02 October Monday

റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022

മുംബൈ > ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രസിഡന്റായി റോജർ ബിന്നിയെ പ്രഖ്യാപിച്ചു. ബിസിസിഐ വാർഷിക യോഗത്തിലാണ്‌ തീരുമാനം. 1983ൽ ഏകദിന ലോകകപ്പ്‌ നേടിയ ടീം അംഗമാണ്‌. സൗരവ്‌ ഗാംഗുലി വീണ്ടും മത്സരിക്കാത്ത സാഹചര്യത്തിലാണ്‌ മുൻ ഓൾറൗണ്ടറെ ഭരണസമിതിയുടെ തലപ്പത്തേക്ക്‌ കൊണ്ടുവന്നത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ ഷാ സെക്രട്ടറിയായി തുടരും. ബിജെപി അംഗമാകാൻ തയ്യാറാകാതിരുന്നതാണ്‌ ഗാംഗുലിയെ വീണ്ടും പരിഗണിക്കാതിരിക്കാൻ കാരണം. ഐപിഎൽ ചെയർമാൻ പദവി വാഗ്‌ദാനം ചെയ്‌തെങ്കിലും ഗാംഗുലി തയ്യാറായില്ല.

രാജീവ്‌ ശുക്ല വൈസ്‌ പ്രസിഡന്റായി തുടരും. ദേവജിത്ത്‌ ലോൺ സൈകിയയാണ്‌ ജോയിന്റ്‌ സെക്രട്ടറി. ആഷിഷ്‌ ഷെലർ ട്രഷററാണ്‌. ഐപിഎൽ ചെയർമാനായി അരുൺ സിങ് ധുമാലിനെ തെരഞ്ഞെടുത്തു. എല്ലാ  സ്ഥാനത്തേക്കും ഓരോ സ്ഥാനാർഥികളെ ഉണ്ടായിരുന്നുള്ളു. രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) പ്രതിനിധിയെ തെരഞ്ഞെടുത്തിട്ടില്ല.

കർണാടക ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റാണ്‌ അറുപത്തേഴുകാരനായ ബിന്നി. 1979–-1987 കാലത്ത്‌ ദേശീയ ടീമിൽ അംഗമായിരുന്നു. 27 ടെസ്‌റ്റിൽ 47 വിക്കറ്റെടുത്തു. 72 ഏകദിനത്തിൽ 77 വിക്കറ്റ്‌. 1983 ലോകകപ്പിൽ എട്ട്‌ കളിയിൽ 18 വിക്കറ്റെടുത്ത്‌ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. കോച്ചായും സെലക്‌ടറായും അസോസിയേഷൻ ഭാരവാഹിയായും തിളങ്ങി.

സൗരവ്‌ ഗാംഗലി ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റായി തിരിച്ചെത്തും. 22ന്‌ അദ്ദേഹം പത്രിക നൽകുമെന്നാണ്‌ സൂചന. ബിസിസിഐ പ്രസിഡന്റാകുന്നതിനുമുമ്പ്‌ ബംഗാൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഒരു പദവിയിലും എല്ലാകാലത്തും തുടരാനാകില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top