സാൻസിറോ
ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിൽ. നാട്ടങ്കത്തിൽ പാരമ്പര്യ എതിരാളികളായ എസി മിലാനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ആദ്യപാദത്തിൽ രണ്ട് ഗോളിന് ജയിച്ച ഇന്റർ രണ്ടാംപാദം 1–-0ന് നേടി. ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസിന്റെ ഗോളിലാണ് ജയമുറപ്പിച്ചത്. മൂന്നുതവണ ജേതാക്കളായ ഇന്റർ 13 വർഷത്തിനുശേഷമാണ് ഫൈനലിൽ ഇടംപിടിക്കുന്നത്. തുർക്കിയിലെ ഇസ്‌താംബുളിൽ ജൂൺ 10നാണ് കിരീടപ്പോരാട്ടം.
ആദ്യപാദത്തിലെ മിന്നുംജയത്തിന്റെ ആത്മവിശ്വാസം ഇന്ററിന്റെ കാലുകളിലുണ്ടായിരുന്നു. അച്ചടക്കത്തോടെ പന്തുതട്ടി. ആക്രമിക്കേണ്ടിടത്ത് വിട്ടുവീഴ്‌ച വേണ്ടെന്നും പ്രതിരോധം മറക്കരുതെന്നുമായിരുന്നു പരിശീലകൻ സിമോൺ ഇൻസാഗിയുടെ ഉപദേശം. കളിക്കാരിത് സുന്ദരമായി നടപ്പാക്കി. ആകെ 19 ഷോട്ടുകൾ പായിച്ചു. മിലാനാകട്ടെ ആറിൽ ഒതുങ്ങി. പരിക്കുമാറി കളത്തിലെത്തിയ മുന്നേറ്റക്കാരൻ റാഫേൽ ലിയാവോക്ക് സ്വാധീനമുണ്ടാക്കാനായില്ല. തിയോ ഹെർണാണ്ടസ് പന്ത് പുറത്തേക്കടിച്ചപ്പോൾ ബ്രാഹിം ഡയസിന്റെ ഷോട്ട് ഇന്റർ ഗോൾകീപ്പർ ആന്ദ്രെ ഒനാന രക്ഷപ്പെടുത്തി. ഇതായിരുന്നു കളിയിൽ മിലാന്റേതായ നിമിഷം. ഇതിനിടെ ആദ്യപകുതിയവസാനം ഇന്ററിന് അവസരമുണ്ടായി. എഡിൻ സെക്കോയുടെ ഹെഡ്ഡർ എസി മിലാൻ ഗോളി മൈക്ക് മൈഗ്‌നാൻ തട്ടിയകറ്റി.
കളിതീരാൻ 16 മിനിറ്റ് ശേഷിക്കെയാണ് ലൗതാരോയുടെ ഗോളെത്തിയത്. ബോക്‌സിൽനിന്ന് റൊമേലു ലുക്കാക്കു നൽകിയ പന്ത് ഇടതുവശത്തുനിന്ന് മാർട്ടിനെസ് തൊടുത്തു. ഗോളി മൈഗ്‌നാൻ തടയാനൊരുങ്ങിയെങ്കിലും കാലിന്റെയും കൈയിന്റെയും അരികിലൂടെ പന്ത് വലകയറി. ചാമ്പ്യൻസ് ലീഗിൽ 20 വർഷങ്ങൾക്കുശേഷമാണ് മിലാൻ ടീമുകൾ ഏറ്റുമുട്ടിയത്. സാൻസിറോയിൽ കളി കാണാനെത്തിയത് 80,000 പേരാണ്. യൂറോപ്പിൽ ഇത് ആറാംഫൈനലാണ് ഇന്ററിന്. 1964, 1965, 2010 വർഷങ്ങളിൽ കിരീടം ചൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..