Deshabhimani

ചൈനയില്‍ ഏഷ്യ ഉദിച്ചു; ഏഷ്യൻ ഗെയിംസിന്‌ പ്രൗഢഗംഭീര തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2023, 11:58 PM | 0 min read

ഹാങ്ചൗ> ഒരു പൂ വിരിയുംപോലെ മനോഹരം. ഒരുമയുടെ മധുരഗീതം പാടി ഏഷ്യ ചൈനയിൽ ഉദിച്ചു. പത്തൊമ്പതാമത്‌ ഏഷ്യൻ ഗെയിംസിന്‌ ഹാങ്ചൗവിൽ പ്രൗഢഗംഭീര തുടക്കം. ഇനി 15 നാൾ ഏഷ്യാ വൻകരയുടെ ആധിപത്യത്തിനായുള്ള പോര്‌. ശബ്‌ദവും വെളിച്ചവും അത്ഭുതവിരുന്നൊരുക്കിയ ഹാങ്ചൗവിലെ ‘ബിഗ്‌ ലോട്ടസ്‌’ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു.

രണ്ടരമണിക്കൂർ നീണ്ട ഉദ്‌ഘാടനച്ചടങ്ങ്‌ ചൈനയുടെ ചരിത്രവും വർത്തമാനവും വിളംബരം ചെയ്യുന്നതായി. കാലം നമിച്ചുപോകുന്ന ഡിജിറ്റൽ വിസ്‌മയമൊരുക്കി ഒരിക്കൽക്കൂടി അമ്പരപ്പിച്ചു. സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളിലേക്ക്‌ വെളിച്ചംവീശിയ  കലാപ്രകടനത്തിനൊടുവിൽ ഗെയിംസ്‌ ദീപം തെളിഞ്ഞു. പരിസ്ഥിതിസൗഹൃദ ഗെയിംസിന്‌ നിർമിതബുദ്ധിയുടെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതായിരുന്നു ഉദ്‌ഘാടനച്ചടങ്ങ്‌. ചൈനയുടെ നീന്തൽ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ വാങ്ഷുൻ ദീപം ജ്വലിപ്പിച്ചു.

സ്‌റ്റേഡിയത്തിൽ നിറഞ്ഞ എൺപതിനായിരംപേരെ സാക്ഷിയാക്കി അത്‌ലീറ്റുകൾ ദേശീയപതാകയുമായി ചുവടുവച്ചു. ഒമ്പതാമതായാണ്‌ ഇന്ത്യൻ താരങ്ങൾ അണിനിരന്നത്‌. ഹോക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങും ബോക്‌സിങ് താരം ലവ്‌ലിന ബൊർഗോഹെയ്‌നും ദേശീയ പതാകയേന്തി.ഒക്‌ടോബർ എട്ടുവരെ നീളുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽനിന്നായി 12,500 കായികതാരങ്ങൾ പങ്കെടുക്കും. 54 വേദികളിൽ 60 ഇനങ്ങളിലാണ്‌ മത്സരം. 61 വിഭാഗത്തിൽ 481 സ്വർണമെഡലുകളാണുള്ളത്‌.കഴിഞ്ഞ പത്ത്‌ ഗെയിംസിലും ചൈനയാണ്‌ ജേതാക്കൾ. അവസാന രണ്ട്‌ ഗെയിംസിലും ഇന്ത്യ എട്ടാമതായിരുന്നു. 655 അംഗ ഇന്ത്യൻ സംഘത്തിൽ 45 മലയാളികളുണ്ട്‌. ഇക്കുറി 100 മെഡലാണ്‌ ലക്ഷ്യം. കഴിഞ്ഞതവണ 70 മെഡലാണ്‌ സമ്പാദ്യം.
 

 



deshabhimani section

Related News

View More
0 comments
Sort by

Home