21 October Thursday

വീണ്ടും ബാഴ്സ ബയേൺ ; ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


നൗകാമ്പ്
ബാഴ്സലോണ–ബയേൺ മ്യൂണിക്ക് ആവേശപ്പോരോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പുതിയ പതിപ്പിന് തുടക്കം. ഇന്ന് എട്ട് മത്സരങ്ങളാണ്. നിലവിലെ ചാമ്പ്യൻമാരായ ചെൽസി സെനിത്തിനെ നേരിടും. മാഞ്ചസ്റ്റർ യുണെെറ്റഡും യുവന്റസുമെല്ലാം ആദ്യദിനം കളത്തിലുണ്ട്. ആകെ 32 ടീമുകളാണ് ലീഗിൽ. എട്ട് ഗ്രൂപ്പുകളിലായി നാലുവീതം ടീമുകൾ. മികച്ച രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.

എതിർത്തട്ടക ഗോൾ സംവിധാനം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ലീഗുകൂടിയാണ് ഇത്തവണത്തേത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ അടുത്തവർഷം മെയ് 28നാണ് ഫെെനൽ.

കഴിഞ്ഞ ക്വാർട്ടറിൽ സ്വന്തംതട്ടകമായ നൗകാമ്പിൽ ബയേണിനോട് 2–8ന് തോറ്റതിന്റെ നാണക്കേട് ബാഴ്സയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ഇത്തവണ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായി. നൗകാമ്പിൽ വീണ്ടുമെത്തുമ്പോൾ ബാഴ്സയ്ക്ക് ജയം മാത്രമാണ് ലക്ഷ്യം. എന്നാൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സൂപ്പർതാരം ലയണൽ മെസിയുടെ അഭാവം അവരെ തളർത്തും. മെസിയില്ലാതെ 15 വർഷങ്ങൾക്കുശേഷമാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിനിറങ്ങുന്നത്. ഒൺടോയ്ൻ ഗ്രീസ്മാൻ ടീം വിട്ടതും ക്ഷീണമാണ്. മെംഫിസ് ഡിപെയിലാണ് റെണാൾഡ് കൂമാന്റെയും സംഘത്തിന്റെയും പ്രതീക്ഷകൾ.

മറുവശത്ത് ബയേൺ മികവിലാണ്. ജർമൻ ലീഗിൽ ജെെത്രയാത്ര തുടങ്ങിക്കഴിഞ്ഞു. ഗോൾയന്ത്രം റോബർട്ട് ലെവൻഡോവ്സ്കിയും ബാഴ്സയെ പേടിപ്പെടുത്തും. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി എത്തുന്ന യുണെെറ്റഡ് സ്വിസ്സ് ക്ലബ്ബ് യങ് ബോയ്സിനെ അവരുടെ തട്ടകത്തിൽ നേരിടും. യുവന്റസിന് മാൾമോയാണ് എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top