23 April Friday

ബാഴ്‌സയിൽ റെയ്‌ഡ്‌, അറസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


നൗകാമ്പ്‌
ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബിൽ തീയണയുന്നില്ല. കളിക്കാരെ അപകീർത്തിപ്പെടുത്താൻ മാനേജ്‌മെന്റ്‌ ഒരുക്കിയ ‘ബാഴ്‌സാഗെയിറ്റ്‌’ വിവാദത്തിൽ ക്ലബ്ബ്‌ ബോർഡിലെ പ്രമുഖരെ അറസ്റ്റ്‌ ചെയ്‌തു. നൗകാമ്പിലെ ഓഫീസിൽ നടത്തിയ റെയ്‌ഡിനുശേഷമായിരുന്നു പൊലീസിന്റെ നടപടി. ക്ലബ്‌ പ്രസിഡന്റായിരുന്ന ജോസെപ്‌ മരിയ ബർത്തമ്യൂ ഉൾപ്പെടെ അറസ്റ്റിലായെന്നാണ്‌ സൂചനകൾ.

മുൻ സിഇഒ ഓസ്‌കാർ ഗ്രോയും കസ്റ്റഡിയിലാണ്‌. എന്നാൽ, ക്ലബ്ബോ പൊലീസോ ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്‌ച ബാഴ്‌സ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേയാണ്‌ നാടകീയ സംഭവങ്ങൾ. ചാമ്പ്യൻസ്‌ ലീഗിലെ പുറത്താകലും പിന്നാലെ ലയണൽ മെസി ടീം വിടാനുള്ള ആഗ്രഹം തുറന്നുപറഞ്ഞതുമെല്ലാം പോയ കാലങ്ങളിൽ ബാഴ്‌സയെ വിവാദത്തിലാക്കിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയും വലച്ചു. പ്രസിഡന്റായിരുന്ന ബർത്തമ്യൂവായിരുന്നു ഇതിന്റെയെല്ലാം പ്രതിസ്ഥാനത്ത്‌. ഒടുവിൽ ഒക്‌ടോബറിൽ ബർത്തമ്യൂ രാജിവച്ചു.

ബാഴ്‌സാഗെയിറ്റിന്റെ മറവിൽ സാമ്പത്തികക്രമക്കേട്‌ ആരോപിച്ചാണ്‌ നിലവിൽ ബോർഡിലെ ഉന്നതരെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ബർത്തമ്യൂവിന്റെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

ബാഴ്‌സാഗെയിറ്റ്‌
ഏറെ വിവാദമായ സംഭവമാണ്‌ ബാഴ്‌സാഗെയിറ്റ്‌. ലയണൽ മെസി ഉൾപ്പെടുന്ന ടീമിലെ കളിക്കാർക്കെതിരെ മാനേജ്‌മെന്റിന്റെ അറിവോടെ സാമൂഹ്യമാധ്യമത്തിൽ നടന്ന മോശം പ്രചാരണത്തെയാണ്‌ ബാഴ്‌സാഗെയിറ്റ് എന്നറിയപ്പെടുന്നത്‌‌.

കഴിഞ്ഞ വർഷമായിരുന്നു ഇത്‌. മാനേജ്‌മെന്റിനെയും പ്രസിഡന്റ ജോസെപ്‌ മരിയ ബർത്തമ്യൂവിനെയും വിമർശിച്ച കളിക്കാരെ നോട്ടമിട്ട്‌ വ്യാജ അക്കൗണ്ടുകളിൽനിന്ന്‌ അപവാദങ്ങൾ പ്രചരിപ്പിച്ചു. ഇതിനായി ഒരു ഏജൻസിയെ മാനേജ്‌മെന്റ്‌ നിയോഗിച്ചു.

പ്രസിഡന്റുൾപ്പെടെയുള്ളവരെ ഉയർത്തിക്കാട്ടുക എന്നതും ഇവരുടെ ജോലിയായിരുന്നു. ഈ ഏജൻസിക്ക്‌ വഴിവിട്ട രീതിയിൽ പണം നൽകിയതിനാണ്‌ നിലവിൽ അറസ്റ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top