12 December Thursday

ഓസീസിന്‌ കമ്മിൻസ്‌–പാറ്റിൻസൺ പേസ്‌മുന; ആഷസ്‌ പരമ്പരയ്‌ക്ക്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ബർമിങ്‌ഹാം > മിച്ചെൽ സ്‌റ്റാർകോ ജോഷ്‌ ഹാസെൽവുഡോ അല്ല. ഇക്കുറി ആഷസിൽ ഓസ്‌ട്രേലിയയുടെ പേസ്‌ മുഖങ്ങൾ പാറ്റ്‌ കമ്മിൻസും ജയിംസ്‌ പാറ്റിൻസണുമാണ്‌. സ്‌റ്റാർക്കും ഹാസെൽവുഡും പീറ്റർ സിഡിലുമെല്ലാം ഇവർക്കു പിന്നിലേ വരൂ. ആദ്യ ടെസ്‌റ്റിൽ കമ്മിൻസിനെയും പാറ്റിൻസണിനെയും കളിപ്പിക്കുമെന്ന്‌ ഓസീസ്‌ പരിശീലകൻ ജസ്‌റ്റിൻ ലാംഗർ വ്യക്തമാക്കി. ഇടംകൈയൻ ബാറ്റ്‌സ്‌മാൻ ഉസ്‌മാൻ ഖവാജയും കളിക്കും. നാളെയാണ്‌ ആഷസ്‌ പരമ്പരയ്‌ക്ക്‌ തുടക്കം.

ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിരയെ വിറപ്പിക്കാൻവിധം സ്വിങ്ങും വേഗവുമുണ്ട്‌ പാറ്റിൻസണും കമ്മിൻസിനും. പാറ്റിൻസണിന്റെ തിരിച്ചുവരവാണ്‌. 2016ലാണ്‌ പാറ്റിൻസൺ അവസാനമായി ടെസ്‌റ്റ്‌ കളിച്ചത്‌. ശേഷം പരിക്കുകാരണം പിൻവാങ്ങി.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തോടെയാണ്‌ തിരിച്ചുവരവ്‌. കഴിഞ്ഞ 18 മാസമായി കമ്മിൻസാണ്‌ ഓസീസിന്റെ പ്രധാന ടെസ്‌റ്റ്‌ ബൗളർ. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി സ്‌റ്റാർക്കും ഹാസെൽവുഡും സിഡിലും മത്സരിക്കുന്നു. ഇതിൽ സിഡിലിന്‌ പരിചയസമ്പത്ത്‌ ഗുണം ചെയ്യും. ഓപ്പണറായി ഡേവിഡ്‌ വാർണർ തിരിച്ചെത്തും. ഓപ്പണിങ്‌ പങ്കാളിയായി മാർകസ്‌ ഹാരിസോ കാമറൂൺ ബാൻക്രോഫ്‌റ്റോ എത്തും.


പ്രധാന വാർത്തകൾ
 Top