കൊച്ചി > മുന്നേറ്റത്തിന് മൂർച്ചവേണം. അർധാവസരങ്ങളെപ്പോലും വലയിലേക്ക് തൊടുക്കാനുള്ള മിടുക്കുണ്ടാകണം. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ കണ്ടത് ആ മൂർച്ചയായിരുന്നു. ബർതലോമേവ് ഒഗ്ബെച്ചെ എന്ന നൈജീരിയക്കാരനാണ് ഈ മാറ്റത്തിനു കാരണം. ഇരട്ടഗോളുമായി ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിൽ വരവറിയിച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി 12 ഗോളാണ് ഈ മുപ്പത്തഞ്ചുകാരൻ അടിച്ചുകൂട്ടിയത്. നാലെണ്ണത്തിന് അവസരമൊരുക്കി. അന്ന് ഷട്ടോരിയായിരുന്നു നോർത്ത് ഈസ്റ്റ് പരിശീലകൻ. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിക്കെതിരെ പത്ത് മിനിറ്റിനുള്ളിൽ ഹാട്രിക് അടിച്ച് ഒഗ്ബെച്ചെ അത്ഭുതപ്പെടുത്തി. ആ ശാരീരിക മികവിനൊപ്പം പിടിച്ചുനിൽക്കാനായില്ല എതിർ പ്രതിരോധക്കാർക്ക്.
ഷട്ടോരി കൊച്ചിയിലേക്ക് വരുമ്പോൾ പ്രിയ ശിഷ്യനെയും ഒപ്പംകൂട്ടി. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലായിരുന്നു തുടക്കം. പതിനാറാം വയസ്സിൽ. 75 കളിയിൽ എട്ട് ഗോൾ. പരിക്കുകാരണം അവസരങ്ങൾ കുറവായിരുന്നു. യുഎഇ ക്ലബ് അൽ ജസീറ, സ്പാനിഷ് ക്ലബ്ബുകളായ അലാവെസ്, വല്ലാഡോളിഡ്, ഇംഗ്ലീഷ് ക്ലബ് മിഡിൽസ്ബ്രോ എന്നിവയ്ക്കു വേണ്ടിയും കളിച്ചു.
നൈജീരിയക്കുവേണ്ടി 17–-ാം വയസ്സിൽ അരങ്ങേറി. 2002ലെ ലോകകപ്പും കളിച്ചു. മുപ്പത്തഞ്ചാം വയസ്സിലും ഗോളടി മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് കൊച്ചിയിൽ ഒഗ്ബെച്ചെ തെളിയിച്ചു. കഴിഞ്ഞ സീസണിൽ ഉറുഗ്വേക്കാരൻ ഫെഡെറികോ ഗല്ലെഗോയുമായി ചേർന്നായിരുന്നു ഒഗ്ബെച്ചെയുടെ ഗോൾവേട്ട. ‘ഗല്ലെഗോയുമായുള്ള കൂട്ടുകെട്ട് മറക്കാനാകില്ല. സഹകളിക്കാരനുമപ്പുറത്തുള്ള ബന്ധമായിരുന്നു ഗല്ലെഗോയുമായി. അത്രയും സുന്ദരമായ നിമിഷങ്ങളായിരുന്നു കളത്തിൽ. ബ്ലാസ്റ്റേഴ്സിലും അതുപോലുള്ള ബന്ധങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ–- ഒഗ്ബെച്ചെ പറയുന്നു.
24ന് മുംബൈ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരം. ഒഗ്ബെച്ചെയുടെ കാലുകളിൽ തീപ്പൊരി ചിതറണമെങ്കിൽ കൂട്ടിന് നല്ലൊരു പങ്കാളികൂടി വേണം. ആദ്യ കളിയിൽ സഹതാരങ്ങളിൽനിന്ന് പിന്തുണ കിട്ടി. കെ പ്രശാന്തും കാർണെൽ ജെർണെയ്റോയുമെല്ലാം ഒഗ്ബെച്ചെയ്ക്ക് പന്തൊഴുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..