26 July Monday

ജീവൻ ജയിച്ച രാത്രി ; ക്രിസ്‌റ്റ്യൻ എറിക്‌സൺ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


കോപൻഹേഗൻ
ഹൃദയം നിലച്ചതായിരുന്നു. പക്ഷേ, വിട്ടുകൊടുത്തില്ല. പ്രാണൻ പകുത്തും സ്‌നേഹം ചൊരിഞ്ഞും കരുതലാൽ ചേർത്തുപിടിച്ചും തിരികെ കൊണ്ടുവന്നു. ക്രിസ്‌റ്റ്യൻ എറിക്‌സൺ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നിരിക്കുന്നു. ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന്‌ അയാൾ അവർക്ക് സ്‌നേഹസന്ദേശം പകർന്നു. കോപൻഹേഗനിൽ അത്‌ ജീവൻ ജയിച്ച രാത്രിയായി. കളിയിൽ തോറ്റെങ്കിലും  ഹൃദയങ്ങളിൽ തൊട്ടാണ്‌ ഡെൻമാർക്ക്‌ മടങ്ങിയത്‌. ക്യാപ്‌റ്റൻ സിമോൺ കെയർ രക്ഷാദൗത്യത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. സഹതാരങ്ങൾ, ഫിൻലൻഡ്‌ കളിക്കാർ, റഫറി ആന്തണി ടെയ്‌ലർ, മെഡിക്കൽ സംഘം, കാണികൾ... എല്ലാവരും ആ മൈതാനത്ത്‌ എറിക്‌സണിൽ ജീവന്റെ ചലനങ്ങൾക്കായി പരിശ്രമിച്ചു. ഒരുവേള ജീവഭയംവരെ തങ്ങിനിന്ന കോപൻഹേഗനിൽ ആശ്വാസത്തിന്റെ പുഞ്ചിരി അവർ പകർന്നു. കൃത്യവും വേഗവുമുള്ള നീക്കങ്ങൾ ഇല്ലായിരുന്നുവെങ്കിൽ മറ്റൊരു വിവിഫയൻ ഫോയോ പ്യൂർട്ടെയോ കളത്തിൽ സംഭവിച്ചേനെ. ഞെട്ടൽ കണ്ണീരായി മാറാൻ അധികസമയം വേണ്ടിവരുമായിരുന്നില്ല. സംഘബോധവും സഹജീവിസ്‌നേഹവും ചേർത്ത്‌ അവർ മരണത്തെ മൈതാനത്തിന്‌ പുറത്തേക്ക്‌ ചവിട്ടിത്തെറിപ്പിച്ചു.

എറിക്‌സൺ കുഴഞ്ഞുവീഴുന്നത്‌ ആദ്യം ശ്രദ്ധിച്ചത്‌ കെയറായിരുന്നു. ഓടിയെത്തി കൂട്ടുകാരനെ ചേർത്തുപിടിച്ചു. സമയം പാഴാക്കാതെ ശ്വാസംപകുത്തു. നാക്ക്‌ താഴ്‌ന്നുപോകാതെ നോക്കി. മറ്റു കളിക്കാർ ഓടിയെത്തി. റഫറി നിമിഷനേരംകൊണ്ട്‌ മെഡിക്കൽ സംഘത്തെ വിളിച്ചു. 20 സെക്കൻഡിനുള്ളിൽ അവരെത്തി. കെയർ സഹതാരങ്ങളെ ചേർത്ത്‌ എറിക്‌സണ്‌ ചുറ്റും മതിലായി നിന്നു. സ്വകാര്യതയെ കാത്തു. ക്യാമറക്കണ്ണുകളെ തടഞ്ഞു.

എറിക്‌സൺ പൂർണമായും അബോധാവസ്ഥയിലായിരുന്നുവെന്നായിരുന്നു- ഡെൻമാർക്ക്‌ ടീം ഡോക്ടർ മാർട്ടിൻ ബോസെൻ പ്രതികരിച്ചത്‌. ‘ഞങ്ങൾ എത്തുമ്പോൾ എറിക്‌സണ്‌ ശ്വാസമുണ്ടായിരുന്നു. ഹൃദയമിടിപ്പും. എന്നാൽ, പെട്ടെന്നാണ്‌ കാര്യങ്ങൾ മാറിയത്‌. ഞങ്ങൾ വല്ലാതെ ഭയന്നു. കളിക്കാരുടെ ഭാവം മാറുന്നത്‌ കാണാമായിരുന്നു. തുടർന്നുള്ള 10 മിനിറ്റുകൾ ആശങ്കയുടേതായിരുന്നു. ഞങ്ങൾ കൃത്രിമ ശ്വാസം നൽകാൻ തുടങ്ങി. പിന്നെ മൈതാനത്തിന്‌ പുറത്തേക്ക്‌ കൊണ്ടുവന്നു. ആ സമയം എറിക്‌സൺ ഉണർന്നു, എന്നോട്‌ സംസാരിച്ചു–- ബോസെൻ പറഞ്ഞു.

കെയറും ഗോൾ കീപ്പർ കാസ്‌പെർ ഷ്‌മൈച്ചേലും കൂട്ടുകാരെ ചേർത്തുനിർത്തി. എറിക്‌സന്റെ കൂട്ടുകാരി സബ്രീന ക്വിസ്‌റ്റ്‌ വരയ്‌ക്കരികെ പൊട്ടിക്കരഞ്ഞു. കെയർ അവരെയും ഒപ്പംചേർത്തു. ഫിൻലൻഡ്‌ കാണികൾ ക്രിസ്‌റ്റ്യൻ എന്ന്‌ പാടിയപ്പോൾ ഡാനിഷ്‌ കാണികൾ എറിക്‌സനെന്ന്‌ ഏറ്റുപാടി. എറിക്‌സനെ പുറത്തേക്ക്‌ കൊണ്ടുപോകുമ്പോൾ മറയ്‌ക്കാൻ ഫിൻലൻഡ്‌ ആരാധകർ പതാക നൽകി.

കളിക്കാർ പൂർണമായും മനസ്സ്‌ തകർന്നനിലയിലായിരുന്നു. കെയർ എല്ലാത്തിനും മുന്നിൽനിന്നു. ഡെൻമാർക്ക്‌ ടീമിന്റെ മാത്രമല്ല, അന്നത്തെ രാത്രി കോപൻഹേഗന്റെ മുഴുവൻ നായകനായി ആ മുപ്പത്തിരണ്ടുകാരൻ മാറി.ടണലിലൂടെ മടങ്ങുമ്പോൾ ഡാനിഷ്‌ കളിക്കാർക്ക്‌ രണ്ട്‌ വഴികളായിരുന്നു മുന്നിൽ. ഒന്നുകിൽ പാതിമരിച്ച മനസ്സോടെ ശേഷിച്ച കളി പൂർത്തിയാക്കണം. അല്ലെങ്കിൽ ഇതേ മരവിപ്പിൽ നാളെ വീണ്ടും ഇറങ്ങണം. രണ്ടുമണിക്കൂറിനുശേഷം റിഗ്‌സ്‌ഹോസ്‌പിറ്റലെറ്റ്‌ ആശുപത്രിയിൽനിന്ന്‌ സന്ദേശമെത്തി. ‘എറിക്‌സൺ അപകടനില തരണംചെയ്‌തു’. ശേഷം അവർ കളിക്കാൻ ഇറങ്ങി. എങ്കിലും പല കളിക്കാർക്കും കളിക്കാൻ പറ്റുന്ന മാനസികാവസ്ഥയില്ലായിരുന്നു.  0–-1ന്‌ ഫിൻലൻഡിനോട്‌ തോറ്റു. മത്സരത്തിൽ കിട്ടിയ പെനൽറ്റി ഡെൻമാർക്ക്‌ പാഴാക്കുകയും ചെയ്‌തു.

ക്യാപ്‌റ്റൻ കെയർ
കോപൻഹേഗന്റെ ഹൃദയം കവർന്ന്‌ ഡെൻമാർക്ക്‌ ക്യാപ്‌റ്റൻ സിമോൺ കെയർ. ഈ മുപ്പത്തിരണ്ടുകാരനാണ്‌ എറിക്‌സന്റെ അടുത്തേക്ക്‌ ആദ്യം ഓടിയെത്തിയത്‌. പിന്നീടങ്ങോട്ട്‌ കൂട്ടുകാരന്റെ ഹൃദയം നിശ്ചലമാകാതിരിക്കാനുള്ള പ്രയത്നമായിരുന്നു. കൃത്രിമശ്വാസം നൽകി. മുഖം ശരിയായ വശത്ത്‌ പിടിച്ചുവച്ചു. റഫറിയോട്‌ ഉടനെ മെഡിക്കൽ സംഘത്തെ വിളിക്കാനും ആവശ്യപ്പെട്ടു. സഹകളിക്കാരോട്‌ എറിക്‌സണ്‌ ചുറ്റും വലയം തീർക്കാൻ നിർദേശിച്ചു. ഇതിനിടെ കണ്ണീരണിഞ്ഞ എറിക്‌സന്റെ കൂട്ടുകാരി സബ്രീനയെ ചേർത്തുനിർത്തി ധൈര്യം നൽകി. എന്തുചെയ്യണമെന്നറിയാതെ വിതുമ്പിയ കളിക്കാരെയുംചേർത്തുപിടിച്ചു. ഇറ്റാലിയൻ ക്ലബ്‌ എസി മിലാന്റെ പ്രതിരോധക്കാരനാണ്‌ കെയർ. എറിക്സന്റെ പ്രിയ ചങ്ങാതിയും.

കൂട്ടുകാർക്ക്‌ ആശംസ നേർന്ന്‌ എറിക്‌സൺ
ഹൃദയാഘാതത്തെ തുടർന്ന്‌ കളത്തിൽ കുഴഞ്ഞുവീണ ഡെൻമാർക്ക്‌ ഫുട്ബോൾ താരം ക്രിസ്‌റ്റ്യൻ എറിക്‌സൺ സുഖംപ്രാപിക്കുന്നു. യൂറോയിൽ ഫിൻലൻഡുമായുള്ള കളിക്കിടെയാണ്‌ കുഴഞ്ഞുവീണത്‌. എറിക്‌സൺ ആശുപത്രിയിൽ തുടരും. കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്‌. ഇരുപത്തൊമ്പതുകാരൻ സംസാരിക്കാൻ തുടങ്ങിയതായി ഡെൻമാർക് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. എറിക്‌സൺ കൂട്ടുകാർക്ക്‌ സന്ദേശമയച്ചു. കളിക്കാനിറങ്ങുന്നതിനുമുമ്പ്‌ എറിക്‌സണ്‌ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന്‌ ടീം മെഡിക്കൽ സംഘവും വ്യക്തമാക്കി.

ഫോ, ക്രിസ്റ്റ്യാനോ ജൂനിയർ, ധനരാജൻ...കളത്തിൽ പൊലിഞ്ഞവർ
ഫുട്‌ബോൾ കളത്തിൽ കുഴഞ്ഞുവീണ്‌ ജീവൻ നഷ്ടമായ കളിക്കാരുടെ എണ്ണം ഇരുനൂറിനടുത്തുവരും. അതിൽ പ്രമുഖനാണ്‌ കാമറൂണിന്റെ മാർക്‌ വിവിയൻ ഫോ. 2003 കോൺഫെഡറേഷൻസ്‌ കപ്പിനിടെയായിരുന്നു ഇരുപത്തെട്ടുകാരൻ കുഴഞ്ഞുവീണത്‌. പലതവണ ശ്രമിച്ചെങ്കിലും ഹൃദയം ഉണർന്നില്ല. സ്‌പാനിഷുകാരനായ അന്റോണിയോ പ്യുർട്ടെയും കളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. കളത്തിൽനിന്ന്‌ നടന്നെത്തിയ  ഇരുപത്തിരണ്ടുകാരൻ ഡ്രസിങ്‌ റൂമിൽ വീണ്ടും വീണു. മൂന്ന്‌ ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. 

ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്‌. 2004ൽ ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ കപ്പ്‌ ഫൈനലിൽ ഡെമ്പൊ ഗോവയ്‌ക്കായി ഇറങ്ങിയ ബ്രസീലുകാരൻ ക്രിസ്‌റ്റ്യാനോ ജൂനിയർ മോഹൻ ബഗാൻ ഗോളി സുബ്രതാപാലുമായി കൂട്ടിയിടിച്ച്‌ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവർഷംമുമ്പ്‌ കേരളത്ത ഞെട്ടിച്ച മരണമായിരുന്നു പാലക്കാട്ടുകാരൻ ആർ ധനരാജന്റേത്‌. പെരിന്തൽമണ്ണയിൽ നടന്ന സെവൻസ്‌ ടൂർണമെന്റിൽ കളിക്കിടെ കുഴഞ്ഞുവീണ ധനരാജിനെ രക്ഷിക്കാനായില്ല.

അതിജീവിച്ച്‌ മുവാംബ
കളത്തിൽ കുഴഞ്ഞുവീണതിനുശേഷം ജീവൻ നഷ്ടമായി എന്ന്‌ കരുതിയ ഫാബ്രിസ്‌ മുവാംബ അത്ഭുതകരമായാണ്‌  തിരിച്ചെത്തിയത്‌. ബോൾട്ടൺ വാണ്ടറേഴ്‌സിന് കളിച്ച ഈ ഇംഗ്ലീഷുകാരൻ 2012ലെ എഫ്‌എ കപ്പിനിടെയാണ്‌ കുഴഞ്ഞുവീണത്‌. 78 മിനിറ്റാണ്‌ അബോധാവസ്ഥയിൽ കിടന്നത്‌. പിന്നെ കണ്ണ്‌ തുറന്നു. 24–-ാം വയസ്സിൽ കളിയിൽനിന്ന്‌ വിരമിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top