18 June Tuesday
ചാമ്പ്യൻസ്‌ ലീഗ്‌: സിറ്റി ഷാൽക്കെയോട്‌

ചാമ്പ്യൻസ്‌ ലീഗ്‌: സിറ്റി ഷാൽക്കെയോട്‌ റൊണാൾഡോ ഇന്ന്‌ പരീക്ഷിക്കപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

മിലാൻ > ചാമ്പ്യൻസ‌് ലീഗ‌് കിരീടം കൊതിക്കുന്ന യുവന്റസിന‌് ഇന്ന‌് ആദ്യ പരീക്ഷണം. ആദ്യപാദ പ്രീ ക്വാർട്ടറിൽ അത‌്‌ലറ്റികോ മാഡ്രിഡാണ‌് യുവന്റസിന്റെ എതിരാളികൾ. യുവന്റസിന്റെ തട്ടകമായ സാൻ സിറോയിലാണ‌് കളി. മറ്റൊരു മത്സരത്തിൽ മാഞ്ചസ‌്റ്റർ സിറ്റി ഷാൽക്കെയെ നേരിടും.

|റയൽ മാഡ്രിഡിൽനിന്ന‌് ഈ സീസൺ ആദ്യം ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ യുവന്റസ‌് കൂടാരത്തിലെത്തിച്ചത‌് ചാമ്പ്യൻസ‌് ലീഗ‌് കിരീടം ലക്ഷ്യംവച്ചാണ‌്. ഇറ്റാലിയൻ ലീഗിൽ യുവന്റസിന‌് എതിരില്ല. ആ മികവ‌് ചാമ്പ്യൻസ‌് ലീഗിലും തുടരാനാണ‌് യുവന്റസിന്റെ ഒരുക്കം. 2015ലും 2017ലും ഫൈനലിൽ കടന്നെങ്കിലും യുവന്റസിന‌് കിരീടം നേടാനായില്ല. രണ്ട‌ു തവണയും മാസിമില്ലാനോ അല്ലെഗ്രിയായിരുന്നു പരിശീലകൻ.  ലീഗിൽ ഒരു കളിയും യുവന്റസ‌് തോറ്റിട്ടില്ല. മൂന്ന‌ു സമനിലകൾ ഒഴികെ മറ്റെല്ലാ കളികളും ജയിച്ചു. രണ്ടാമതുള്ള നാപോളിയെക്കാൾ 13 പോയിന്റ‌് വ്യത്യാസമുണ്ട‌്.

ആക്രമണത്തിലും പ്രതിരോധത്തിലും സന്തുലിതമാണ‌് യുവന്റസ‌്. മുന്നേറ്റത്തിൽ ലോകതാരം റൊണാൾഡോ. കൂട്ടിന‌് പൗളോ ഡിബാല. പ്രതിരോധത്തിൽ ജോർജിയോ കില്ലെനിയും ലിയനോർഡോ ബൊനൂഷിയുമുണ്ട‌്. മറുവശത്ത‌്, കീഴടക്കാൻ ബുദ്ധിമുട്ടുള്ള സംഘമാണ‌് അത‌്‌ലറ്റികോയുടേത‌്. ചാമ്പ്യൻസ‌് ലീഗിൽ എല്ലാ സീസണിലും അത‌്‌ലറ്റികോ നല്ല കളി പുറത്തെടുക്കാറുണ്ട‌്. ഫൈനൽ മത്സരം എന്നാണ‌് സിമിയോണി യുവന്റസുമായുള്ള കളിയെ വിശേഷിപ്പിച്ചത‌്.

ഈ സീസണിൽ അത‌്‌ലറ്റികോ അൽപ്പം മങ്ങിയിട്ടുണ്ട‌്. സ‌്പാനിഷ‌് ലീഗിൽ ഒന്നാം സ്ഥാനക്കാരായ ബാഴ‌്സലോണയുമായി ഏഴ‌് പോയിന്റ‌് പിന്നിലാണ‌്. സ‌്പാനിഷ‌് കിങ‌്സ‌്കപ്പിൽനിന്ന‌് പുറത്തായി. ഒൺടോയ്‌ൻ ഗ്രീസ്‌മാനിലാണ്‌ അത്‌‌ലറ്റികോയുടെ പ്രതീക്ഷ.എഫ‌്എ കപ്പ‌് ക്വാർട്ടറിലെത്തിയതിന്റെ ആവേശത്തിലാണ‌് സിറ്റി ചാമ്പ്യൻസ‌് ലീഗിൽ ഇന്ന‌് ഷാൽക്കെയെ നേരിടുന്നത‌്. മികച്ച പ്രകടനമാണ‌് സമീപകാലത്ത‌് സിറ്റി പുറത്തെടുക്കുന്നത‌്. ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ചെൽസിയെ ആറ‌ു ഗോളിന‌് തകർത്താണ‌് സിറ്റി വരുന്നത‌്. പിന്നാലെ എഫ‌്എ കപ്പിൽ ന്യൂപോർട്ട‌് കൺട്രിയെയും തകർത്തു. സെർജിയോ അഗ്വേറോ, റഹീം സ‌്റ്റെർലിങ‌്, ഗബ്രിയേൽ ജെസ്യൂസ‌് എന്നിവരുൾപ്പെട്ട ആക്രമണനിര സുശക്തം. പോരാത്തതിന‌് യുവതാരം ഫിൽ ഫോഡെനുമുണ്ട‌്. ഷാൽകെയുടെ തട്ടകത്തിലാണ‌് ഇന്ന‌് കളി. ജർമൻ ലീഗിൽ നല്ല നിലയിലല്ല ഷാൽകെ.


പ്രധാന വാർത്തകൾ
 Top