ബെർലിൻ
തുടർച്ചയായ 11–-ാംതവണയും ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള പിഎസ്‌ജിയുടെ ശ്രമം പരാജയപ്പെട്ടു. രണ്ടാംപാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് രണ്ട് ഗോളിന് തോറ്റതോടെ ഒരിക്കൽക്കൂടി ഫ്രഞ്ച് ചാമ്പ്യൻമാർ നിരാശയോടെ മടങ്ങി. ഇരുപാദങ്ങളിലുമായി 3–-0നാണ് തോൽവി. പാരിസിൽ ഒരു ഗോളിന് തോറ്റിരുന്നു.ആധികാരിക പ്രകടനത്തോടെ ബയേൺ ക്വാർട്ടറിലെത്തി. ബയേൺ തട്ടകമായ അലയൻസ് അരീനയിൽ എറിക് മാക്‌സിം ചുപോ മോട്ടിങ്ങും പകരക്കാരനായെത്തിയ സെർജി നാബ്രിയുമാണ് മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യംകണ്ടത്.
കിലിയൻ എംബാപ്പെയും ലയണൽ മെസിയും ഉൾപ്പെട്ട സൂപ്പർ താരനിര ഉണ്ടായിട്ടും പിഎസ്‌ജിക്ക് ബയേണിനെതിരെ ഒരുചലനവും ഉണ്ടാക്കാനായില്ല. പരിക്കുകാരണം നെയ്‌മർ പിഎസ്‌ജി നിരയിലുണ്ടായില്ല. ജോഷ്വ കിമ്മിച്ചും ലിയോൺ ഗൊറെസ്‌കയും ജമാൽ മുസിയാലയും ഉൾപ്പെട്ട ബയേൺ മധ്യനിര പിഎസ്‌ജിയുടെ പദ്ധതികളെ തകർത്തുകളഞ്ഞു. പ്രത്യേകിച്ചും രണ്ടാംപകുതിയിൽ. വിതീന്യയുടെ ഷോട്ട് ബയേൺ പ്രതിരോധക്കാരൻ മാതിസ് ഡിലിറ്റ് ഗോൾവരയ്ക്കുമുന്നിൽനിന്ന് തടഞ്ഞതാണ് പിഎസ്‌ജി കളിയിലുണ്ടാക്കിയ ഏകനീക്കം. ഒരുതവണ സെർജിയോ റാമോസിന്റെ ഹെഡ്ഡർ ഗോൾകീപ്പർ യാൻ സോമ്മെർ തട്ടിയകറ്റി. ഒരിക്കൽകൂടി ചാമ്പ്യൻസ് ലീഗ് മോഹം പൊലിഞ്ഞതോടെ പിഎസ്‌ജി വലിയ മാറ്റങ്ങൾ ഭാവിയിൽ വരുത്തുമെന്നാണ് സൂചന. പരിശീലകൻ ക്രിസ്‌റ്റഫ് ഗാൾട്ടിയർക്ക് സ്ഥാനം നഷ്ടമായേക്കും.
വൻതുക മുടക്കി കളിക്കാരെ എത്തിച്ചിട്ടും അതിനനുസരിച്ചുള്ള പ്രകടനങ്ങൾ ടീമിൽനിന്ന് ഇല്ലാത്തതിൽ ക്ലബ് ഉടമകൾക്ക് നിരാശയുണ്ട്. ആഭ്യന്തര കിരീടങ്ങളില്ലാതെ പിഎസ്‌ജിക്ക് മറ്റൊന്നും നേടാനാകുന്നില്ല. എംബാപ്പെ–-മെസി–-നെയ്‌മർ സഖ്യം ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു.
ഇരുപത്തിനാലുകാരനായ എംബാപ്പെയുടെ കാര്യത്തിൽ പിഎസ്‌ജി വലിയ പ്രതീക്ഷയുണ്ട്. ഈ ഫ്രഞ്ച് മുന്നേറ്റക്കാരനെ ടീമിൽ നിലനിർത്താനാണ് അവരുടെ ആഗ്രഹം. അതേസമയം, അർജന്റീനയുടെ ലോകകപ്പ് ഹീറോ മെസിയുടെ കരാർ ഈ സീസണിൽ അവസാനിക്കുകയാണ്. മെസി ഇതുവരെ കരാർ പുതുക്കിയിട്ടില്ല. ബയേണുമായുള്ള മത്സരത്തിനുപിന്നാലെ മെസിയുടെ കരാർ പുതുക്കുന്നതിൽ പിഎസ്‌ജിക്കും താൽപ്പര്യം കുറഞ്ഞതായാണ് സൂചന. മുപ്പത്തഞ്ചുകാരന് പഴയ പ്രഭാവമില്ല. ബയേൺ മധ്യനിരക്കാരൻ ഗൊറെസ്‌ക കൃത്യമായി മെസിയുടെ വേഗത്തെ മറികടന്ന് പന്ത് കൈക്കലാക്കി.
നെയ്‌മറുടെ കാര്യത്തിൽ പരിക്കാണ് പ്രശ്‌നം. നിർണായക മത്സരത്തിൽ പരിക്കുകാരണം ബ്രസീലുകാരന് കളിക്കാനുമായില്ല. ഈ സീസണിൽ ഇനി കളത്തിലിറങ്ങാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ ഈ മുപ്പത്തൊന്നുകാരനെ വിൽക്കാൻ പിഎസ്‌ജി പദ്ധതിയിട്ടിരുന്നു. വരുംസീസണിൽ നെയ്‌മറെ വിറ്റേക്കും. മുൻ റയൽ മാഡ്രിഡ് പ്രതിരോധക്കാരൻ റാമോസിനും അടുത്ത സീസണിൽ അവസരമുണ്ടായേക്കില്ല.ഇരുപാദങ്ങളിലുമായി ടോട്ടനം ഹോട്സ്--പറിനെ ഒരു ഗോളിന് തോൽപ്പിച്ച് എസി മിലാനും ക്വാർട്ടറിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..