Deshabhimani

ബ്ലാസ്‌റ്റേഴ്‌സ്‌ മങ്ങുന്നു, കാണികൾ മടങ്ങുന്നു;പിഴവ്‌, തോൽവി... തുടർക്കഥ

വെബ് ഡെസ്ക്

Published on Dec 01, 2024, 01:31 AM | 0 min read

കൊച്ചി > ‘അതെങ്ങനെ ഗോളായെന്ന്‌ ഇപ്പോഴും എനിക്ക്‌ മനസ്സിലാകുന്നില്ല. എന്റെ കണ്ണിൽ അതൊരു ഗോൾസാധ്യത പോലുമല്ലായിരുന്നു. 100ൽ 99 തവണയും സച്ചിൻ സുരേഷിന്‌ തടയാൻ കഴിയുന്ന പന്ത്‌’–- ഐഎസ്‌എല്ലിൽ എഫ്‌സി ഗോവയോട്‌ തോറ്റശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ മിക്കേൽ സ്‌റ്റാറേയുടെ പ്രതികരണം.

ഗോൾ കീപ്പർമാരുടെ പിഴവുകൊണ്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോൽക്കുന്ന ആദ്യകളിയല്ലിത്‌. ഗോവയ്‌ക്കെതിരായ കളിയിൽ ബോറിസ്‌ സിങ്ങിന്റെ ഷോട്ടാണ്‌ സച്ചിൻ സുരേഷിന്റെ കൈയിൽ തട്ടി വലയിൽ കയറിയത്‌. കൃത്യമായി കൈയിലേക്ക്‌ വന്ന പന്താണ് സച്ചിൻ വലയിലേക്ക്‌ തട്ടിയത്‌. അതുവരെ കളിയിലുണ്ടായിരുന്ന നിയന്ത്രണം ബ്ലാസ്‌റ്റേഴ്‌സിന്‌ നഷ്ടമായ നിമിഷം.പത്തു മത്സരം പൂർത്തിയാകുമ്പോൾ അഞ്ചാംതോൽവി വഴങ്ങി മോശം അവസ്ഥയിലാണ്‌ സ്‌റ്റാറേയുടെ സംഘം. ഗോവയോടുള്ള ഒറ്റ ഗോൾ തോൽവി ഇരട്ടപ്രഹരമായി.

സീസണിൽ ആകെ 17 ഗോളാണ്‌ ടീം വഴങ്ങിയത്‌. ഒരു കളിയിൽമാത്രം ഗോൾ വഴങ്ങിയില്ല. സച്ചിനും രണ്ടാം ഗോൾകീപ്പർ സോം കുമാറും പിഴവുകൾ വരുത്തുന്നതിൽ മത്സരിച്ചു. അഞ്ച്‌ പെനൽറ്റിയാണ്‌ വഴങ്ങിയത്‌. ഒന്നുപോലും തടയാനായിട്ടില്ല. അടിച്ചത്‌ 15 ഗോൾ.
ഗോൾ കീപ്പിങ്‌ മാത്രമല്ല പ്രതിരോധത്തിൽ മുഴുവൻ മങ്ങിയ പ്രകടനമാണ്‌. പ്രതിരോധരംഗത്ത്‌ ഇതുവരെ ഒരു നല്ല കൂട്ടുകെട്ടുണ്ടാക്കാനായിട്ടില്ല. പ്രീതം കോട്ടൽ തന്റെ നല്ല കാലത്തിലല്ല. റുയ്‌വാ ഹോർമിപാമും മിലോസ്‌ ഡ്രിൻസിച്ചും ഒത്തിണക്കം കാട്ടുന്നില്ല.

മുന്നേറ്റത്തിൽ അവസരങ്ങൾ മുതലാക്കുന്നതിൽ പിന്നിലാണ്‌. ഗോവയ്‌ക്കെതിരെ ആദ്യഘട്ടത്തിൽ കിട്ടിയ അവസരങ്ങൾ തുലയ്‌ക്കുകയായിരുന്നു. ബോക്‌സ്‌ വരെ കുതിച്ച്‌ പിന്നെ തളർച്ച. നോഹ സദൂയിക്കും ഹെസ്യൂസ്‌ ഹിമിനെസിനും മികവ്‌ നിലനിർത്താനാകാത്തതും തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ്‌ നീക്കങ്ങളുടെ ഹൃദയമായിരുന്ന അഡ്രിയാൻ ലൂണ മങ്ങിയതും ഈ സീസണിൽ കളിനിലവാരത്തെ ബാധിച്ചു.

വളരെ എളുപ്പത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാരുടെ കാലിൽനിന്ന്‌ പന്ത്‌ നഷ്ടപ്പെടുന്നത്‌. തിരിച്ചുപിടിക്കാനുള്ള ആസൂത്രണമോ അതിനുള്ള മികവോ കാണാനില്ല. സ്ഥാനം തെറ്റിനിൽക്കുന്ന കളിക്കാരും ഭാവനാശൂന്യമായ നീക്കങ്ങളുമാണ്‌ കളത്തിൽ. സ്വന്തം തട്ടകത്തിലുണ്ടായ ആധിപത്യംകൂടിയാണ്‌ ഇക്കുറി നഷ്ടമായത്‌. ആറിൽ നാലു കളിയും കൊച്ചിയിലാണ്‌ തോറ്റത്‌. തോൽവികൾ കാണികളെയും ബാധിച്ചു. അവസാന രണ്ടു മത്സരങ്ങളിൽ കാണികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

പ്ലേ ഓഫ്‌ സാധ്യത നിലനിർത്താൻ ബ്ലാസ്‌റ്റേഴ്‌സിന്‌ ഈ കളി പോരാ. അടുത്തത്‌ രണ്ടും എതിർതട്ടകത്തിൽ കടുത്ത പോരാട്ടങ്ങളാണ്‌.
രണ്ടാമത് നിൽക്കുന്ന ബംഗളൂരിനെ ഏഴിന്‌ നേരിടും. 14ന്‌ കൊൽക്കത്തയിൽ ഒന്നാംസ്ഥാനക്കാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ്‌ തുടർന്നുള്ള പോരാട്ടം.
 



deshabhimani section

Related News

0 comments
Sort by

Home