20 August Tuesday

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌: ഒറ്റ ഷോട്ടിൽ ആഫ്രിക്ക നേടി അൾജീരിയ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കെയ്‌റോ
അൾജീരിയ സെനഗലിന്റെ പോസ്റ്റിലേക്ക്‌ ലക്ഷ്യം വച്ചത്‌ ഒരിക്കൽ മാത്രം. കളി തുടങ്ങി രണ്ടാം മിനിറ്റിൽ ബാഗ്‌ദാദ്‌ ബോനേജായുടെ ഷോട്ട്‌ സെനഗൽ പ്രതിരോധക്കാരൻ സാലിഫ്‌ സാനെയുടെ കാലിൽ തട്ടി വലയിലേക്ക്‌. ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ സെനഗലിനെ കീഴടക്കി അൾജീരിയക്ക്‌ കിരീടം. അറബ്‌ രാജ്യത്തിന്റെ രണ്ടാംകിരീടമാണിത്‌. ഇതിനുമുമ്പ‌് 1990ൽ.

|കന്നിക്കിരീടത്തിന്‌ സെനഗൽ ഇനിയും കാത്തിരിക്കണം. ഗ്രൂപ്പ്‌ ഘട്ടത്തിൽ അൾജീരിയയോട്‌ ഒരു ഗോളിന്‌ തോറ്റതിൽനിന്ന്‌ പാഠം ഉൾക്കൊണ്ടാണ്‌ അവർ കെയ്‌റോ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എത്തിയത്‌. ഫൈനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പന്തുതട്ടി. പക്ഷേ, ചെറിയ പിഴവിന‌് വലിയ വില നൽകേണ്ടിവന്നു. മത്സരം ചൂടുപിടിക്കുംമുമ്പ്‌ അൾജീരിയ മുന്നിലെത്തി. ഇടതുമൂലയിൽനിന്ന്‌ പന്തുമായി കുതിച്ച ബോനേജാ ബോക്‌സിന്‌ പുറത്തുനിന്ന്‌ ലക്ഷ്യമുതിർത്തു. സെനഗൽ പ്രതിരോധക്കാരൻ സാലിഫ്‌ സാനെ തടയാനായി കാലുയർത്തി. സാനെയുടെ കാലുകളിൽ തട്ടി ഉയർന്നു പറന്ന പന്ത്‌ ഗോൾകീപ്പർ ആൽഫ്രഡ്‌ ഗോമസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കൃത്യം വലതുമൂലയിൽ.

അപ്രതീക്ഷിത അടിയിൽ സെനഗൽ പതറിയില്ല. ഉശിരോടെ അവർ അൾജീരിയൻ ഗോൾമുഖത്തേക്ക്‌ പടനയിച്ചു. കളിയിൽ ഭൂരിഭാഗം സമയവും പന്ത്‌ സെനഗലുകാരുടെ കാലുകളിലായിരുന്നു. അൾജീരിയൻ വല കണക്കായി പന്ത്രണ്ടുതവണയാണ്‌ പന്ത്‌ പായിച്ചത്‌.  ലിവർപൂളിന്റെ മുന്നേറ്റക്കാരൻ സാദിയോ മാനെയ്‌ക്ക്‌ അനങ്ങാനായില്ല. ഒത്ത രണ്ടവസരങ്ങൾ എംബായെ നിയാങ്‌ തുലച്ചു.

ഒറ്റഗോളിൽ പ്രതിരോധിച്ചായിരുന്നു അൾജീരിയയുടെ കളി. ഒഴുക്കുള്ള ഒറ്റമുന്നേറ്റവും അവർ നടത്തിയില്ല. മധ്യനിരയിൽ നായകനും മാഞ്ചസ്റ്റർ സിറ്റി താരവുമായ റിയാദ്‌ മെഹ്‌റെസിന്‌ ശോഭിക്കാനായില്ല. കളിയവസാനം അൾജീരിയക്കാരൻ അദ്‌ലെനേ ഗുദൈറയുടെ കൈയിൽ പന്ത്‌ തട്ടിയതിന്‌ റഫറി സെനഗലിന്‌ പെനൽറ്റി അനുവദിച്ചതാണ്‌. പക്ഷേ ‘വാർ’ തടഞ്ഞു. ഒപ്പമെത്താനുള്ള സെനഗൽ നീക്കങ്ങൾക്ക് അൾജീരിയൻ ഗോളി റയീസ്‌ എംബോൽഹിയും വിലങ്ങുതടിയായതോടെ ആദ്യകിരീടമെന്ന സ്വപ്‌നം അകന്നുപോയി.


പ്രധാന വാർത്തകൾ
 Top