21 September Monday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്‌റ്റർ സിറ്റി ‐ ല്യോൺ ക്വാർട്ടർ; റയൽ, യുവന്റസ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

ലണ്ടൻ/ടൂറിൻ > യൂറോപ്പിന്റെ ചക്രവർത്തിയാകാനുള്ള റയൽ മാഡ്രിഡിന്റെയും യുവന്റസിന്റെയും മോഹം പൊലിഞ്ഞു. പതിമൂന്നുവട്ടം ചാമ്പ്യൻസ്‌ ലീഗിൽ മുത്തമിട്ട റയലിനെ മാഞ്ചസ്റ്റർ സിറ്റി വീഴ്‌ത്തി (4–-2). ഇത്തിഹാദിൽ നടന്ന രണ്ടാംപാദ പ്രീ ക്വാർട്ടറിൽ 2–-1നായിരുന്നു റയലിന്റെ തോൽവി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ രണ്ടാംപാദത്തിൽ ജയം പിടിച്ചെങ്കിലും ല്യോണിനുമുന്നിൽ യുവന്റസിന്‌ അടിപതറി (2–-2).  എതിർതട്ടകത്തിൽ നേടിയ ഗോൾ ല്യോണിന്‌ അനുഗ്രഹമായി. ആദ്യപാദം ഒരു ഗോളിന്‌ ഫ്രഞ്ച്‌ ടീം നേടിയിരുന്നു.

ക്വാർട്ടറിൽ ചൊവ്വാഴ്‌ച സിറ്റിയും ല്യോണും ഏറ്റുമുട്ടും. ലിസ്‌ബണിലാണ് മത്സരം. മൂന്നുഗോൾ ജയം ലക്ഷ്യമിട്ടായിരുന്നു സിനദിൻ സിദാന്റെ റയൽ ലണ്ടനിലെത്തിയത്‌. പ്രതിരോധപിഴവുകളാണ്‌ അവർക്ക്‌‌ തിരിച്ചടിയായത്‌. സസ്‌പെൻഷനിലായ ക്യാപ്‌റ്റൻ സെർജിയോ റാമോസിന്റെ അഭാവം അവരെ തളർത്തി. പിൻനിരയിലെ രണ്ടാമൻ റാഫേൽ വരാനെയുടെ തെറ്റുകൾ മുതലെടുത്ത്‌ ഗബ്രിയേൽ ജെസ്യൂസാണ്‌ സിറ്റിയെ വിജയത്തിലേക്ക്‌ ഉയർത്തിയത്‌. ബ്രസീലുകാരൻ ഒരു ഗോൾ കുറിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌തു. കളിയുടെ ഒമ്പതാംമിനിറ്റിലാണ്‌ ആദ്യഗോൾ വന്നത്‌. ഗോൾമുഖത്ത്‌ വരാനെയിൽനിന്ന്‌ പന്ത്‌ റാഞ്ചിയ ജെസ്യൂസ്‌ റഹിം സ്‌റ്റെർലിങ്ങിന്‌ നൽകി. സിറ്റിക്കായുള്ള നൂറാംഗോൾ സ്‌റ്റെർലിങ്‌ കണ്ടെത്തി. കരീം ബെൻസെമ റയലിനെ ഒപ്പമെത്തിച്ചെങ്കിലും പെപ്‌ ഗ്വാർഡിയോളയുടെ സിറ്റി അടങ്ങിയില്ല. രണ്ടാംപകുതി വരാനെയുടെ പിഴവിൽ ജെസ്യൂസ് അവരുടെ ക്വാർട്ടർസ്ഥാനം‌ ഉറപ്പിച്ചു.

കഴിഞ്ഞ കളികളിലെ മോശം പ്രകടനം ആവർത്തിച്ചു യുവന്റസ്‌. ല്യോണിനെതിരെ രണ്ടുഗോൾ ജയം മതിയായിരുന്നു. ആദ്യകളി നേടിയ ല്യോൺ എതിർതട്ടകത്തിൽ തുടക്കത്തിലേ ഒരു ഗോൾ നേടി യുവന്റസിനെ സമ്മർദത്തിലാക്കി. പെനൽറ്റിയിലൂടെ മെംഫിസ്‌ ഡിപെയാണ്‌ വലകുലുക്കിയത്‌. പെനൽറ്റിയിലൂടെതന്നെ  റൊണാൾഡോ ഒരു ഗോൾ മടക്കി. രണ്ടാംപകുതിയും ഒന്നുകൂടി പോർച്ചുഗീസുകാരൻ ലക്ഷ്യത്തിലെത്തിയെങ്കിലും അവസാന എട്ടിലെത്താൻ യുവന്റസിന്‌ അത്‌ മതിയായിരുന്നില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top