സ്റ്റാർക്കിന് 6 വിക്കറ്റ്; ഇന്ത്യ 180ന് പുറത്ത്
അഡ്‌ലെയ്ഡ്> ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ– ഗാവസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 180 റൺസിന് പുറത്തായി. 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറു വിക്കറ്റ് നേട്ടം കൈവരിച്ചു. ക്യാപ്റ്റൻ പാറ്റ് കമിൻസും സ്‌കോട് ബോളൻഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളി. ഓപ്പണർ ജയ്സ്വാൾ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നീട് കെ എൽ രാഹുലും (37) ശുഭ്മാൻ ഗില്ലും (31) ചെറുത്തുനിൽക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ രാഹുലിനെയും കോഹ്‍ലിയെയും (7) വിക്കറ്റിന് മുന്നിൽ വീഴ്ത്തി സ്റ്റാർക്ക് ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു. ഗില്ലിനെയും രോഹിത്തിനെയും (3) സ്‌കോട് ബോളൻഡ് വീഴ്ത്തിയതോടെ ഇന്ത്യ കൂപ്പുകുത്തി. ഋഷഭ് പന്ത് (21) പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച അശ്വിൻ (22)– നിതീഷ് റെഡി സഖ്യം വീണ്ടും പ്രതീക്ഷ നൽകി. അശ്വിനെ പുറത്താക്കി സ്റ്റാർക്കാണ് കൂട്ടുകെട്ടു പൊളിച്ചത്. ബുമ്രയും ഹർഷിത് റാണയും പൂജ്യനായി മടങ്ങി.
0 comments