ഹാങ്‌ചൗ
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് അരങ്ങേറ്റം ഇന്ത്യൻ വനിതകൾ ഗംഭീരമാക്കി. ഫൈനലിൽ ശ്രീലങ്കയെ 19 റണ്ണിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും ഏഷ്യൻ ചാമ്പ്യൻമാരായത്. ബൗളർമാരുടെ പറുദീസയായ ഹാങ്‌ചൗവിലെ പിൻഫെങ് ക്യാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ ടിറ്റാസ് സദുവെന്ന പതിനെട്ടുകാരിയാണ് ലങ്കയുടെ അടിവേരിളക്കിയത്.
ഇന്ത്യ നിശ്‌ചിത 20 ഓവറിൽ 7–-116 റണ്ണെടുത്തു. ലങ്കയുടെ മറുപടി 8–-97ൽ അവസാനിച്ചു. നാലോവിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ ആറ് റൺ മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത സദുവാണ് തുടക്കത്തിൽത്തന്നെ ലങ്കയെ ഉലച്ചുകളഞ്ഞത്. എറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യപന്തിൽത്തന്നെ വിക്കറ്റ് വീഴ്‌ത്തിയ സദു ആ ഓവറിൽ രണ്ടാംവിക്കറ്റും പിഴുതു. ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തുവിനെ (12) വേഗം മടക്കിയതാണ് കളിയിൽ നിർണായകമായത്. ഹസിനി പെരേരയും (25) നിലാക്ഷി ഡി സിൽവയും (23) മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. സ്‌പിന്നർമാർ രംഗത്തെത്തിയതോടെ ആ ചെറുത്തുനിൽപ്പും അവസാനിച്ചു.
രാജേശ്വരി ഗെയ്‌ക്ക്‌വാദ് രണ്ട് വിക്കറ്റെടുത്തു.
വിലക്ക് മാറി ക്യാപ്‌റ്റൻ ഹർമൻപ്രീത് തിരിച്ചെത്തിയ കളിയിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌മൃതി മന്ദാനയും (45 പന്തിൽ 46) ജെമീമ റോഡ്രിഗസും (40 പന്തിൽ 42) മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ, ഇരുവരും മടങ്ങിയതോടെ ഇന്ത്യ തകർന്നു. മറ്റാർക്കും രണ്ടക്കം കാണാനായില്ല. ഹർമൻപ്രീത് രണ്ട് റണ്ണെടുത്ത് പുറത്താകുകയായിരുന്നു. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച ബംഗ്ലാദേശിനാണ് വെങ്കലം. ഇതിനുമുമ്പ് 2010ലും 2014ലും ക്രിക്കറ്റ് മത്സര ഇനമായപ്പോൾ പാകിസ്ഥാനായിരുന്നു ജേതാക്കൾ. പുരുഷ ക്രിക്കറ്റ് ഒക്ടോബർ മൂന്നിന് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..