Deshabhimani

ഓസ്‌ട്രേലിയയെ അതേ നാണയത്തിൽ തിരിച്ചടിച്ച്‌ ഇന്ത്യ; പട നയിച്ച് ക്യാപ്‌റ്റൻ ബുമ്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 04:12 PM | 0 min read

പെർത്ത് > ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം രേഖപ്പെടുത്തിയത്‌ പേസർമാരുടെ പേരിൽ. ടോസ്‌ നേടി ബാറ്റിങ്‌ ആരംഭിച്ച ഇന്ത്യയുടെ ഇന്നിങ്‌സ്‌ 150 റൺസിന്‌ ഓസീസ്‌ ബൗളർമാർ അവസാനിപ്പിച്ചു. എന്നാൽ ഇന്ത്യയും അതേ നാണയത്തിൽ ഓസീസിനെ തിരിച്ചടിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയയ്‌ക്ക്‌ 67 റൺസെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റുകളാണ്‌ നഷ്ടപ്പെട്ടത്‌.

ക്യാപ്‌റ്റൻ ജസ്‌പ്രീത്‌ ബുമ്ര തന്നെയാണ്‌ ഓസീസ്‌ ബാറ്റിങ്‌ നിരയുടെ നടുവൊടിച്ചത്‌. ബുമ്ര നാല്‌ വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുഹമ്മദ്‌ സിറാജ്‌ രണ്ടും ഹർഷിത്‌ റാണ ഒരു വിക്കറ്റും വീഴ്‌ത്തി. നിലവിൽ അലക്‌സ്‌ കാരിയും (19) മിച്ചൽ സ്റ്റാർക്കുമാണ് (6) ക്രീസിലുള്ളത്‌. ബുമ്രയുടെ പ്രകടനം തന്നെയാണ്‌ ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. 10 ഓവറുകൾ പൂർത്തിയാക്കിയ ബുമ്ര 17 റൺസ്‌ മാത്രമേ വിട്ട്‌ കൊടുത്തുള്ളൂ. മൂന്ന്‌ മെയ്‌ഡൻ ഓവറുകളും ഇതിലുൾപ്പെടും.

ആദ്യ ഇന്നിങ്‌സിൽ ദയനീയ തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക്‌ ലഭിച്ചത്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 150 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക്‌ വിക്കറ്റുകളെല്ലാം നഷ്‌ടമായി. നാല്‌ വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ്‌ ഹാസൽവുഡിന്റെ പ്രകടനമാണ്‌ ഇന്ത്യയെ 150ൽ ഒതുക്കിയത്‌.

ക്യാപ്‌റ്റൻ രോഹിത്‌ ശർമ ഇല്ലാതെ പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ താരങ്ങളിൽ നാല് പേർക്ക് മാത്രമേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. അതിൽ നിതീഷ് കുമാർ റെഡ്ഡി 41ഉം ഋഷഭ് പന്ത് 37ഉം റൺസെടുത്തുപ്പോൾ ഓപ്പണറായി ക്രീസിലെത്തിയ കെ എൽ രാഹുൽ 26 റൺസെടുത്തു.  ധ്രുവ് ജുറലാണ് രണ്ടക്കം (11) കടന്ന മറ്റൊരു തരാം. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എിന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.



deshabhimani section

Related News

0 comments
Sort by

Home