധം ശക്തമാക്കി. പരുക്കൻ അടവുകളും അവർ പുറത്തെടുത്തു. കളിയിൽ ആറ‌് മഞ്ഞക്കാർഡുകളാണ‌് റഫറി വീശിയത‌്.
ആദ്യ അരമണിക്കൂറിനുശേഷം വെനസ്വേല നല്ല നീക്കങ്ങൾ നടത്തി. സലമൊൻ റോണ്ടനും കൂട്ടരും അർജന്റീന ഗോൾമുഖത്തെത്തി. പക്ഷേ, ബോക‌്സിൽ കയറാൻ പ്രതിരോധംവിട്ടില്ല. യുവാൻ ഫോയ‌്ത്തും ജെർമൻ പെസെല്ലയും പ്രതിരോധത്തിൽ നിറഞ്ഞുകളിച്ചു. ഒരുതവണ മാത്രമാണ‌് വെനസ്വേലയ‌്ക്ക‌് ലക്ഷ്യത്തിലേക്ക‌് അടിതൊടുക്കാനായത‌്. രണ്ടാംപകുതിയിൽ   റൊണാൾഡ‌് ഹെർണാണ്ടസിന്റെ ഗോൾശ്രമം അർജന്റീന ഗോളി ഫ്രാങ്കോ അർമാനി മനോഹരമായി തട്ടിയകറ്റുകയും ചെയ‌്തു. മറുവശത്ത‌് മാർട്ടിനസ‌് തൊടുത്ത ഷോട്ട‌് ക്രോസ‌്ബാറിൽ തട്ടിത്തെറിച്ചു.  അവസാന ഘട്ടത്തിൽ വേഗം കുറച്ചെങ്കിലും കളിയുടെ നിയന്ത്രണം അർജന്റീനയുടെ കാലുകളിലായിരുന്നു.
വെനസ്വേല  അസ്വസ്ഥരായി. ഇതിനിടെ, അർജന്റീന ലീഡുയർത്തി. മാർകോസ‌് അക്യൂനയ‌്ക്ക‌്  പകരക്കാരനായി എത്തിയ ലൊ സൊൽസോയാണ‌് ഗോളടിച്ചത‌്. അഗ്വേറോ തൊടുത്ത ഷോട്ട‌് വെനസ്വേലൻ ഗോൾകീപ്പർ വ്യൂൽക്കെർ ഫാരിനെസിന്റെ കൈയിൽനിന്ന‌് ഊർന്നുവീണു. തക്കംപാർത്തുനിന്ന ലൊ സൊൽസോയുടെ കാലിലാണ‌് കിട്ടിയത‌്. ലൊ സെൽസോയ‌്ക്ക‌് പിഴച്ചില്ല. 

അവസാന ഘട്ടത്തിൽ മാർട്ടിനെസിനുപകരം ഏഞ്ചൽ ഡി മരിയയും  അഗ്വേറോയ‌്ക്ക‌ുപകരം പൗലോ ഡിബാലയെയും വന്നു. അഞ്ച‌് മിനിറ്റ‌് മാത്രമേ കിട്ടിയുളളൂവെങ്കിലും ഡിബാല കളത്തിൽ ചലനങ്ങളുണ്ടാക്കി.


പ്രധാന വാർത്തകൾ
 Top